“അതൊരു വലിയ കഥയാ മോനേ, പറഞ്ഞുതുടങ്ങിയാല്‍ പത്തുമുപ്പതുകൊല്ലത്തെ ചരിത്രം പറയേണ്ടിവരും” - മാസ് ഡയലോഗുമായി മമ്മൂട്ടി; പതിനെട്ടാം പടി ട്രെയിലര്‍ കാണാം!
Last Modified വ്യാഴം, 27 ജൂണ്‍ 2019 (19:47 IST)
മധുരരാജയുടെ വമ്പന്‍ വിജയത്തിനു ശേഷം അതേ കുതിപ്പിലാണ് മമ്മൂട്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച ‘ഉണ്ട’യും. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രം മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്. മെഗാസ്റ്റാറിന്റെ പുതിയ ചിത്രങ്ങള്‍ക്കായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.
ഇനി വരാന്‍ പോകുന്ന മമ്മൂട്ടിച്ചിത്രം ഒരു ഉഗ്രന്‍ സിനിമയാണ്. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത ‘പതിനെട്ടാം പടി’. ചിത്രത്തിലെ മമ്മൂട്ടിയുടെ ഗെറ്റപ്പ് മുമ്പേതന്നെ തരംഗമായി മാറിയിരുന്നു. ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രമായിട്ടാണ് സിനിമയില്‍ മമ്മൂട്ടി എത്തുന്നത്
ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പതിനെട്ടാം പടി. പുതുമുഖ താരങ്ങള്‍ കൂടുതലായി അണിനിരക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, ആര്യ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്‍റെ ട്രെയിലര്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.
രണ്ട് സ്കൂളുകള്‍ തമ്മിലുള്ള പോരാട്ടത്തിന്‍റെ കഥയാണ് പതിനെട്ടാം പടി. പഴയകാലവും പുതിയ കാലവും ചിത്രത്തില്‍ കടന്നുവരുന്നു. മമ്മൂട്ടിയുടെ കഥാപാത്രമാണ് ഏറ്റവും വലിയ സസ്പെന്‍സ്. ട്രെയിലറിന്‍റെ ക്ലൈമാക്സില്‍ മമ്മൂട്ടിയുടെ പഞ്ച് ഡയലോഗാണ് ഏറ്റവും ഞെരിപ്പന്‍. ‘ഹു ആര്‍ യു’ എന്ന ചോദ്യത്തിന് മറുപടിയായി - “അതൊരു വലിയ കഥയാ മോനേ, പറഞ്ഞുതുടങ്ങിയാല്‍ പത്തുമുപ്പതുകൊല്ലത്തെ ചരിത്രം പറയേണ്ടിവരും” എന്ന മാസ് ഡയലോഗാണ് മമ്മൂട്ടിയില്‍ നിന്ന് വരുന്നത്.
മെഗാസ്റ്റാര്‍ ഇതുവരെ ചെയ്യാത്ത തരത്തിലുളള ഒരു കഥാപാത്രമായിരിക്കും സിനിമയിലേതെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.