Last Modified ചൊവ്വ, 25 ഓഗസ്റ്റ് 2015 (18:14 IST)
നിരൂപണങ്ങള്‍ കാറ്റില്‍പ്പറത്തി ജനങ്ങള്‍ ഏറ്റെടുത്ത ‘ലോഹം’ മലയാള സിനിമയുടെ ചരിത്രത്തിലെ റെക്കോര്‍ഡ് വിജയം നേടുകയാണ്. ആറുദിവസം പൂര്‍ത്തിയാകുമ്പോള്‍ ഈ മോഹന്‍ലാല്‍ ചിത്രത്തിന്റെ കളക്ഷന്‍ 10 കോടിയും കടന്ന് കുതിക്കുന്നു. രഞ്ജിത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പണംവാരിച്ചിത്രമാകുകയാണ് ലോഹം.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ഈ സിനിമ ഇതിനകം മുതല്‍മുടക്ക് തിരിച്ചുപിടിച്ചുകഴിഞ്ഞു. ഓണക്കാലത്തെ ആദ്യറിലീസായിരുന്നു ലോഹം. പ്രേക്ഷകര്‍ ആ സിനിമ അറിഞ്ഞാഘോഷിച്ചതോടെ വരുംദിവസങ്ങളിലെ റിലീസ് ചിത്രങ്ങള്‍ അല്‍പ്പം ആശങ്കയിലായിട്ടുണ്ട്. ലോഹത്തിന്റെ പടയോട്ടം മറ്റ് സിനിമകളെ ബാധിക്കുമോ എന്നാണ് ഇന്‍ഡസ്ട്രി ഉറ്റുനോക്കുന്നത്.
രാവണപ്രഭുവോ നരസിംഹമോ പോലെ ഒരു ഹൈഡോസ് ആക്ഷന്‍ ത്രില്ലറല്ലെന്ന അഭിപ്രായം ആദ്യദിനങ്ങളില്‍ ഉയര്‍ന്നെങ്കിലും എല്ലാ അഭിപ്രായങ്ങളും അവഗണിച്ച് പ്രേക്ഷകര്‍ സിനിമ ഏറ്റെടുക്കുകയായിരുന്നു. വലിയ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ മീശപിരിച്ചെത്തിയതോടെ ആരാധകരും ആവേശത്തിലായി.
ആദ്യദിനം തന്നെ ഇന്ത്യയിലെ 250 റിലീസിംഗ് കേന്ദ്രങ്ങളില്‍ നിന്ന് മൂന്നരക്കോടി രൂപ ലോഹത്തിന് കളക്ഷന്‍ ലഭിച്ചിരുന്നു. കേരളത്തില്‍ മാത്രം 141 തിയേറ്ററുകളിലാണ് ലോഹം കളിക്കുന്നത്. കുഞ്ഞുണ്ണി എസ് കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയില്‍ ആന്‍ഡ്രിയ ജെര്‍മിയയാണ് നായിക.
സിദ്ദിക്ക്, രണ്‍ജി പണിക്കര്‍, അബു സലിം എന്നിവരും ഗംഭീര പ്രകടനമാണ് ലോഹത്തില്‍ കാഴ്ചവച്ചിരിക്കുന്നത്.