Last Modified ശനി, 22 ഓഗസ്റ്റ് 2015 (15:52 IST)
ഒരു സംശയമാണ്. ചിലപ്പോഴൊക്കെ സംശയങ്ങള്‍ യാഥാര്‍ത്ഥ്യമാവാറുണ്ട്. ചിലപ്പോള്‍ സംശയങ്ങള്‍ സംശയങ്ങളായിത്തന്നെ നില്‍ക്കുകയും ചെയ്യുന്നു. ‘ബജ്‌റംഗി ബായിജാന്‍’ എന്ന സല്‍മാന്‍ ഖാന്‍ ചിത്രത്തിന്‍റെ കളക്ഷന്‍ 500 കോടിയും കടന്ന് കുതിക്കുമ്പോള്‍ സംശയം അത്ഭുതത്തിലേക്ക് മാറുന്നു.
2004ല്‍ പുറത്തിറങ്ങിയ മമ്മൂട്ടിച്ചിത്രം ‘കാഴ്ച’യുടെ കഥയുമായി ബജ്‌റംഗി ബായിജാനുള്ള അസാധാരണ സാദൃശ്യമാണ് സംശയത്തിനിട നല്‍കുന്നത്. ഗുജറാത്തിലെ ഭൂകമ്പത്തിന്‍റെ അവശേഷിപ്പായ കുട്ടി കേരളത്തിലെത്തുന്നതും അവനെ പാവപ്പെട്ട ഒരു മനുഷ്യന്‍ ജന്‍മസ്ഥലത്ത് കൊണ്ടുചെന്നാക്കുന്നതുമായിരുന്നു കാഴ്ചയുടെ പ്രമേയം. ഭാഷയറിയാതെ കേരളത്തിലെ ഒരു ചെറുപട്ടണത്തില്‍ ചുറ്റിക്കറങ്ങിയ കുട്ടിയെ ദയതോന്നി സ്വന്തം മകനെപ്പോലെ കരുതി സ്നേഹിക്കുന്ന ആ മനുഷ്യന്‍ നമ്മളെയൊക്കെ കരയിച്ചു.
ബജ്‌റംഗി ബായിജാന്‍റെ കഥയും അതാണ്. ഊമയായ ഒരു പാകിസ്ഥാനി പെണ്‍കുട്ടി ഇന്ത്യയില്‍ പെട്ടുപോകുന്നു. നല്ലവനായ സല്‍മാന്‍ ഖാന്‍ അവളെ പാകിസ്ഥാനില്‍ തിരികെയെത്തിക്കുന്നു. വെറും സാദൃശ്യം എന്നുകരുതി മറന്നേക്കാം അല്ലേ. പ്രത്യേകിച്ചും, ബാഹുബലി ഒക്കെ എഴുതിയ കെ വി വിജയേന്ദ്രപ്രസാദാണ് ബജ്‌റംഗി ബായിജാന്‍റെ രചയിതാവ് എന്നിരിക്കെ. ഒരു പത്രവാര്‍ത്തയില്‍ നിന്നാണ് തനിക്ക് ബജ്‌റംഗി ബായിജാന്‍റെ കഥ കിട്ടിയതെന്ന് വിജയേന്ദ്രപ്രസാദ് പലതവണ പറയുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ ഇതിനുള്ളില്‍ വേറൊരു കഥയുണ്ട്. ‘കാഴ്ച’യുടേ കഥയുടെ അവകാശം വര്‍ഷങ്ങള്‍ക്ക് മുമ്പ് 35 ലക്ഷം രൂപയ്ക്ക് റോക്‍ലൈന്‍ വെങ്കിടേഷ് എന്ന നിര്‍മ്മാതാവിന് നല്‍കിയതാണ്. അതേ റോക്‍ലൈന്‍ വെങ്കിടേഷ് തന്നെയാണ് ‘ബജ്‌റംഗി ബായിജാന്‍’ നിര്‍മ്മിച്ചിരിക്കുന്നത്. കാഴ്ചയുടെ ത്രെഡ് സല്‍മാന്‍ സിനിമയ്ക്ക് പ്രേരണയാകാന്‍ സാധ്യതയില്ലേ?