Last Modified തിങ്കള്‍, 4 ജനുവരി 2016 (21:10 IST)
സംവിധായകന്‍ രഞ്ജിത്തിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കി. അസോസിയേഷന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനാണ് നടപടി. രഞ്ജിത് നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്യുന്ന ‘ലീല’യുടെ ചിത്രീകരണം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ സമരത്തില്‍ പങ്കെടുക്കാതെ തുടര്‍ന്നതാണ് രഞ്ജിത്തിനെ പുറത്താക്കുന്ന നടപടിയിലേക്ക് എത്തിച്ചിരിക്കുന്നത്.
രഞ്ജിത്തിന്‍റെ ഉടമസ്ഥതയിലുള്ള കാപിറ്റോള്‍ സിനിമാസിനെയാണ് പുറത്താക്കിയിരിക്കുന്നത്. സമരമായതിനാല്‍ എല്ലാ സിനിമകളുടെയും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നു. ഇത് അനുസരിക്കാതെ ചിത്രീകരണം തുടരാനായിരുന്നു രഞ്ജിത്തിന്‍റെ തീരുമാനം.
ബിജു മേനോന്‍ നായകനാകുന്ന ‘ലീല’യുടെ ഷൂട്ടിംഗ് ജനുവരി ഒന്നിനാണ് ആരംഭിച്ചത്. സിനിമാ സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് 33 ശതമാനം പ്രതിഫല വര്‍ദ്ധനവ് ഫെഫ്ക ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തയ്യാറായില്ല. വേതനവര്‍ദ്ധനവ് തരുന്ന നിര്‍മ്മാതാക്കളുടെ സിനിമ മാത്രം ചെയ്താല്‍ മതിയെന്ന് ഫെഫ്ക തീരുമാനിച്ചിരുന്നു.
രാജീവ് രവി സംവിധാനം ചെയ്യുന്ന ദുല്‍ക്കര്‍ സല്‍മാന്‍ ചിത്രം നിര്‍മ്മിച്ച ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയെയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പുറത്താക്കിയിട്ടുണ്ട്.