മണിരത്നത്തിന് ചിത്രീകരണം തുടരാം

മണിരത്നം
PROPRO
രാമയണകഥയെ അടിസ്ഥാനമാക്കി വിഖ്യാത സംവിധായകന്‍ മണിരത്‌നം ഹിന്ദിയിലും തെന്നിന്ത്യന്‍ ഭാഷകളിലും ഒരുക്കുന്ന 'രാവണ'യുടെ (തമിഴില്‍ 'അശോകവനം') ചിത്രീകരണം തടഞ്ഞ കേരള വനം വകുപ്പിന്‍റെ നടപടി പിന്‍വലിച്ചു.

കര്‍ശനമായ വ്യവസ്ഥകളോടെയാണ്‌ കേരള വനത്തിലുള്ളില്‍ സിനിമയുടെ ചിത്രീകരണം നടത്താന്‍ വനംവകുപ്പ്‌ മന്ത്രി അനുമതി നല്‌കിയിരിക്കുന്നത്‌. മലയാറ്റൂര്‍ വനമേഖലയില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ സിനിമ ചിത്രീകരണം നടത്തിയതായി കണ്ടെത്തിയ സാഹചര്യത്തിലാണ്‌ വനം വകുപ്പ്‌ ഷൂട്ടിങ്ങ്‌ തടഞ്ഞത്‌.

സിനിമയുടെ നിര്‍മ്മാക്കളായ മദ്രാസ്‌ ടാക്കീസിന്‌ വേണ്ടി മണിരത്‌നത്തിന്‍റെ സഹോദരി ശാരദ വനംമന്ത്രിക്ക്‌ നല്‌കിയ നിവേദനം പരിഗണിച്ചാണ്‌ ഷൂട്ടിങ്ങ്‌ തുടരാന്‍ അനുമതി നല്‌കിയത്‌. രാമരാവണ യുദ്ധത്തെ അനുസ്‌മരിപ്പിക്കുന്ന രംഗങ്ങളാണ്‌ വനത്തിനുള്ളില്‍ ചിത്രീകരിക്കാന്‍ പദ്ധതിയിട്ടിരുന്നത്‌.

മലയാറ്റൂര്‍ വനമേഖലയില്‍ അടിക്കാടുകള്‍ വെട്ടിമാറ്റി സെറ്റ്‌ നിര്‍മ്മിച്ചെന്നാണ്‌ വനം വകുപ്പ്‌ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്‌. അറുനൂറോളം പ്രവര്‍ത്തകരാണ്‌ സെറ്റില്‍ ഉണ്ടായിരുന്നത്‌.

ഒരു ദിവസം വനത്തില്‍ ചിത്രീകരണം നടത്തുന്നതിന്‌ പതിനായിരം രൂപ വീതം ഈടാക്കാനാണ്‌ നിര്‍ദേശം. കാട്ടിനുള്ളില്‍ ചിത്രീകരണ സമയത്ത്‌ 150 പേരില്‍ കൂടുതല്‍ ഉണ്ടാകാന്‍ പാടില്ല, സിനിമാ ചിത്രീകരണത്തിനായി സ്‌ഫോടക വസ്‌തുക്കള്‍ ഉപയോഗിക്കരുത്‌, വനത്തില്‍ പ്ലാസ്റ്റിക്‌ ഉപേക്ഷിക്കരുത്‌, തുടങ്ങിയ കര്‍ശന വ്യവസ്ഥകളോടെയാണ്‌ സിനിമക്ക്‌ വീണ്ടും അനുമതി നല്‌കിയിട്ടുള്ളത്‌.

കടുത്ത നിര്‍ദേശങ്ങള്‍ മുന്നോട്ട്‌ വയ്‌ക്കുന്നത്‌ കേരളത്തിലേക്ക്‌ ഷൂട്ടിങ്ങിനെത്തുന്ന അയല്‍സംസ്ഥാന സിനിമകളേയും ചെറു ബജറ്റ്‌ ചിത്രങ്ങളേയും ബാധിക്കുമെന്ന്‌ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌.

എന്നാല്‍ ലഘുബജറ്റ്‌ ചിത്രങ്ങള്‍ക്ക്‌ പ്രതിദിനം 10000 രൂപ എന്ന കാര്യത്തില്‍ ഇളവ്‌ നല്‌കുമെന്ന്‌ വനം വകുപ്പ്‌ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഐശ്വര്യറായി, അഭിഷേക്‌ ബച്ചന്‍, വിക്രം തുടങ്ങിയ താരങ്ങള്‍ സിനിമാചിത്രീകരണത്തിനായി ഇവിടെ എത്തും.

WEBDUNIA|
മണിരത്‌നത്തിന്‍റെ ഷൂട്ടിങ്ങ് തടഞ്ഞു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :