Last Modified ബുധന്‍, 8 ജൂണ്‍ 2016 (12:20 IST)
തമിഴിലെ സൂപ്പര്‍ സംവിധായകന് വെങ്കട് പ്രഭുവിന് മലയാള സിനിമയോട് വലിയ താല്‍പ്പര്യമുണ്ട്. മിക്ക മലയാള സിനിമകളും അദ്ദേഹം കാണും. മലയാളത്തിലെ അഭിനേതാക്കളെയും ഇഷ്ടമാണ്.
വെങ്കട് പ്രഭു സംവിധാനം ചെയ്ത ‘സരോജ’ എന്ന ചിത്രത്തില്‍ വില്ലനായി അഭിനയിച്ചത് മലയാളത്തിന്റെ സ്വന്തം ജയറാമാണ്. പുതിയൊരു സൂചന കോടമ്പാക്കത്തുനിന്ന് ലഭിക്കുന്നത് വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ മലയാളത്തിന്റെ മെഗാതാരം മോഹന്‍ലാലിനെയും പരിഗണിക്കുന്നു എന്നാണ്.
‘ബില്ല 3’ എന്നാണ് വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ പേര്. ബില്ലയിലും ബില്ല 2ലും നായകനായ അജിത് ആയിരിക്കില്ല ബില്ല 3യിലെ ഹീറോ. അത് സാക്ഷാല്‍ ചിമ്പുവാണ്. യുവന് ഷങ്കര്‍ രാജയാണ് സംഗീതം.
ഈ സിനിമയില്‍ ചിമ്പുവിന്റെ എതിരാളിയായ അധോലോകനായകന്റെ വേഷത്തിലേക്ക് മോഹന്‍ലാലിനെയും പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
മങ്കാത്ത, ചെന്നൈ 28, ബിരിയാണി, ഗോവ, സരോജ തുടങ്ങിയവയാണ് വെങ്കട് പ്രഭു സംവിധാനം ചെയ്ത പ്രധാന ചിത്രങ്ങള്‍.