Last Modified വെള്ളി, 17 ജൂണ്‍ 2016 (19:33 IST)
പ്രതികാരം ചെയ്യാന്‍ പൃഥ്വിരാജ് ഒരുങ്ങുകയാണ്. ഓണത്തിന് പ്രതികാരം ചെയ്യാമെന്നാണ് താരം തീരുമാനിച്ചിരിക്കുന്നത്. അതേ, ഈ ഓണത്തിന് പ്രതികാരകഥ പറയുന്ന പൃഥ്വിരാജ് ചിത്രം ‘ഊഴം’ പ്രദര്‍ശനത്തിനെത്തും. ഊഴം പക്ഷേ, ‘മഹേഷിന്‍റെ പ്രതികാരം’ പോലെ സിംപിളായ പ്രതികാരകഥയല്ല.
മെമ്മറീസിനും ദൃശ്യത്തിനും ശേഷം ജീത്തു ജോസഫില്‍ നിന്നും ലഭിക്കുന്ന ത്രില്ലര്‍ എന്ന നിലയില്‍ ഏറെ പ്രതീക്ഷയാണ് ഊഴം ഉണര്‍ത്തിയിരിക്കുന്നത്. ഫൈന്‍ ട്യൂണ്‍ പിക്ചേഴ്സാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ശ്യാംദത്താണ് ഊഴത്തിന്‍റെ ഛായാഗ്രാഹകന്‍. അനില്‍ ജോണ്‍സണാണ് സംഗീതം.
ഒരു ചിലന്തിവല പോലെ വരിഞ്ഞുമുറുക്കുന്ന സംഭവവികാസങ്ങളിലൂടെ കടന്നുപോകുന്ന കഥയാണ് ചിത്രത്തിനായി ജീത്തു ജോസഫ് ഒരുക്കിയിരിക്കുന്നത്.
സൂര്യ എന്ന കഥാപാത്രത്തെയാണ് സൂര്യ ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്.
ദിവ്യാ പിള്ള നായികയാകുന്നു. പൃഥ്വിയുടെ മാതാപിതാക്കളായി ബാലചന്ദ്രമേനോനും സീതയും അഭിനയിക്കുന്നു.
അടിക്കുറിപ്പ്: ഊഴം എന്ന പേരില്‍ നേരത്തേ മലയാളത്തില്‍ ഒരു സിനിമ ഇറങ്ങിയിട്ടുണ്ട്. ഹരികുമാര്‍ സംവിധാനം ചെയ്ത ആ ചിത്രം ഒരു റൌഡിയുടെ വീഴ്ചയുടെ കഥയായിരുന്നു. 1988 ജനുവരി 25നാണ് ദേവന്‍ നായകനായ ആ ചിത്രം പുറത്തിറങ്ങുന്നത്. ജോണ്‍ പോള്‍ ആയിരുന്നു ഊഴത്തിന്‍റെ തിരക്കഥാകൃത്ത്. ‘കാണാനഴകുള്ള മാണിക്യക്കുയിലേ...’ എന്ന സൂപ്പര്‍ഹിറ്റ് ഗാനം ആ ചിത്രത്തിലേതായിരുന്നു.