സിനിമകള്‍ സമൂഹത്തെ സ്വാധീനിക്കുമോ ഇല്ലയോ എന്നത് ഒരു തര്‍ക്കവിഷയമാണ്. നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ അഭിപ്രായത്തില്‍ സിനിമ സമൂഹത്തെ കാര്യമായി സ്വാധീനിക്കാറില്ല. എന്നാല്‍ അന്തരിച്ച ചലച്ചിത്രകാരന് ലോഹിതദാസിന്റെ വിശ്വാസം മറ്റൊന്നായിരുന്നു. സിനിമകള്‍ സമൂഹത്തില്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്തുമെന്ന് അദ്ദേഹം വിശ്വസിച്ചു. അതുകൊണ്ടുതന്നെ ലോഹിയുടെ സിനിമകളെല്ലാം സ്നേഹത്തിലേക്ക് പ്രലോഭിപ്പിക്കുന്നതായിരുന്നു.
ഒരു പ്രതികാര കഥയാണ് അടുത്തിടെ റിലീസായ അഗ്നീപഥ് എന്ന ഹിന്ദി സിനിമ പറയുന്നത്. ഹൃത്വിക് റോഷന് നായകനായ ഈ സിനിമയില്‍ വലിയ വയലന്‍സ് രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചെന്നൈയിലെ അര്‍മേനിയന്‍ സ്ട്രീറ്റിലുള്ള സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യന്‍ സ്കൂളിലെ ക്ലാസ് മുറിയില്‍ വച്ച് ഹിന്ദി അധ്യാപിക ഉമാ മഹേശ്വരിയെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി കുത്തിക്കൊലപ്പെടുത്താന്‍ പ്രചോദനമായത് അഗ്നീപഥ് എന്ന സിനിമയാണത്രെ! ഞെട്ടിപ്പിക്കുന്ന ഈ വിവരം വിദ്യാര്‍ത്ഥി തന്നെയാണ് പൊലീസിനോട് വെളിപ്പെടുത്തിയത്.
“ടീച്ചര്‍ എന്നും എന്നെ വഴക്ക് പറയും. ഈയടുത്ത് എന്റെ റിപ്പോര്‍ട്ട് കാര്‍ഡില്‍ ഞാന്‍ ഒട്ടും പഠിക്കുന്നില്ലെന്ന് ടീച്ചര്‍ എഴുതിച്ചേര്‍ത്തു. ഇത് കണ്ട വീട്ടുകാരില്‍ നിന്ന് എനിക്ക് ചീത്ത കേട്ടു. ടീച്ചറോടുള്ള വെറുപ്പ് കൊലചെയ്യാനുള്ള തീരുമാനമായി മാറുകയായിരുന്നു.” - കൊല നടത്തിയ മുഹമ്മദ് ഇസ്മായീല്‍ എന്ന വിദ്യാര്‍ത്ഥി പറയുന്നു.
അഗ്നീപഥ് കണ്ടതിന്റെ ആവേശത്തില്‍ ക്ലാസ് റൂമിലെത്തിയ വിദ്യാര്‍ത്ഥി അധ്യാപികയെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ തയ്യാറാവാതിരുന്ന കുട്ടിയുടെ മാനസികാവസ്ഥ ആരെയും അമ്പരപ്പിക്കും.
“അരയില്‍ ഒളിപ്പിച്ച് വച്ചിരുന്ന കത്തിയെടുത്ത് പറ്റാവുന്നത്ര ശക്തിയോടെ ടീച്ചറുടെ വയറ്റില്‍ കുത്തിയിറക്കി. വലിച്ചൂരിയെടുത്ത് വീണ്ടും വീണ്ടും കുത്തി. ഞാനിങ്ങനെ ചെയ്യുമെന്ന് ടീച്ചര്‍ വിചാരിച്ച് കാണില്ല. ‘നീയെന്താണീ ചെയ്തത്’ എന്ന് ചോദിച്ചുകൊണ്ട് ടീച്ചര്‍ തറയില്‍ വീണു. ‘എന്നെ രക്ഷിക്കൂ’ എന്ന് ടീച്ചര്‍ അലറിക്കരയുന്നുണ്ടായിരുന്നു. ടീച്ചര്‍ മരിച്ചിട്ടും ഞാന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചില്ല. ശിക്ഷ ഏറ്റുവാങ്ങാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു” - മുഹമ്മദ് ഇസ്മായീല്‍ പൊലീസിനോട് പറഞ്ഞു.
സിനിമകളില്‍ വയലന്‍സ് രംഗങ്ങള്‍ കുത്തിനിറയ്ക്കുന്ന ചലച്ചിത്രപ്രവര്‍ത്തകര്‍ ഈ കുട്ടിയുടെ വാക്കുകള്‍ ശ്രദ്ധിച്ചെങ്കില്‍... ലോഹിതദാസിനെപ്പോലെ സ്നേഹത്തിലേക്ക് പ്രലോഭിപ്പിക്കുന്ന സിനിമകള്‍ സൃഷ്ടിക്കാന്‍ സംവിധായകര്‍ തീരുമാനിച്ചെങ്കില്‍.... സമൂഹത്തെ നന്മയിലേക്ക് നയിക്കുന്ന സിനിമകള്‍ക്കായി കാത്തിരിക്കാം.