ഇന്ദുചൂഢനും നന്ദഗോപാല്‍ മാരാരും വീണ്ടും! ഷാജി കൈലാസിനെ രക്ഷിക്കാന്‍ മമ്മൂട്ടിയും മോഹന്‍ലാലും, തിരക്കഥ രണ്‍ജി പണിക്കരും രഞ്ജിത്തും, ബ്രഹ്മാണ്ഡ സിനിമ ഒരുങ്ങുന്നു!

മമ്മൂട്ടി, മോഹന്‍ലാല്‍, രഞ്ജിത്, രണ്‍ജി പണിക്കര്‍, ഷാജി കൈലാസ്
Last Updated: ശനി, 16 ഓഗസ്റ്റ് 2014 (18:51 IST)
കുറച്ചുദിവസമായി കൊച്ചി കേന്ദ്രീകരിച്ച് വലിയ ആലോചനകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. ഷാജി കൈലാസിന്‍റെ തിരിച്ചുവരവാണ് വിഷയം. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകന്‍‌മാരാക്കി ഒരു വമ്പന്‍ പ്രൊജക്ട് ചെയ്തുകൊണ്ട് ഷാജി കൈലാസ് തിരിച്ചുവരവിനൊരുങ്ങുകയാണ്.

തിരക്കഥ ഒരുക്കുന്നത് ആരാണെന്ന ചോദ്യത്തിന് വലിയ മറുപടിയാണ് കാത്തിരിക്കുന്നത് - രണ്‍ജി പണിക്കരും രഞ്ജിത്തും!

മലയാളത്തിലെ എക്കാലത്തെയും മികച്ച ഡയലോഗുകളുടെ സ്രഷ്ടാക്കള്‍ ആദ്യമായി ഒന്നിച്ചെഴുതുന്ന തിരക്കഥയാണ് ഷാജി കൈലാസ് സംവിധാനം ചെയ്യാനൊരുങ്ങുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും നായകന്മാരാകുന്ന ഈ ആക്ഷന്‍ ചിത്രം നിര്‍മ്മിക്കുന്നതും മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് എന്നാണ് വിവരം.

പ്ലേ ഹൌസും ആശീര്‍വാദ് സിനിമാസും ഈ പ്രൊജക്ടിനായി കൈകോര്‍ക്കുന്നു. നരസിംഹത്തിലെ ഇന്ദുചൂഢനും നന്ദഗോപാല്‍ മാരാരും തമ്മിലുള്ള ബന്ധത്തിന്‍റെ കഥയാണ് സിനിമയാകുന്നതെന്നാണ് പ്രചരിക്കുന്ന ഒരു റിപ്പോര്‍ട്ട്.

കിംഗ് ആന്‍റ് കമ്മീഷണര്‍ തകര്‍ന്നതിന് ശേഷം കോമഡി സിനിമകളുമായി കളം മാറാനൊരുങ്ങിയ ഷാജി കൈലാസ് വീണ്ടും ആക്ഷന്‍ സിനിമകളിലേക്ക് മടങ്ങിവരുകയാണ് ഈ പ്രൊജക്ടിലൂടെ. പത്തുകോടിയിലധികം സാറ്റലൈറ്റ് റൈറ്റ് പ്രതീക്ഷിക്കുന്ന ഈ സിനിമ ഒന്നാന്തരം ഒരു സിനിമാനുഭവമാക്കാനാണ് ശ്രമം നടക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :