‘ക്രിസ്മസ്’ കരുണയുടെ പാഠം

അഭയന്‍.പി.എസ്

WEBDUNIA|

മനുഷ്യന്‍ പ്രകൃതിയോടും സഹജീവികളോടും കരുണ ചൊരിയുവാനാണ് ക്രിസ്മസ് നല്‍കുന്ന സന്ദേശം. പ്രത്യാശയും കരുണയുമാണ് ക്രിസ്തുവിന്‍റെ പിറവിയില്‍ പ്രകാശിതമാകുന്നത്. ആട്ടിടയരും ഭരണാധിപന്‍‌മാരും വാന നിരീക്ഷകരും സമ്പന്നരും ദരിദ്രരും ഉള്‍പ്പടെ മനുഷ്യ സമൂഹവും സകല ജീവ ജാലങ്ങളും അവന്‍റെ മണ്ണിലേക്കുള്ള വരവില്‍ സന്തോഷിക്കുന്നു. പ്രത്യാശിക്കുന്നു. കാരുണ്യമാണ് ക്രിസ്മസ് നല്‍കുന്ന പ്രഥമ ഗണനീയമായ പാഠം.

കാരുണ്യം നഷ്ടമായ പീഡിതരുടെയും നിന്ദിതരുടേയും കാത്തിരിപ്പാണ് അവന്‍റെ ജനനം. അക്രമവും അനീതിയും അവന്‍റെ സാന്നിദ്ധ്യത്തില്‍ എപ്പോഴും അകന്നു നില്‍ക്കുന്നു. അവന്‍ മനുഷ്യരില്‍ വിടര്‍ത്തിയത് സ്നേഹത്തിന്‍റെയും സമാ‍ധാനത്തിന്‍റെയും കരുണയുടേയും നവ്യ സൌരഭ്യമാണ്. അവന്‍റെ ജനനത്തില്‍ ജീവജാലങ്ങളെല്ലാം സന്തോഷിക്കുന്നു.

ഒരു തലമുറയിലേക്ക് ദൈവം ചൊരിഞ്ഞ കാരുണ്യമാണ് ക്രിസ്മസ്. ലോകത്തിന്‍റെ, മനുഷ്യന്‍റെ പാപം ഏറ്റെടുക്കാനുള്ള പിതാവിന്‍റെ കരുണ ക്രിസ്തുവായിരുന്നു. അവന്‍റെ ജനനം തന്നെയാണ് ലോകം കാത്തിരുന്ന സുവിശേഷവും. മണ്ണിനെ സ്വര്‍ഗ്ഗമാക്കിമാറ്റിയതും അവന്‍റെ ജനനം തന്നെ. ആട്ടിടയരും, സത്ര ജീവനക്കാരും, പണ്ഡിതരും ജ്യോതി ശാസ്ത്രജ്ഞരും അവന്‍റെ വരവിനായി സാകൂതം കാത്തിരിക്കുകയായിരുന്നു. തലമുറകളുടെ കാത്തിരുപ്പിനാണ് അവസാനമായത്.

ക്രിസ്തുവിന്‍റെ ജനനം കൊണ്ട് വ്യക്തി ജീവിതത്തിലും സമൂഹ ജീവിതത്തിലും അവന്‍ വിഭാവന ചെയ്യുന്നത് സമാധാന പൂര്‍ണ്ണമായ സഹവര്‍ത്തിത്തമാണ്. സമാധാനവും സ്നേഹവുമാണ് അവന്‍റെ പിറന്നാള്‍ സമ്മാനം. സമാധാനം ആഗ്രഹിക്കുന്നവരും അതിനായി പ്രവര്‍ത്തിക്കുന്നവരും അവന്‍റെ അവകാശികളാണ്.

അതുകൊണ്ട് തന്നെ പ്രപഞ്ചം മുഴുവന്‍ മഹോത്‌സവമാണ് ക്രിസ്മസ്. അക്രമമങ്ങളും അനീതിയും പെരുകുന്ന നമ്മുടെ നാട്ടില്‍ പരസ്പരം സ്നേഹിക്കാനും സഹാനുഭൂതി പ്രകടിപ്പിക്കാനും കരുണ ചൊരിയാനും സമാധാനം വിടര്‍ത്തുവാനുമാണ് ക്രിസ്മസ് നല്‍കുന്ന പാഠം. സമാധാനവും സന്തോഷവും സ്നേഹവും പുലരുന്നിടത്തേ നല്ല ചിന്ത വളരൂ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :