ഞാന്‍ ക്രിസ്മസ്

WEBDUNIA|

പേരുകള്‍ ചിലപ്പോള്‍ വിചിത്രമാകാറുണ്ട്. മാര്‍ക്സ്, ഏംഗല്‍സ്, ലെനിന്‍, മോപ്പസാങ് തുടങ്ങിയ എത്രയോ മഹത്തായ, സമത്വസുന്ദരമായ പേരുകള്‍.

ക്രിസ്മസ് തോമസ് എന്ന് ഒരു പിതാവ് മകന് പേരിട്ടാലോ? ഇട്ടതു തന്നെ. ക്രിസ്മസ് നാളില്‍ ഭൂജാതനായതുകൊണ്ടാണ് എം.ടി.ജോര്‍ജ് തന്‍റെ മകനെ ക്രിസ്മസ് എന്നു പേരു ചൊല്ലി വിളിച്ചത്. ആ ഉണ്ണീശോക്കുഞ്ഞ് പിന്നീട് മുതിര്‍ന്ന് പത്രാധിപരായെന്നു പറഞ്ഞാല്‍ മതിയല്ലോ.

മനോരമയില്‍ (കോട്ടയം) ന്യൂസ് എഡിറ്ററാണ് ക്രിസ്മസ് തോമസ് ഇപ്പോള്‍.

ക്രിസ്മസ് പിന്നീട് തന്‍റെ പേരിന്‍റെ പൊല്ലാപ്പുകളില്‍ നിന്നു തലയൂരാനാവാം പേര് ക്രിസ് എന്നു ചുരുക്കി - & ക്രിസ് തോമസ്.

പിറന്നത് പുല്‍ക്കൂട്ടിലോ ആശുപത്രിയിലോ അല്ല, തിരുവല്ലയ്ക്കടുത്തുള്ള കുറ്റുപ്പുഴയിലെ മുളമൂട്ടില്‍ വീട്ടിലാണെന്ന് ക്രിസ് തോമസ്. 45 വര്‍ഷം മുമ്പ്.

ക്രിസിന്‍റെ പിതാവ് പേരിടുന്നതിലുള്ള കൗതുകം തന്‍റെ രണ്ടാമത്തെ പുത്രനിലും പ്രയോഗിച്ചു. "ജോണ്‍സണ്‍ ഡേ' സണ്‍ഡേയുണ്ടോ അടങ്ങിയിരിക്കുന്നു. നാട്ടുകാരുടെ സ്നേഹം സഹിക്കാന്‍ വയ്യാതെ സണ്‍ഡേ തന്‍റെ പേര് ജോണ്‍ ജോര്‍ജ് എന്നാക്കി.

"എന്‍റെ പേരും മാറ്റണമെന്ന് ഞാന്‍ അച്ചായന്‍റെ അടുത്ത് ശാഠ്യമായി. നിന്‍റെ പിറന്നാള്‍ ലോകം മുഴുവന്‍ ആഘോഷിക്കുവല്ലേ അതുകൊണ്ട് മാറ്റുന്നില്ല എന്നായിരുന്നു അച്ചായന്‍റെ മറുപടി.'' ക്രിസ് ഓര്‍മ്മിച്ചു.

ഈ പാരമ്പര്യത്തിലെ പേരിന്‍റെ വികൃതി ക്രിസ് തുടര്‍ന്നോ? മകന് അജു എന്ന് പേരിട്ട് അദ്ദേഹം യാത്ര തുടര്‍ന്നു.സെപ്റ്റംബര്‍ 15നായിരുന്നു മകന്‍റെ പിറവി.ആറന്‍മുള ഉതൃട്ടാതി വള്ളം കളി ദിവസം. വില്ലാളി വീരനായ അര്‍ജുനന്‍റെ പിറന്നാളും അന്നു തന്നെ. അതാലോചിച്ച് അജു ജോര്‍ജ് ക്രിസ് എന്നു പേരു വീണു. പത്തു ദിവസം മുന്പ് ഓണനാളില്‍ താന്‍ ജനിക്കാഞ്ഞതു നന്നായെന്ന് അജു. ഓണം ജോര്‍ജ് ക്രിസ് എന്നോ മറ്റോ പിതാവ് അവനു പേരിട്ടിരുന്നെങ്കിലോ?

""കേള്‍ക്കുമ്പോള്‍ നല്ല രസം തോന്നും പക്ഷേ നമുക്ക് നമ്മുടേതായ ഒരു ദിവസം ഇല്ല എന്ന വിഷമമുണ്ട്. ക്രിസ്മസിന്‍റെ കൂടെ പിറന്നാളും അങ്ങു കടന്നു പോവുകയല്ലേ?.. ക്രിസ് പരിതപിച്ചു.

ഞാന്‍ തിരുവല്ല ടൈറ്റസ് കോളജില്‍ പഠിക്കുന്ന കാലത്ത് പേരുകൊണ്ടൊരു ഗുണമുണ്ടായി.

ഒരിക്കല്‍ വികാരതരളിതമായി ഒരു പ്രസംഗം കാച്ചി. ""പ്രിയമുള്ളവരേ, വര്‍ഷങ്ങള്‍ ഒരു പാടു ചെല്ലുമ്പോള്‍ നിങ്ങള്‍ കൊച്ചു മക്കള്‍ക്ക് ഒരു കഥ പറഞ്ഞു കൊടുക്കണം. തിരുവല്ല ടൈറ്റസ് കോളജില്‍ എന്നോടൊപ്പം ക്രിസ്മസ് എന്നൊരാള്‍ (ഒരു നല്ലവന്‍) പഠിച്ചിരുന്നു. കുട്ടികള്‍ക്ക് അത് കേള്‍ക്കാന്‍ രസമുള്ള ഒരു അപ്പൂപ്പന്‍ കഥയാവും. ഞാനതില്‍ അല്‍പം നൊസ്റ്റാള്‍ജിയയും കലര്‍ത്തിയിരുന്നു. ഞാന്‍ കോളജ് യൂണിയന്‍ ചെയര്‍മാനായത് അങ്ങനെയാണ്.''

""എന്‍റെ എല്ലാ പിറന്നാളുകള്‍ക്കും ഇതുവരെയും വീട്ടില്‍ കൂടാന്‍ പറ്റിയിട്ടുണ്ട്. അതും ക്രിസ്മസിന്‍റെ ഒരു ഗുണമാവാം.''

""ഡിസംബര്‍ 25ന് പള്ളിയില്‍ നിന്നിറങ്ങുന്പോള്‍ "മെറി ക്രിസ്മസ് ആന്‍ഡ് ഹാപ്പി ബര്‍ത്ഡേ ആശംസിക്കുന്ന സ്നേഹിതന്‍മാരുണ്ട്.'' പിറന്നാളിന്‍റെ ഒരു അപൂര്‍വ ഭാഗ്യം ക്രിസ് സൂചിപ്പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :