കേക്ക് വിപണിയില്‍ ക്രിസ്മസ് മധുരം

WEBDUNIA|
കേക്കിന്‍റെ മധുരമില്ലാത്തൊരു ക്രിസ്മസിനെക്കുറിച്ച് ആലോചിക്കാനേ പറ്റില്ല. എല്ലാക്കാലത്തെയും, എല്ലായിടത്തെയും കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഇഷ്ടപലഹാരമാണ് കേക്ക്.

ക്രിസ്മസ് ആഘോഷവേളയില്‍ മാത്രമല്ല ഇതിന് വിപണിയുള്ളതെങ്കിലും തിരുപ്പിറവിക്കാലമാകുമ്പോള്‍ വിപണിയും ബേക്കറികളും കേക്കിന്‍റെ വ്യത്യസ്ത രുചികള്‍ കൊണ്ട് സജീവമാകുന്നു.

എത്രതരത്തില്‍, എത്രരൂപത്തില്‍, എത്ര ഗന്ധത്തില്‍, എത്ര വര്‍ണങ്ങളില്‍, എത്ര രുചികളില്‍ കൊതിയൂറുന്ന കേക്കുകള്‍. കിലോയ്ക്ക് 100 രൂപ മുതല്‍ തുടങ്ങുന്നു കേക്കിന്‍റെ വില. ബട്ടര്‍കേക്ക് , ഐസികേക്ക് എന്നിങ്ങനെ എത്രയെത്ര വ്യത്യസ്ത ഇനങ്ങള്‍. 100 രൂപ മുതല്‍ 215 രൂപവരെയാണ് ബട്ടര്‍കേക്കുകള്‍ക്ക് വില.

ഐസിങ് ചെയ്ത പ്ളംകേക്കിന് വില ഇത്തിരി കുറയും. കിലോയ്ക്ക് 90 രൂപ മുതല്‍ ഇത് സുലഭമാണ്. ചോക്ളേറ്റ് കേക്ക് (100 രൂപ), ഡേറ്റ് ആന്‍റ് വാള്‍മുട്ട് (140), റിച്ച് ഫ്രൂട്ടി കേക്ക് (150), കോഫി (170), വാനിലാ സ്പഞ്ച് (155), സ്ട്രോബറി (160), കൂള്‍ബാര്‍ (110), ഫ്രഞ്ച് ബട്ടര്‍ (215) എന്നിങ്ങനെയാണ് വിപണിയിലെ പൊതുവില.

സ്പെന്‍സേര്‍സ് , ഏഷ്യന്‍, ഐറിസ് , മില്‍ക്ക തുടങ്ങിയ കമ്പനിപ്പേരുകളില്‍ നിശ്ഛിത വിലയില്‍ കേക്കുകള്‍ ലഭ്യമാണ്. കുടുംബശ്രീ, ഗ്രാമശ്രീ തുടങ്ങിയവയുടെ കേക്കുകളും വില്‍പ്പനയ്ക്കുണ്ട്. പൊതുവിപണിയില്‍ വില്‍ക്കുന്നതിനേക്കാള്‍, സ്വന്തമായി വിപണന മേളകള്‍ നടത്തി അതിലൂടെ ഉത്പന്നങ്ങള്‍ വില്‍ക്കാനാണ് ഇവരുടെ താത്പര്യം.

സാധാരണക്കാരന് താങ്ങാനാവുന്ന വിലയേ ഉള്ളൂ ഇവരുടെ കേക്കുകള്‍ക്ക് എന്നതാണ് ആശ്വാസകരമായ കാര്യം. കാഴ്ചയ്ക്ക് വിപണിയിലെ വമ്പന്‍ കേക്കുകളോട് മത്സരിക്കാനാവില്ലെങ്കിലും മുടക്കുമുതല്‍ പലപ്പോഴും ഇവര്‍ക്ക് തിരിച്ച് കിട്ടാറുണ്ട്.

വിപണിയിലെ കടുത്ത മത്സരത്തിനിടയിലും ഉത്പന്നങ്ങളുടെ വില കുറയ്ക്കുന്നതില്‍ മുന്തിയ താത്പര്യം കാണിക്കാറില്ല. വ്യത്യസ്തരുചികളിലും പേരുകളിലും പുതിയഇനം കേക്കുകള്‍ വിപണിയിലെത്തിക്കാനുള്ള തിരക്കിലാണ് അവര്‍.

വാനില, സ്ട്രോബറി, പ്ളം, ഫ്രൂട്ട് തുടങ്ങിയ സാധാരണ ഇനങ്ങളോടൊപ്പം കോഫികേക്ക്, ബട്ടര്‍ സ്കോച്ച്, ബ്ളാക് ഫോറസ്റ്റ്, വൈറ്റ് ഫോറസ്റ്റ്, ഗ്രീന്‍ ആപ്പിള്‍ എന്നിങ്ങനെ വിവിധ പേരുകളില്‍ കേക്കുകള്‍ രംഗത്തുണ്ട്.

വട്ടത്തിലും ചതുരത്തിലുമുള്ള പരമ്പരാഗത രൂപങ്ങള്‍ മാറ്റി കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെയും പഴവര്‍ഗ്ഗങ്ങളുടെയും രൂപത്തില്‍ കേക്കുകള്‍ വിപണി കൈയടക്കുന്നു. കുട്ടികളെ ഉദ്ദേശിച്ചാണ് ഇത്തരം രൂപമാറ്റമെന്ന് വില്‍പ്പനക്കാര്‍.

മിക്കിമൗസ്, ഡൊണാള്‍ഡ് ഡക്ക്, ബാറ്റ്മാന്‍, സൂപ്പര്‍മാന്‍, ഹീമാന്‍, ദിനോസര്‍, ക്ളൗണ്‍, ചീങ്കണ്ണി, മത്സ്യം, കൈതച്ചക്ക എന്നിവയുടെ ആകൃതിയില്‍ കേക്കുകളുണ്ട്. ഇവയ്ക്ക് വന്‍ ഡിമാന്‍റാണെന്ന് ബേക്കറിയുടമകള്‍ സാക്ഷ്യപ്പെടുത്തുന്നു.

ബട്ടര്‍ ഐസിങ്ങുള്ള കേക്കുകള്‍ക്കാണ് ആവശ്യക്കാരേറെ. വിലകൂടുമെന്നതിനാല്‍ സാധാരണക്കാര്‍ ഷുഗര്‍ ഐസിങുള്ള കേക്കുകളാണ് തെരഞ്ഞെടുക്കാറ്. പൂക്കളും ഇലകളും ആശംസകളും വരഞ്ഞ ഈ കേക്കുകള്‍ സമ്മാനങ്ങളായും നല്‍കിവരുന്നു.

വിപണിയില്‍ നടക്കുന്ന കടുത്ത മത്സരത്തിനിടെ വീട്ടില്‍ ക്രിസ്മസ് കേക്ക് ഉണ്ടാക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. ചാനലുകളായ ചാനലുകളും പത്രമാധ്യമങ്ങളും കേക്കുണ്ടാക്കുന്നതെങ്ങനെയെന്ന് സവിസ്തരം പ്രതിപാദിക്കുകയും കാണിക്കുകയും ചെയ്യുന്നു. ഒരു അവ്ന്‍ ഉണ്ടെങ്കില്‍ കൊതിയൂറുന്ന സ്വാദിഷ്ടമായ കേക്ക് നിങ്ങള്‍ക്ക് വീട്ടിലുണ്ടാക്കാം.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :