അടൂര്‍ഭാസിക്ക് മഹത്തായ പാരമ്പര്യമാണുള്ളത്. മലയാള നോവല്‍ സാഹിത്യത്തിന്‍റെ അമരക്കാരില്‍ ഒരാളായ സി.വി. രാമന്‍പിള്ള മുത്തച്ഛന്‍. മലയാളത്തിന്‍റെ ഹാസ്യ സാമ്രാട്ടായ ഇ.വി. കൃഷ്ണപിള്ള അച്ഛന്‍. ഈ രണ്ട് പാരമ്പര്യവും ഭാസിയുടെ അഭിനയത്തെ പുഷ്കലമാക്കി.
പേര് അടൂര്‍ഭാസി എന്നാണെങ്കിലും ഭാസിയുടെ ചെറുപ്പം തിരുവനന്തപുരത്തായിരുന്നു. പഠിച്ചത് എം.ജി. കോളജില്‍. നാടകം കളിയും വേഷം കെട്ടും കൂട്ടുകാരെ പറ്റിക്കലുമൊക്കെയായി ഭാസി ജീവിതം ആഘോഷിച്ചു. റോസ്ക്കോട്ട് ഭവനത്തില്‍ കസിന്‍മാര്‍ ഇഷ്ടംപോലെ ഉണ്ടായിരുന്നു കൂട്ടിനായി.
ഇ.വി. കൃഷ്ണപിള്ളയുടെയും , സി.വിയുടെ മകള്‍ മഹേശ്വരി അമ്മയുടെയും നാലാമത്തെ സന്തതിയായിരുന്നു ഭാസി. അവിട്ടം നക്ഷത്രം. 1927ല്‍ ജനനം
നഗരത്തില്‍ സ്ത്രീവേഷം കെട്ടി നടന്ന ഭാസിയെ ഒരിയ്ക്കല്‍ പൊലീസ് പിടികൂടിയതാണ്. ഇങ്ങനെ നാടോടിയായി നടക്കേണ്ടെന്ന് കരുതി ഭാസിയെ ടെക്സ്റ്റൈല്‍ ടെക്നോളജി പഠിക്കാന്‍ വിട്ടു. പിന്നെ മധുരയിലൊരു കന്പനിയില്‍ ജോലിയും കിട്ടി.
തിരുവനന്തപുരത്തെ ആകാശവാണിയിലായി പിന്നെ ജോലി. അവിടെ ടി.എന്‍.ഗോപിനാഥന്‍നായരെ പരിചയപ്പെട്ടു. അദ്ദേഹത്തിന്‍റെ പത്രാധിപത്യത്തിലിറങ്ങിയ സഖി വാരികയില്‍ ജോലി ചെയ്തു. അക്കാലത്താണ് തിരുവനന്തപുരത്തെ അമച്വര്‍ നാടക സംഘങ്ങളായ മഹാരഥന്മാരായ നാടക നടന്മാരുമായും ഭാസി പരിചയപ്പെടുന്നത്.