പത്ത് സിനിമകള്‍ കഴിഞ്ഞപ്പോള്‍ കടുത്ത ആരാധകര്‍ പോലും നിരാശരായി. ഇനി ഒരു മടങ്ങിവരവ് അസാധ്യമെന്ന് കരുതി. എന്നാല്‍ ഉറച്ച മനസുമായി ഈ പരാജയങ്ങളെയെല്ലാം നേരിട്ട് അദ്ദേഹം നിന്നു - മമ്മൂട്ടി. മലയാളത്തിന്റെ എക്കാലത്തെയും മികച്ച നടന്മാരില് ഒരാള്‍. പരാജയപ്പെട്ട സിനിമകളെല്ലാം ഒരര്‍ത്ഥത്തിലല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ ജനങ്ങളില്‍ നിന്ന് അകന്നുനിന്ന സിനിമകളായിരുന്നു എന്ന തിരിച്ചറിവ് മറ്റാരെയുംകാള്‍ കൂടുതല്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നിരിക്കണം. മൂന്ന് പതിറ്റാണ്ട് കാലത്തെ അനുഭവപരിചയം ഈ തിരിച്ചടിയെ നിസംഗതയോടെ നോക്കിക്കാണാന്‍ സഹായിച്ചു. പരാജയങ്ങള്‍ മാധ്യമങ്ങള്‍ ആഘോഷിക്കുന്ന സമയത്തും തന്റെ നല്ലകാലം വീണ്ടുമെത്തുമെന്ന ആത്മവിശ്വാസത്തോടെ വരുംകാല പ്രൊജക്ടുകള്‍ തെരഞ്ഞെടുക്കുകയായിരുന്നു മമ്മൂട്ടി. അതിന്റെ ഗുണം കിട്ടിത്തുടങ്ങി. രഞ്ജിത്തിന്റെ തിരക്കഥയില്‍ ‘ബാവുട്ടിയുടെ നാമത്തില്‍’ എന്ന സിനിമയാണ് തുടക്കം.