Last Updated:
വ്യാഴം, 11 സെപ്‌റ്റംബര്‍ 2014 (19:04 IST)
സി കെ രാഘവന്‍ സിനിമ കണ്ടവരുടെയെല്ലാം കൂടെപ്പോന്നതും രാഘവന്‍ പിന്നീടൊരു നിഴല്‍ പോലെ ഓരോരുത്തരെയും പിന്തുടര്‍ന്നതും സമീപകാലത്ത് മലയാള സിനിമയില്‍ കണ്ട മാജിക്. 'മുന്നറിയിപ്പ്' എന്ന സിനിമ സൃഷ്ടിച്ച ആഹ്ലാദകരമായ നടുക്കം പൂര്‍ണമായും ഒഴിയുന്നതിനുമുമ്പ് മലയാളികള്‍ക്ക് മറ്റൊരു സന്തോഷവാര്‍ത്ത.
മുന്നറിയിപ്പിന് ശേഷം വേണു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു. ഇതിന്‍റെ ആദ്യഘട്ട ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ല. എങ്കിലും ആര്‍ ഉണ്ണി തന്നെയായിരിക്കും വേണു - മോഹന്‍ലാല്‍ ചിത്രത്തിനും തിരക്കഥ രചിക്കുക എന്നാണ് സൂചന.
ഓണക്കാലത്ത് രാജാധിരാജയായി മമ്മൂട്ടി തകര്‍ക്കുമ്പോഴും ഒരുഭാഗത്ത് മുന്നറിയിപ്പ് ഹൌസ്‌ഫുള്ളായി ഓടുന്നു എന്നതാണ് കൌതുകമുള്ള വസ്തുത. ഒരേസമയം ക്ലാസ് ആയും മാസ് ആയും ഒരു നടന്‍ മാറുന്നതിന്‍റെ മാസ്മരികമായ അനുഭവമാണ് മുന്നറിയിപ്പും രാജാധിരാജയും നല്‍കുന്നത്.
ഇനി, അഭിനയത്തിന്‍റെ മഹാഗോപുരമായ മോഹന്‍ലാല്‍ കൂടി വേണുവിന്‍റെ ക്യാമ്പിലെത്തുമ്പോള്‍ മറ്റൊരു മഹത്തായ സിനിമ പിറക്കുമെന്ന് ആശിക്കാം.