മലയാള സിനിമയില്‍ സമീപകാല സൂപ്പര്‍ ഹിറ്റുകളില്‍ ഭൂരിഭാഗവും സമ്മാനിച്ച ദിലീപ് 2002ല്‍, തന്നെ കൈവിട്ട സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച നടനെന്ന അംഗീകാരം നേടിയെടുക്കാനുള്ള ശ്രമത്തിലാണ്.
ടി.വി.ചന്ദ്രനെന്ന ലോകോത്തര സംവിധായകന്‍റെ കഥാവശേഷന്‍ എന്ന സിനിമയില്‍ പ്രതീക്ഷയര്‍പ്പിച്ചെങ്കിലും ഫലമുണ്ടായില്ല
.2004ല്‍ റണ്‍വേയ്ക്ക് ശേഷം ഓണത്തിറങ്ങിയ വെട്ടം ദിലീപിന് തുണയായി.
2002 മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നഷ്ടമായത് ശക്തമായ മത്സരത്തിനൊടുവിലാണ്. നിഴല്‍ക്കുത്തിലെ അഭിനയത്തിലൂടെ ഒടുവില്‍ മികച്ച നടനായപ്പോള്‍ കുഞ്ഞക്കൂനനിലെ കൂനനെ അവിസ്മരണീയമാക്കിയതില്‍ ദിലീപിന് പ്രത്യേക ജൂറി അവാര്‍ഡ് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
ജയറാമിനെ പിന്തുടര്‍ന്ന് കലാഭവന്‍ മിമിക്സ് ട്രൂപ്പിലെത്തിയ ദിലീപ്, കമല്‍ , ലാല്‍ജോസ് എന്നീ സംവിധായകരുടെ കൂട്ടാളിയായാണ് സിനിമയിലെത്തുന്നത്. തുടര്‍ന്ന് മാനത്തെ കൊട്ടാരമെന്ന സിനിമയിലൂടെ അഭിനയരംഗത്തുമെത്തി. ലോഹിതദാസിന്‍റെ "സല്ലാപം' കമലിന്‍റെ "ഈ പുഴയും കടന്ന് ' എന്ന ചിത്രങ്ങള്‍ ദിലീപിന് വെള്ളിത്തിരയില്‍ സ്ഥാനം നേടിക്കൊടുത്തു.
പഠിക്കുമ്പോഴേ കൈവശമുള്ള ചില "കലാ'വാസനയൊക്കെ നാട്ടിലും വീട്ടിലും പുറത്തിറക്കിയിട്ടുണ്ടായിരുന്നു ദിലീപ് .ഓണത്തിനിറങ്ങുന്ന ചില പാരഡി കാസെറ്റുകളിലൂടെ, കേരളത്തിലെങ്ങും പ്രശസ്തമായ മിമിക്രി വേദികളിലൂടെ ദിലീപ് പതിയെ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങുകയായിരുന്നു.
"ഏഷ്യാനെറ്റ്' ടിവി ചാനലെന്ന നിലയില്‍ ശ്രദ്ധിക്കപ്പെടുന്ന കാലം. അതിലെ "കോമിക്കോള' പരിപാടിയിലൂടെ ദിലീപ് നാലാളറിയുന്ന ഫിഗറായി; ഇന്നസെന്‍റിനെക്കാള്‍ നന്നായി ഇന്നസെന്‍റിനെ അവതരിപ്പിക്കുന്നയാളായി ദിലീപ്.
ജിവിതത്തിലും ജയറാമിനെയാണു ദിലീപ് പിന്തുടര്‍ന്നത്. പക്ഷെ, ജയറാം പാര്‍വതിയെ ജീവിതസഖിയാക്കിയതിനേക്കാള്‍ നാടകീയമായി, ഒരോളിച്ചോട്ടത്തിനൊടുവിലാണ് ദേശീയപ്രശസ്തി നേടി ജ്വലിച്ചു നിന്ന മഞ്ജുവിനെ ദിലീപ് ജീവിതത്തിലേക്കു കൈപിടിച്ചു കൊണ്ടു വന്നത്.