ക്രിസ്ത്യന്‍ ബ്രദേഴ്സില്‍ ശരത്കുമാര്‍

WEBDUNIA|
PRO
‘ക്രിസ്ത്യന്‍ ബ്രദേഴ്സ്’ വരികയാണ്. ഷൂട്ടിംഗ് തുടങ്ങും മുമ്പേ വിവാദങ്ങളില്‍ പെട്ട ഈ ജോഷിച്ചിത്രം വിഷുവിന് തിയേറ്ററുകളിലെത്തിക്കാനാണ് ശ്രമം. ചിത്രത്തില്‍ മോഹന്‍ലാല്‍, സുരേഷ്ഗോപി, ദിലീപ് എന്നിവര്‍ക്കൊപ്പം തമിഴ് ആക്ഷന്‍ കിംഗ് അര്‍ജ്ജുന്‍ അഭിനയിക്കും എന്ന വാര്‍ത്ത വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. തന്‍റെ അനുമതിയില്ലാതെയാണ് അങ്ങനെ ഒരു പ്രഖ്യാപനമുണ്ടായതെന്ന് അര്‍ജ്ജുന്‍ തുറന്നടിച്ചിരുന്നു.

ഇതോടെ അര്‍ജ്ജുന്‍ അവതരിപ്പിക്കാനിരുന്ന വേഷം ആരു കൈകാര്യം ചെയ്യുമെന്ന കാര്യത്തില്‍ ജോഷിക്കും തിരക്കഥാകൃത്തുക്കളായ ഉദയകൃഷ്ണ - സിബി കെ തോമസിനും ആശയക്കുഴപ്പം ഉണ്ടായി. പല പേരുകളും ആലോചിച്ചു. സത്യരാജ്, പ്രകാശ്‌രാജ്, നാസര്‍ തുടങ്ങിയവരെയൊക്കെ ആലോചിച്ചു. ഒടുവില്‍ പറ്റിയ ആളെ കണ്ടെത്തുകയും ചെയ്തിരിക്കുന്നു - ശരത്കുമാര്‍!

അതെ, മമ്മൂട്ടിയോടൊപ്പം പഴശ്ശിരാജയില്‍ തിളങ്ങിയ തമിഴകത്തിന്‍റെ സുപ്രീം സ്റ്റാര്‍ ശരത്കുമാര്‍, മലയാളത്തിന്‍റെ യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലിനൊപ്പം സ്ക്രീന്‍ പങ്കിടാനെത്തുകയാണ്. അര്‍ജ്ജുനെ അഭിനയിപ്പിക്കാം എന്ന് തീരുമാനിക്കുമ്പോള്‍ കഥയില്‍ ഈ കഥാപാത്രം ഒരു അതിഥി വേഷമായിരുന്നു. എന്നാല്‍ ശരത്കുമാര്‍ അഭിനയിക്കാമെന്ന് സമ്മതിച്ചതോടെ മോഹന്‍ലാലിനൊപ്പം സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രമായി ഇതിനെ മാറ്റിയതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

കോട്ടയമാണ് ക്രിസ്ത്യന്‍ ബ്രദേഴ്സിന്‍റെ പ്രധാന ലൊക്കേഷന്‍. ഒരു ഗുണ്ടാ കുടുംബത്തിന്‍റെ കഥയാണ് ഈ സിനിമ പറയുന്നത്. ഗുണ്ടാകുടുംബത്തെ നയിക്കുന്നത് മോഹന്‍ലാലിന്‍റെ കഥാപാത്രമാണ്. ഈ നാല്‍‌വര്‍ സംഘത്തിന്‍റെ പടയോട്ടമാണ് ചിത്രത്തിന്‍റെ പ്രമേയം. മോഹന്‍ലാല്‍ - ശരത്കുമാര്‍ - സുരേഷ്ഗോപി ടീമിന്‍റെ ആക്ഷനും ദിലീപ് - ജയസൂര്യ ടീമിന്‍റെ കോമഡിയുമാണ് ക്രിസ്ത്യന്‍ ബ്രദേഴ്സിന്‍റെ ഹൈലൈറ്റ്. ട്വന്‍റി-20ക്ക് ശേഷം സിബി-ഉദയന്‍‌മാരുടെ തിരക്കഥയില്‍ ജോഷി ഒരുക്കുന്ന ചിത്രം കൂടിയാണിത്. വര്‍ണചിത്ര സുബൈറും, മെഡിമിക്സ് അനൂപും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യന്‍ കുടുംബങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്. സംഘം, ലേലം, നസ്രാണി തുടങ്ങിയവയാണ് ഈ ഗണത്തില്‍ പെടുത്താവുന്ന മറ്റ് ജോഷിച്ചിത്രങ്ങള്‍.

വാല്‍ക്കഷണം: പഴശ്ശിരാജയുടെ ക്രെഡിറ്റ് ശരത്കുമാര്‍ കൊണ്ടുപോയി. ക്രിസ്ത്യന്‍ ബ്രദേഴ്സിനും ആ ഗതി വരുമോ?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :