ആര്‍ക്കും കയറി കൊട്ടാന്‍ മോഹന്‍ലാല്‍ ഒരു ചെണ്ടയാണോ?

ആര്‍ സജീവ്, കിനാലൂര്‍

WEBDUNIA|
PRO
മലയാളത്തിലെ എക്കാലത്തെയും മികച്ച അഞ്ചു നടന്‍‌മാരുടെ പട്ടികയെടുത്താല്‍ അതില്‍ മോഹന്‍ലാല്‍ തീര്‍ച്ചയായും ഉണ്ടാകും. മലയാളത്തിന്‍റെ അഭിമാനമായ നടന്‍. നമ്മുടെ സ്വകാര്യ അഹങ്കാരം. കേരളത്തിന്‍റെ സിനിമയെ പ്രതിനിധീകരിക്കുന്ന താരം. അത് സെലിബ്രിറ്റി ക്രിക്കറ്റിലായാലും മണപ്പുറം ഗോള്‍ഡിന്‍റെ പരസ്യത്തിലായാലും.

എന്നാല്‍ ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ പുറത്തിറങ്ങിയ ഒരു ഇംഗ്ലീഷ് മാഗസിന്‍ മോഹന്‍ലാല്‍ മദ്യത്തിന് അടിമയാണെന്ന് കവര്‍ സ്റ്റോറി നല്‍കി. അദ്ദേഹം അഭിനയം വിടുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത് ഒരു ഏപ്രില്‍ ഫൂള്‍ ഗിമ്മിക്കാണെന്ന് മാഗസിന്‍ പിന്നീട് വ്യക്തമാക്കിയെങ്കിലും ഈ വ്യാജവാര്‍ത്ത ലാല്‍ ആരാധകരില്‍ എത്രമാത്രം വേദന സൃഷ്ടിച്ചു എന്നത് നിസാരമായ കാര്യമല്ല.

നിര്‍ദ്ദോഷമായ ഫലിതമാണ് ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ ആഘോഷമാക്കേണ്ടത്. അല്ലാതെ, വ്യക്തികളെ വേദനിപ്പിക്കുന്നതോ അധിക്ഷേപിക്കുന്നതോ ആവരുത്. മോഹന്‍ലാല്‍ എന്ന നടന്‍ മദ്യത്തിന് അടിമയാണെന്ന തലക്കെട്ടോടുകൂടി ഒരു മാഗസിന്‍ പുറത്തിറങ്ങിയാല്‍ അതിന്‍റെ കോപ്പികള്‍ ചൂടപ്പം പോലെ വിറ്റുതീരും. പക്ഷേ, അങ്ങനെയൊരു വ്യാജവാര്‍ത്ത കുറച്ചുനേരത്തേക്കെങ്കിലും ഉണ്ടാക്കുന്ന ഷോക്ക് ചെറുതല്ല, അതിന് ഒരു ന്യായീകരണവും മതിയാവുകയുമില്ല.

ഈ മാഗസിനെതിരെ മോഹന്‍ലാലിന്‍റെ ആരാധകര്‍ നിയമനടപടിക്കൊരുങ്ങുന്നു എന്നാണ് ഒടുവില്‍ കേട്ടത്. അപ്പോഴേക്കും മറ്റ് ചില വാര്‍ത്തകളും എത്തി. ‘മോഹന്‍ലാല്‍ മദ്യത്തിന് അടിമ’ എന്ന ടൈറ്റിലില്‍ മാഗസിന്‍ ഇറങ്ങുന്നത് മോഹന്‍ലാല്‍ നേരത്തേ അറിഞ്ഞിരുന്നെന്നും അദ്ദേഹം അതിന് അനുമതി നല്‍കിയിരുന്നെന്നുമാണ്. ‘സ്പിരിറ്റ്’ എന്ന ചിത്രത്തിന്‍റെ പരസ്യതന്ത്രമാണത്രെ. എന്നാല്‍ ഇക്കാര്യം ആരാധകരോട് ലാല്‍ തന്നെ വ്യക്തമാക്കട്ടെ. അതുവരെ ഈ നടപടിയില്‍ മാഗസില്‍ മാത്രമായിരിക്കും കുറ്റക്കാര്‍.

ഇത്തരം ആക്രമണങ്ങള്‍ക്ക് മോഹന്‍ലാല്‍ വിധേയനാകുന്നത് ഇതാദ്യമല്ല. മുമ്പ് ഒരു സിനിമയിലൂടെ മോഹന്‍ലാലിനെ കരിവാരിത്തേക്കാന്‍ ശ്രമം നടത്തിയിരുനു. അദ്ദേഹത്തിന് ലഫ്റ്റനന്‍റ് കേണല്‍ പദവി ലഭിച്ചതിനെ വരെ മോശമായ അര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കാനാണ് ആ സിനിമയിലൂടെ ശ്രമിച്ചത്. ആ ചിത്രത്തെ പിന്നീട് അതിന്‍റെ നിര്‍മ്മാതാവ് വരെ തള്ളിപ്പറഞ്ഞത് ചരിത്രം.

രാജ്യത്തിന് അഭിമാനമായ ഒരു മഹാനടനെ അധിക്ഷേപിക്കാനുള്ള ശ്രമങ്ങള്‍ കൂടിവരുമ്പോഴും അദ്ദേഹം ഇതിനെക്കുറിച്ചൊന്നും പ്രതികരിക്കാന്‍ തയ്യാറല്ല. അത് മാന്യതയാണ്. എന്നുകരുതി, ആര്‍ക്കും കയറി കൊട്ടാവുന്ന ഒരു ചെണ്ടയാണ് മോഹന്‍ലാല്‍ എന്നുകരുതുന്നത് സഹിച്ചിരിക്കാന്‍ മലയാളി പ്രേക്ഷകസമൂഹത്തിന് കഴിയില്ല. അവര്‍ ശക്തമായി പ്രതികരിക്കുക തന്നെ ചെയ്യും. കാരണം, മോഹന്‍ലാല്‍ അവരുടെ വികാരമാണ്, അവരുടെ പ്രിയപ്പെട്ട ലാലേട്ടനാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :