രാം ഗോപാല്‍ വര്‍മ അങ്ങനെയാണ്. സമൂഹത്തിന്‍റെ ചലനങ്ങള്‍ ഓരോ നിമിഷവും വീക്ഷിച്ചുകൊണ്ടിരിക്കുന്നു. എന്തൊക്കെ സംഭവങ്ങള്‍ എവിടെയൊക്കെ നടക്കുന്നു എന്ന് രജിസ്റ്റര്‍ ചെയ്തു വയ്ക്കുന്നു. ഓരോ ദിവസവും പുതിയ പുതിയ കഥകള്‍ ഇവയില്‍ നിന്ന് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. അല്‍ക്വൊയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്‍റെ മരണവും ആര്‍ ജി വി തന്‍റെ പുതിയ സിനിമയ്ക്ക് വിഷയമാക്കുകയാണ്.
‘ടെറര്‍ ടേണ്‍സ് ടു ഹൊറര്‍, അല്‍ക്വൊയ്ദ പാര്‍ട്ട് 2’ എന്നാണ് രാം ഗോപാല്‍ വര്‍മ തന്‍റെ പുതിയ ചിത്രത്തിന് ഇട്ടിരിക്കുന്ന പേര്. ഒസാമ ബിന്‍ ലാദന്‍റെ മരണാനന്തരജീവിതമാണ് ചിത്രം പ്രമേയമാക്കുന്നത്. മരിച്ചതിന് ശേഷം പ്രേതമായി മാറുന്ന ലാദന്‍ വൈറ്റ് ഹൌസിനെ വേട്ടയാടുന്നതാണ് കഥ. എങ്ങനെയുണ്ട്?
ആര്‍ ജി വി ഇപ്പോള്‍ ഈ സിനിമയുടെ തിരക്കഥാ ജോലികളിലാണ്. ഓസ്കര്‍ ജേതാവായ ഹോളിവുഡ് സംവിധായിക കാതറിന്‍ ബിഗലോയും ബിന്‍ ലാദന്‍റെ കഥ സിനിമയാക്കുന്നതിന്‍റെ തിരക്കിലാണല്ലോ. ‘കില്‍ ബിന്‍ ലാദന്‍’ എന്നാണ് ആ സിനിമയുടെ പേര്. അതായത് ബിന്‍ ലാദനെ കൊലപ്പെടുത്താനുള്ള ശ്രമങ്ങളും മറ്റുമാണ് പ്രമേയം. അപ്പോള്‍ നമ്മുടെ രാം ഗോപാല്‍ വര്‍മ കുറച്ചുകൂടി അഡ്വാന്‍സ്ഡാണ്. ലാദന്‍റെ മരണാനന്തരജീവിതത്തെക്കുറിച്ചാണ് ആര്‍ ജി വി ചിന്തിക്കുന്നത്. ചിന്തയിലെ ഈ വ്യത്യസ്തത കൊണ്ടാണല്ലോ രാം ഗോപാല്‍ വര്‍മ എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്.
ലാദന്‍ ചിത്രത്തിനൊപ്പം തന്നെ ‘നോട്ട് എ ലവ് സ്റ്റോറി’ എന്നൊരു സിനിമയും ആര്‍ ജി വി പ്ലാന്‍ ചെയ്യുകയാണ്. രാജ്യത്തെ നടുക്കിയ നീരജ് ഗ്രോവര്‍ വധക്കേസാണ് ആ ചിത്രത്തിന് പ്രചോദനം. ഈ വര്‍ഷം ആര്‍ ജി വി അടിച്ചുപൊളിക്കുമെന്ന് പറയേണ്ടതില്ലല്ലോ.