മമ്മൂട്ടി - നടനകലയിലെ കലാപം, സൌന്ദര്യത്തിന്‍റെ രാജഭാവം

Mammootty, Mammootty Birthday, Mammootty Birthday Special, Pullikkaran Stara, Master Piece, മമ്മൂട്ടി, മമ്മൂട്ടി ജന്‍‌മദിനം, മമ്മൂട്ടി പിറന്നാള്‍, പുള്ളിക്കാരന്‍ സ്റ്റാറാ, മാസ്റ്റര്‍ പീസ്
BIJU| Last Modified വ്യാഴം, 7 സെപ്‌റ്റംബര്‍ 2017 (10:47 IST)
മമ്മൂട്ടിയുടെ ജന്‍‌മദിനമാണ് സെപ്റ്റംബര്‍ ഏഴ്. എന്നാല്‍ അദ്ദേഹത്തിന് എത്ര വയസായി എന്നുമാത്രം ചോദിക്കരുത്. മലയാളികളുടെ മനസില്‍ എന്നും അദ്ദേഹത്തിന്‍റെ പ്രായം 30നും 35നും ഇടയിലാണ്. കൂടിവന്നാല്‍ 40. മമ്മൂട്ടി ആ പ്രായക്കാരായ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ ഇപ്പോഴും ആരും നെറ്റിചുളിക്കുന്നില്ല. കാരണം, അത് മമ്മൂട്ടിയാണ്. മമ്മൂട്ടിക്ക് പകരം വയ്ക്കാന്‍ മറ്റൊരു നടന്‍ വേണമെന്ന് മലയാളികള്‍ ആഗ്രഹിക്കുന്നില്ല.

പതിറ്റാണ്ടുകളായി മമ്മൂട്ടി മലയാള സിനിമയുടെ ഭാഗമായിട്ട്. ഇത്രയും കാലത്തിനിടയ്ക്ക് അദ്ദേഹം അവതരിപ്പിക്കാത്ത ഒരു കഥാപാത്രം, അദ്ദേഹം പകര്‍ത്താത്ത ഒരു ഭാവം, അദ്ദേഹം ജീവിക്കാത്ത ഒരു ജീവിതം കണ്ടെത്താന്‍ പറഞ്ഞാല്‍ അത് അല്‍പ്പം ബുദ്ധിമുട്ടുള്ള സംഗതി തന്നെ. മലയാളസിനിമയുടെ നടുമുറ്റത്ത് ഒരു സിംഹാസനമിട്ട് അതില്‍ താരരാജാവായി മമ്മൂട്ടി ഇരിക്കുകയാണ്. ആ സിംഹാസനത്തിനൊരു വെല്ലുവിളി ഉയര്‍ത്താന്‍ മറ്റൊരു നടനും കഴിഞ്ഞില്ല. മോഹന്‍ലാല്‍ എന്നൊരു ഇതിഹാസം മമ്മൂട്ടിക്ക് സമാന്തരമായി ഒഴുകുന്നു എന്നതല്ലാതെ!

മമ്മൂട്ടിക്ക് എതിരാളിയാണോ മോഹന്‍ലാല്‍? മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ ഒരു മത്സരമുണ്ടോ? മമ്മൂട്ടിയും ലാലും ശത്രുതയിലാണോ? ഇത്തരം ചോദ്യങ്ങളിലൂടെയാണ് മൂന്നു പതിറ്റാണ്ടുകളായി മലയാളികളുടെ ജീവിതം നീങ്ങുന്നത്. അവര്‍ പരസ്പരം സംസാരിക്കുന്നതിന്‍റെ ഒരു ചിത്രം കണ്ടാല്‍, അവര്‍ തമ്മില്‍ പിണങ്ങി എന്നൊരു വാര്‍ത്ത കേട്ടാല്‍ മലയാളികള്‍ ആഴ്ചകളോളം അതേക്കുറിച്ച് സംസാരിക്കുന്നു. എന്നാല്‍ ഈ മുപ്പത് വര്‍ഷവും മലയാളികള്‍ക്ക് ഉത്തരം കിട്ടാതിരുന്ന ഒരു ചോദ്യമുണ്ട്. അതാണ് ഏറ്റവും വലിയ ചോദ്യം - മമ്മൂട്ടിയാണോ മോഹന്‍ലാലാണോ മികച്ച നടന്‍?

സ്കൂള്‍ കുട്ടികളും കോളജ് വിദ്യാര്‍ത്ഥികളും സമയം പോകാനായി എടുത്തിടുന്ന ആദ്യത്തെ ചോദ്യമാണിത് - മമ്മൂട്ടിയാണോ മോഹന്‍ലാലാണോ മികച്ച നടന്‍? ഈ ചോദ്യത്തിനു മേല്‍ എത്രനേരം വേണമെങ്കിലും പരസ്പരം വാദിക്കാം, തര്‍ക്കിക്കാം. വേണമെങ്കില്‍ ഒരു വര്‍ഷത്തോളം തര്‍ക്കിക്കാം. എന്നാല്‍ അന്തിമമായി എന്ത് ഉത്തരം ലഭിച്ചു എന്നുചോദിച്ചാല്‍ കൈമലര്‍ത്തും എല്ലാവരും. അവര്‍ക്കറിയാം, മമ്മൂട്ടിയും മോഹന്‍ലാലും നല്ല നടന്‍‌മാരാണ്. ആരാണ് ഏറ്റവും മികച്ചത് എന്ന് തുലനം ചെയ്യാനാവാത്ത വിധം മികച്ചവര്‍.

മമ്മൂട്ടി ചെയ്യുന്ന കഥാപാത്രങ്ങളെ മോഹന്‍ലാലിന് കഴിയുമോ എന്നൊരു ചോദ്യവും ലാല്‍വേഷങ്ങളെ മമ്മൂട്ടിക്ക് ചേരുമോ എന്ന മറുചോദ്യവും മറ്റൊരു തര്‍ക്കവിഷയമാണ്. വടക്കന്‍ വീരഗാഥയിലെ ചന്തുവിനെയും പഴശ്ശിരാജയെയും ദി കിംഗിലെ ജോസഫ് അലക്സിനെയും മോഹന്‍ലാല്‍ അവതരിപ്പിച്ചാല്‍ എങ്ങനെയിരിക്കും എന്നാണ് ചോദ്യം. തേന്‍‌മാവിന്‍ കൊമ്പത്തിലെ മാണിക്യനെയും കിലുക്കത്തിലെ ജോജിയെയും കമലദളത്തിലെ നന്ദഗോപനെയും മമ്മൂട്ടി അവതരിപ്പിച്ചാലോ?

ഈ ചോദ്യങ്ങള്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നുനില്‍ക്കും എന്നല്ലാതെ ഇവരുടെ പ്രതിഭയെ അളക്കാന്‍ അവയ്ക്കൊന്നും കഴിയില്ല. മമ്മൂട്ടിയും മോഹന്‍ലാലും മലയാള സിനിമയെ രണ്ട് നാട്ടുരാജ്യങ്ങളായി വിഭജിച്ച് അവിടെ വാണരുളുകയാണ്. ആരും അതിര്‍ത്തി ഭേദിക്കുന്നില്ല. ആരും വെല്ലുവിളിക്കുന്നുമില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :