പൃഥ്വിരാജിന് 30 വയസ് തികഞ്ഞു. സിനിമയിലെത്തിയിട്ട് 10 വര്‍ഷവും കഴിഞ്ഞു. എന്താണ് മലയാള സിനിമയില്‍ ഇന്ന് പൃഥ്വി എന്ന നടന്? എവിടെയാണ് അദ്ദേഹത്തിന്റെ സ്ഥാനം? അദ്ദേഹം സൂപ്പര്‍സ്റ്റാറാണോ? ഈ ചോദ്യങ്ങള്‍ ഉയരുമ്പോഴും അവയ്ക്കെല്ലാം ഒരു ചെറുചിരിയില്‍ മറുപടി നല്കി തന്റെ കര്‍മ്മത്തില്‍ മുഴുകുകയാണ് പൃഥ്വി ചെയ്യാറ്. ഈയിടെയായി മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ പോലും വിരളം. പൃഥ്വി ഏറെ മാറിയിരിക്കുന്നു. പൊട്ടിത്തെറിച്ച് അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്ന പൃഥ്വിയെ ഇപ്പോള്‍ കാണാനാവില്ല. പക്വമായി കാര്യങ്ങളെ സമീപിക്കുന്നു. ഏതെങ്കിലും വിഷയത്തില്‍ അഭിപ്രായം പറയുമ്പോള്‍ കൂടുതല്‍ ആലോചിക്കുന്നു. മലയാളത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ താരമൂല്യമുള്ള നടന് ഇന്ന് മലയാളവും തമിഴും തെലുങ്കും കഴിഞ്ഞ് ബോളിവുഡിലുമെത്തിയിരിക്കുന്നു.