ഒറ്റപ്പാലത്തുനിന്ന് തുടങ്ങിയ മലേഷ്യ വാസുദേവന്‍

WEBDUNIA|
PRO
PRO
ഞായറാഴ്ച ഉച്ചയോടെ ചെന്നൈയില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍, അറുപത്തിയാറാമത്തെ പൊലിഞ്ഞ മലേഷ്യാ വാസുദേവനെന്ന ഗായകന്‍ പാലക്കാടിനടുത്തുള്ള ഒറ്റപ്പാലത്തുനിന്ന് മലേഷ്യയിലെ റബര്‍ എസ്റ്റേറ്റിലേക്ക് ഉപജീവനത്തിനായി കേരളം വിട്ട ചന്തു നായരുടെയും പൊല്‍പ്പുള്ളി സ്വദേശിനി അമ്മാളുഅമ്മയുടെയും എട്ടാമത്തെ മകനാണെന്ന് എത്ര പേര്‍ക്കറിയാം? തമിഴ് സിനിമയോടൊപ്പമാണ് വാസുദേവന്‍ വളര്‍ന്നതെങ്കിലും സ്വന്തം ഭാഷയായ മലയാളത്തിനായി ഈ ഗായകന്‍ ഒരിടം സൂക്ഷിച്ചു.

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മൂന്ന് വര്‍ഷം മുമ്പ് 1944-ലാണ് വാസുദേവന്‍ ജനിച്ചത്. സംഗീതത്തിന്‍റെ ആദ്യപാഠങ്ങള്‍ പഠിച്ചത് ചന്തു നായരില്‍ നിന്നുതന്നെ. മലേഷ്യയിലെ തമിഴ് വംശജര്‍ക്കിടയില്‍ അക്കാലത്ത് പ്രചാരത്തില്‍ ഉണ്ടായിരുന്ന ടൂറിംഗ് ടാക്കീസുകളില്‍ ജോലിചെയ്തുകൊണ്ട് ഒട്ടേറെ തമിഴ് സിനിമകള്‍ കണ്ട വാസുദേവന്‍ തമിഴ് സിനിമാ സംഗീതത്തെ പ്രണയിച്ചു. മദ്രാസില്‍ വന്ന് എടുക്കാന്‍ തീരുമാനിച്ച മലേഷ്യന്‍ നിര്‍മാണക്കമ്പനിക്കൊപ്പം മുപ്പത്തിമൂന്നാമത്തെ വയസില്‍ വാസുദേവന്‍ തമിഴകത്തെത്തി.

മലേഷ്യയില്‍ വന്‍ ഹിറ്റായ 'രഥപേയി' എന്ന നാടകം സിനിമയാക്കുന്നതുമായി ബന്ധപ്പെട്ടാണ് വാസുദേവന്‍ തമിഴ്‌നാട്ടില്‍ എത്തിയത്. സിനിമ പൂര്‍ത്തിയാക്കി നിര്‍മാണക്കമ്പനി തിരിച്ചുപോയി. വാസുദേവന്‍ പോയില്ല. അപ്പോഴത്തെ പ്രമുഖ സംഗീത സംവിധായകന്‍ ജി കെ വെങ്കിടേഷിന്റെ അസിസ്റ്റന്റ് ആയിരുന്നു വാസുദേവന്റെ സുഹൃത്ത്. ഈ സുഹൃത്താണ് പിന്നീട് ഇളയരാജയെന്ന പേരില്‍ തമിഴകം കീഴടക്കിയത്. ഇളയരാജയും സഹോദരങ്ങളും ചേര്‍ന്നുള്ള പല്ലവര്‍ ബ്രദേഴ്സ് ട്രൂപ്പില്‍ വാസുദേവനും പാടിത്തുടങ്ങി. അവസാനം ഭാഗ്യം വാസുദേവനെ തേടിവന്നു. 1972-ല്‍ ‘ഡല്‍ഹി റ്റു മദ്രാസ്’ എന്ന ചിത്രത്തിന് വേണ്ടി വാസുദേവന്‍ പാടിയ ഗാനങ്ങള്‍ തീയേറ്ററുകളില്‍ മുഴങ്ങി.

ഭാരതിരാജയും ഇളയരാജയും രജനീകാന്തും കമലഹാസനും ഒരുമിച്ച ‘പതിനാറ് വയതിനിലെ’ എന്ന ചിത്രത്തില്‍ പാടിയ ഗാനം ശ്രദ്ധിക്കപ്പെട്ടതോടെ സംഗീത പ്രേമികളുടെ മനസ്സില്‍ ‘വാസുദേവന്‍’ സ്ഥാനം പിടിച്ചു. ഇതിനിടെ തന്റെ പേരിനൊപ്പം പിറന്ന നാടിന്റെ പേരായ ‘മലേഷ്യ’ എന്ന് കൂട്ടിച്ചേര്‍ക്കാനും വാസുദേവന്‍ മറന്നില്ല. തുടര്‍ന്ന് ദേവ, ശങ്കര്‍ ഗണേഷ്, എം എസ് വിശ്വനാഥന്‍, എആര്‍ റഹ്‌മാന്‍, വിദ്യാസാഗര്‍ തുടങ്ങി നിരവധി സംഗീതസംവിധായകരുടെ പാട്ടുകള്‍ പാടാന്‍ അവസരം ലഭിച്ചു. ഒപ്പം, ഒരു കൈതിയിന്‍ ഡയറി, ജെല്ലിക്കെട്ട്, പൂവേ ഉനക്കാകേ, പുന്നകൈദേശം, തിരുടാ തിരുടാ തുടങ്ങിയ എണ്‍പത്തഞ്ചോളം ചിത്രങ്ങളിലും മലേഷ്യാ വാസുദേവന്‍ അഭിനയിക്കുകയും ചെയ്തു.

മാതൃഭാഷയായ മലയാളത്തിലും മലേഷ്യാ വാസുദേവന്‍ അരക്കൈ നോക്കിയിട്ടുണ്ട്. കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികളിലെ ‘താനേ ചിതലേറും കോലങ്ങള്‍, തീരാ ശനിശാപ ജന്മങ്ങള്‍‍’, ‘കാക്കോത്തിയമ്മയ്ക്കു തിരുഗുരുതി വേണം കൊടം കള്ള് കൊണ്ടാ കരിങ്കോഴി കൊണ്ടാ’ എന്നിവ വാസുദേവന്റെ സംഗീതമാധുരി നമ്മെ അറിയിച്ച പാട്ടുകളാണ്. കാബൂളിവാലയിലെ ‘പിറന്നൊരീ മണ്ണും മാറുകില്ല, നിറഞ്ഞൊരീ കണ്ണും തോരുകില്ല’, വിഷ്ണുലോകം എന്ന സിനിമയില്‍ രവീന്ദ്രന്റെ സംഗീത സംവിധാനത്തില്‍ പാടിയ 'പാണപ്പുഴ പാടിനീര്‍ത്തി നന്തുണിപ്പാട്ട് ചൊല്ലാക്കഥയിലെ കാണാപ്പൊരുളിലെ' അനശ്വരം എന്ന സിനിമയിലെ ‘കല്ലെല്ലാം കര്‍പ്പൂരമുത്തുപോലെ ഈ പുല്ലെല്ലാം കസ്തൂരിമുല്ല പോലെ’, നാടോടിക്കാറ്റിലെ ‘ജുംബാ ജുംബാ ജുംബാ ജുംബാ ജുംബാ ജുംബാ ജുംബാ ജുംബാ’ എന്നിവയും ഓര്‍മയില്‍ ഓടിയെത്തുന്ന പാട്ടുകള്‍ തന്നെ.

കുറച്ച് വര്‍ഷക്കാലമായി സിനിമയില്‍ നിന്ന് അകന്നു കഴിയുകയായിരുന്നു വാസുദേവന്‍. അസുഖം തന്നെ കാരണം. വല്ലപ്പോഴും ചില റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുക മാത്രം ചെയ്തു. റിയാലിറ്റി ഷോകളില്‍ ചെറുപ്പക്കാര്‍ വന്ന് തന്‍റെ പാട്ടുകള്‍ പാടുന്നത് ആവേശത്തോടെ അദ്ദേഹം കേട്ടിരുന്നു. പൂര്‍ണമായും രോഗത്തിനു കീഴടങ്ങി രോഗശയ്യയില്‍ ആകുന്നതിനു തൊട്ടു മുമ്പ് ഒരു അഭിമുഖത്തില്‍ വാസുദേവന്‍ ഇങ്ങിനെ പറഞ്ഞു, “പാടുന്നതിന് പ്രതിഫലം കിട്ടുമ്പോള്‍ ആ പണം ഞാന്‍ എണ്ണിനോക്കിയിട്ടില്ല. കിട്ടിയതു വാങ്ങി. പക്ഷേ, ഈ ജീവിതം എനിക്ക് പണത്തേക്കാളേറെ അനുഭവങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. അതുമാത്രം മതി എനിക്ക്!”

(ഫോട്ടോ: വാസുദേവന്‍ യേശുദാസിനൊപ്പം)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :