അരവിന്ദ് സ്വാമി തിരിച്ചുവരുന്നു, വില്ലന്‍ വേഷത്തില്‍!

WEBDUNIA|
PRO
റോജ, ബോംബെ, ദേവരാഗം തുടങ്ങിയ സിനിമകളിലൂടെ ഇന്ത്യന്‍ സിനിമയില്‍ സ്ത്രീ പ്രേക്ഷകരുടെ ഇഷ്ടനായകനായി മാറിയ അരവിന്ദ് സ്വാമി തിരിച്ചുവരുന്നു. പ്രണയകഥ പറയുന്ന ഏതെങ്കിലും സിനിമയിലെ നായകനായല്ല പക്ഷേ, സ്വാമിയുടെ വരവ്. ഇത്തവണ കൊടിയ വില്ലനാണ്. ചെറിയ പുഞ്ചിരിയോടെ ക്രൂരകൃത്യങ്ങള്‍ ചെയ്യുന്ന വില്ലന്‍. അതേ, അരവിന്ദ് സ്വാമിയുടെ പുതിയ മുഖം പ്രേക്ഷകരെ ഞെട്ടിക്കുന്ന രീതിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് തമിഴ് സംവിധായകന്‍ തിരു.

തിരു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ വിശാലും തൃഷയുമാണ് ജോഡി. ഒരു ആക്ഷന്‍ ലവ് സ്റ്റോറിയാണ് ഈ ചിത്രം പറയുന്നത്. ചിത്രത്തില്‍ വിശാലിനെതിരെ കരുക്കള്‍ നീക്കുന്ന വില്ലനായാണ് അരവിന്ദ് സ്വാമി എത്തുന്നത്.

സിനിമയില്‍ നിന്ന് അകന്ന് തന്‍റെ ബിസിനസ് കാര്യങ്ങളുമായി കഴിഞ്ഞുകൂടുകയായിരുന്ന അരവിന്ദ് സ്വാമിയെ തിരുവും വിശാലും ചെന്നുകണ്ടാണ് ഈ പ്രൊജക്ടിനെക്കുറിച്ച് പറഞ്ഞത്. ആദ്യം താല്‍പ്പര്യം കാട്ടാതിരുന്ന സ്വാമി തിരക്കഥ വായിച്ചതോടെ സമ്മതിച്ചു. സിനിമയില്‍ ഇപ്പോഴുള്ള തന്‍റെ ഇമേജ് തകര്‍ക്കുന്ന രീതിയില്‍ ഒരു കഥാപാത്രത്തെയാണ് സ്വാമിക്ക് ലഭിച്ചിരിക്കുന്നത്.

1991ല്‍ ദളപതി എന്ന ചിത്രത്തിലൂടെ മണിരത്നമാണ് അരവിന്ദസ്വാമിയെ സിനിമാലോകത്തെത്തിക്കുന്നത്. പിന്നീട് മണിരത്നത്തിന്‍റെ തന്നെ റോജ, ബോംബെ എന്നീ സിനിമകള്‍ സ്വാമിയെ ഇന്ത്യന്‍ സിനിമയിലെ പ്രണയനായകനാക്കി. പിന്നീട് മറുപടിയും, ഡാഡി, താലാട്ട്, പാശമലര്‍ഗള്‍, മൌനം, ഇന്ദിര, ദേവരാഗം, മിന്‍‌സാരക്കനവ്, സാത് രംഗ് കേ സപ്നേ, എന്‍ ശ്വാസക്കാറ്റേ, പുതയല്‍, അലൈപായുതേ, രാജാ കോ റാണി സേ പ്യാര്‍ ഹോ ഗയാ, ശാസനം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച അരവിന്ദ് സ്വാമി ഒടുവില്‍ സിനിമ ഉപേക്ഷിച്ച് ബിസിനസിലേക്ക് തിരിയുകയായിരുന്നു.

തിരു സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ സംഗീതം യുവന്‍ ഷങ്കര്‍ രാജയാണ്. വിശാലിന് ഏറെ പ്രതീക്ഷയുള്ള പ്രൊജക്ടാണിത്. ത്രിഷയെ തന്‍റെ നായികയാക്കാന്‍ വിശാല്‍ ഏറെക്കാലമായി ശ്രമിച്ചുവരികയായിരുന്നു. സത്യം, തോരണൈ, തീരാത്ത വിളയാട്ടുപിള്ളൈ, വെടി എന്നീ വിശാല്‍ സിനിമകളില്‍ ആദ്യം നായികയയി പരിഗണിച്ചത് തൃഷയെയായിരുന്നു. എന്നാല്‍ തിരക്കഥ ഇഷ്ടമാകാതെ അവയെല്ലാം നിരസിച്ചു. ഒടുവില്‍ ഈ സ്ക്രിപ്റ്റ് ഇഷ്ടപ്പെട്ടപ്പോള്‍ വിശാലിനൊപ്പം അഭിനയിക്കാമെന്ന് തൃഷ സമ്മതിക്കുകയും ചെയ്തു.

എന്തായാലും വിശാല്‍, തൃഷ, അരവിന്ദ് സ്വാമി ടീമിന്‍റെ ചിത്രം റിലീസാകാന്‍ കാത്തിരിക്കുകയാണ് കോളിവുഡ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :