സംവിധായകന്‍ ചെയ്തത് ശരിയായില്ല: ശ്രേയ

WEBDUNIA|
PRO
തമിഴിലെ പ്രശസ്ത നിര്‍മ്മാതാവ് വിക്രം റെഡ്ഡിയുടെ ഭാര്യയും നടിയുമായ ശ്രേയ റെഡ്ഡിക്ക് കലിയടങ്ങുന്നില്ല. ഒടുവില്‍ ട്വിറ്ററില്‍ രോഷപ്രകടനം നടത്തിയാണ് ശ്രേയ തല്‍ക്കാലം അടങ്ങിയത്. “ഭൂപതി പാണ്ഡ്യന്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രം ഞങ്ങള്‍ ഉപേക്ഷിക്കുകയാണ്. സംവിധായകന്‍റെ പ്രൊഫഷണലിസമില്ലാത്ത നിലപാട് തന്നെ കാരണം” - ശ്രേയ പറയുന്നു.

ഭൂപതി പാണ്ഡ്യന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ശ്രേയയും ഭര്‍ത്താവും ചേര്‍ന്ന് നിര്‍മ്മിക്കാനിരുന്നതാണ്. ശ്രേയയുടെ ഭര്‍ത്താവിന്‍റെ സഹോദരനായ വിശാലിനെയാണ് നായകനാക്കി നിശ്ചയിച്ചിരുന്നത്. വിശാലിന്‍റെ ‘മലൈക്കോട്ടൈ’ എന്ന മെഗാഹിറ്റ് ചിത്രം സംവിധാനം ചെയ്തത് ഭൂപതി പാണ്ഡ്യനാണ്. എന്നാല്‍ ആരോടും ആലോചിക്കാതെ വിശാലിനെ തന്‍റെ ചിത്രത്തില്‍ നിന്ന് ഭൂപതി പാണ്ഡ്യന്‍ ഒഴിവാക്കി. പകരം യുവസൂപ്പര്‍താരം ആര്യയെ തന്‍റെ ചിത്രത്തിലെ നായകനുമാക്കി.

(വിക്രമിനെ നായകനാക്കി ‘വെടി’ എന്ന ചിത്രം ഭൂപതി പാണ്ഡ്യന്‍ ചെയ്യാനിരുന്നതാണ്. പിന്നീട് വിക്രം ആ പ്രൊജക്ടില്‍ നിന്ന് പിന്‍‌മാറി. ആ കഥയാണ് പിന്നീട് വിശാലിനെ നായകനാക്കി ചെയ്യാന്‍ ആലോചിച്ചത്. ഇപ്പോഴിതാ വിശാലിനെയും ഒഴിവാക്കി ആര്യയെ പിടിച്ചിരിക്കുകയാണ് സംവിധായകന്‍. രസകരമായ വസ്തുത തന്നെയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത് എന്നതാണ്). വിശാലിനെ ഒഴിവാക്കി ആര്യയെ പിടികൂടിയത് മറ്റൊരു കുഴപ്പത്തിനും വഴിവച്ചിരിക്കുകയാണ്. വിശാലിന്‍റെ ഏറ്റവും അടുത്ത സുഹൃത്താണ് ആര്യ. ഇരുവരും ഒന്നിച്ച് ‘അവന്‍ ഇവന്‍’ എന്നൊരു സിനിമ ചെയ്ത് കഴിഞ്ഞതേയുള്ളൂ. ആര്യ തനിക്ക് പാരയായി മാറി എന്ന് വിശാല്‍ ചിന്തിച്ചാലോ എന്ന ഭയമുണ്ട് ആര്യയ്ക്ക്. അതുകൊണ്ടുതന്നെ വിശാലിനെ നായകനാക്കി പടം ചെയ്യാന്‍ വേണ്ടി വാങ്ങിയ അഡ്വാന്‍സ് തിരികെ നല്‍കാന്‍ ഭൂപതി പാണ്ഡ്യനെ ഉപദേശിച്ചിരിക്കുകയാണ് ആര്യ.

എന്തായാലും നിര്‍മ്മാതാക്കള്‍ക്കെല്ലാം തലവേദനയായ ഭൂപതി പാണ്ഡ്യനെതിരെ നിയമനടപടികള്‍ക്കൊന്നും ശ്രേയാ റെഡ്ഡി മുതിരുന്നില്ല. അഡ്വാന്‍സ് തിരികെ ലഭിച്ചാല്‍ തന്നെ വലിയ കാര്യമെന്നാണത്രെ അവര്‍ ചിന്തിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :