Last Modified വ്യാഴം, 17 ഡിസംബര്‍ 2015 (18:05 IST)
മലയാള സിനിമയിലെ ഒന്നാം നിര നായികയായി കത്തിനിന്ന സമയത്താണ് ഭാവനയുടെ കരിയറില്‍ ഒരു പ്രശ്നമുണ്ടായത്. ഒരു പ്രമുഖ നായകനടന്‍റെ കുടുംബപ്രശ്നത്തില്‍
ഭാവന ഇടപെടുകയും അദ്ദേഹത്തിന്‍റെ ഭാര്യയുടെ ഭാഗത്ത് നിലയുറപ്പിക്കുകയും ചെയ്തു. അതിനുശേഷം ആ നടന്‍ ഇടപെട്ട് ഭാവനയുടെ അവസരങ്ങളെല്ലാം തട്ടിത്തെറിപ്പിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. അതിന്‍റെ സത്യാവസ്ഥകള്‍ ഭാവന ഇപ്പോള്‍ വെളിപ്പെടുത്തുകയാണ്.
“അതൊരു വെറും ഗോസിപ്പ് മാത്രമായിരുന്നില്ല. സത്യമാണ്. എന്‍റെ സുഹൃത്തായ ഒരു സ്ത്രീ അവരുടെ കുടുംബജീവിതത്തില്‍ ഒരു പ്രശ്നമുണ്ടായപ്പോള്‍ എന്നോട് സഹായം ചോദിച്ചു. അത്തരം സാഹചര്യങ്ങള്‍ ഭാവിയില്‍ എന്‍റെ ജീവിതത്തിലുമുണ്ടായേക്കാം. അതുകൊണ്ടുതന്നെ ഞാന്‍ അവരെ സഹായിക്കാമെന്നേറ്റു. ആ വിഷയത്തില്‍ അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്തു. അത് എന്‍റെ ജീവിതത്തിലും പ്രശ്നങ്ങളുണ്ടാക്കി. എന്‍റെ മനസാക്ഷി എന്നോടുപറഞ്ഞതേ ഞാന്‍ ചെയ്തിട്ടുള്ളൂ” - ഡെക്കാണ്‍ ക്രോണിക്കിളിന് അനുവദിച്ച അഭിമുഖത്തില്‍ ഭാവന വ്യക്തമാക്കുന്നു.
ആ തീരുമാനത്തിന് ശേഷം തനിക്ക് ഒട്ടേറെ പ്രൊജക്ടുകള്‍ നഷ്ടമായതായി ഭാവന പറയുന്നു. “അതേ, ആ വഴിയില്‍ എനിക്ക് ഒരുപാട് സിനിമകള്‍ നഷ്ടമായി. എന്നാല്‍ തുറന്നുപറയട്ടേ, ആ സിനിമകളൊക്കെ ബോക്സോഫീസില്‍ തകര്‍ന്നുതരിപ്പണമായി. അങ്ങനെ എന്നെ ഒഴിവാക്കിയത് ഒരു അനുഗ്രഹമായാണ് ഇപ്പോള്‍ ഞാന്‍ ചിന്തിക്കുന്നത്. ഒരുപാട് മോശം പ്രൊജക്ടുകളില്‍ നിന്ന് അകന്നുനില്‍ക്കാന്‍ അതുകൊണ്ട് എനിക്ക് കഴിഞ്ഞു” - ഭാവന പറയുന്നു.
“മലയാളത്തില്‍ എനിക്കൊരു ഗ്യാപ് വന്നതായി ഞാന്‍ കരുതുന്നില്ല. കഴിഞ്ഞ അഞ്ചുവര്‍ഷമായി, ഒരു വര്‍ഷം രണ്ടുസിനിമകള്‍ മാത്രമാണ് ഞാന്‍ ചെയ്യുന്നത്. സിനിമകളുടെ എണ്ണം കൂട്ടുന്നതില്‍ എനിക്ക് താല്‍പ്പര്യമില്ല. ഈവര്‍ഷവും ഞാന്‍ രണ്ടുസിനിമകള്‍ ചെയ്തു. ഞാന്‍ ഇപ്പോള്‍ സെലക്ടീവായി. എന്‍റെ ഡിമാന്‍റുകള്‍ അംഗീകരിക്കുന്നവരുടെ പ്രൊജക്ടുകളെ ഞാന്‍ സൈന്‍ ചെയ്യാറുള്ളൂ” - ഭാവന വ്യക്തമാക്കുന്നു.
“തിരക്കഥയ്ക്ക് മാത്രമല്ല, എനിക്ക് ലഭിക്കുന്ന പ്രതിഫലത്തിന്‍റെ കാര്യത്തിലും ഞാന്‍ പ്രാധാന്യം കൊടുക്കുന്നുണ്ട്. തിരക്കഥ നല്ലതാണെങ്കില്‍ പോലും ഞാന്‍ ആവശ്യപ്പെടുന്ന പ്രതിഫലം ലഭിച്ചെങ്കില്‍ മാത്രമേ ഞാന്‍ ഇപ്പോള്‍ സിനിമകള്‍ ഏറ്റെടുക്കാറുള്ളൂ. ഞാന്‍ വലിയ പ്രതിഫലം ചോദിക്കും എന്നല്ല. മലയാളം ഇന്‍ഡസ്ട്രിക്ക് യോജിച്ച പ്രതിഫലം മാത്രമേ ഞാന്‍ ആവശ്യപ്പെടാറുള്ളൂ. നാലോ അഞ്ചോ പടം കഴിയുമ്പോഴേക്കും നായകന്‍മാര്‍ക്ക് 70 ലക്ഷം പ്രതിഫലം നല്‍കാന്‍ തയ്യാറാകുന്ന നിര്‍മ്മാതാക്കള്‍ ഇവിടെയുണ്ട്” - ഭാവന ചൂണ്ടിക്കാട്ടുന്നു.
അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഹലോ നമസ്തേ എന്നീ ചിത്രങ്ങളിലാണ് ഭാവന ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.