Last Modified വ്യാഴം, 21 ഏപ്രില്‍ 2016 (16:38 IST)
പൃഥ്വിരാജിന്‍റെ ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് സിനിമയാണ് ‘പാവാട’. ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ഈ ചിത്രം നിര്‍മ്മിച്ചത് മണിയന്‍പിള്ള രാജുവാണ്. മെഗാഹിറ്റായ സിനിമ മണിയന്‍പിള്ള രാജു നിര്‍മ്മിച്ച സിനിമകളില്‍ ഏറ്റവുമധികം പണം വാരിയ ചിത്രവുമാണ്.
ഈ സിനിമയില്‍ പൃഥ്വിരാജിന്‍റെ അമ്മയായി അഭിനയിച്ചത് ആശാ ശരത് ആണ്. ശോഭന ഉള്‍പ്പടെയുള്ളവരെ പരിഗണിച്ചതിന് ശേഷമാണ് ഒടുവില്‍ ആശാ ശരത്തിനെ ആ വേഷത്തിലേക്ക് തീരുമാനിക്കുന്നത്. പലവിധ ഒഴിവുകഴിവുകള്‍ പറഞ്ഞ് ശോഭന ഈ കഥാപാത്രത്തെ വേണ്ടെന്നുവയ്ക്കുകയായിരുന്നു എന്ന് മണിയന്‍പിള്ള രാജു പറയുന്നു.
“പൃഥ്വിരാജിന്‍റെ അമ്മയായ സിസിലി വര്‍ഗീസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ശോഭനയെയാണ് ആദ്യം വിളിച്ചത്. ഡാന്‍സ് പ്രോഗ്രാമുണ്ട്, മകളുണ്ട്, ചെന്നൈ വിട്ടുവരാന്‍ പറ്റില്ല എന്നുപറഞ്ഞ് ശോഭന ഒഴിയാന്‍ നോക്കി. മദ്രാസില്‍ ഷൂട്ട് ചെയ്യാന്‍ ഞങ്ങള്‍ ഒരുക്കമായിരുന്നു. അന്നേരമാണ് പൃഥ്വിരാജിന്‍റെ ചേച്ചി വരെയാകാം, അമ്മയാകാന്‍ പറ്റില്ല എന്ന് തുറന്നുപറഞ്ഞത്” - വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ മണിയന്‍പിള്ള രാജു പറയുന്നു.