സൂര്യയെയും കാര്‍ത്തിയെയും ഒന്നിപ്പിക്കാന്‍ ശ്രമിച്ചു, പിന്നീട് കാര്‍ത്തിയെ ഒഴിവാക്കി!

സൂര്യ, അഞ്ചാന്‍, കാര്‍ത്തി, ലിംഗുസാമി, സമാന്ത
Last Modified തിങ്കള്‍, 18 ഓഗസ്റ്റ് 2014 (15:55 IST)
സൂര്യയെയും സഹോദരന്‍ കാര്‍ത്തിയെയും ഒരുമിപ്പിക്കാനായി സംവിധായകന്‍ ലിംഗുസാമി ആലോചിച്ച കഥയാണ് അഞ്ചാന്‍. എന്നാല്‍ പിന്നീട് കാര്‍ത്തിയെ ഒഴിവാക്കി അഞ്ചാനിലെ രണ്ട് കഥാപാത്രങ്ങളും തന്നെ ചെയ്യട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു.

"ആദ്യം ഈ കഥ സൂര്യയെയും കാര്‍ത്തിയെയും ഒന്നിപ്പിക്കാന്‍ വേണ്ടി ആലോചിച്ചതാണ്. പിന്നീട് സൂര്യയ്ക്ക് ഡബിള്‍ റോള്‍ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഞാന്‍ പറഞ്ഞ പല കഥകളും സൂര്യ തിരസ്കരിച്ച ശേഷമാണ് മുമ്പൊരിക്കല്‍ കാര്‍ത്തിയോട് പറഞ്ഞ അഞ്ചാന്‍റെ കഥ പറയുന്നത്. ഒരാഴ്ചകൊണ്ട് എന്‍റെ ടീമുമായി ചേര്‍ന്ന് തിരക്കഥയുണ്ടാക്കി. അത് സൂര്യയ്ക്ക് ഇഷ്ടപ്പെട്ടു. ഈ തിരക്കഥ സൂര്യയ്ക്കായി മാത്രം എഴുതിയതാണ്" - ലിംഗുസാമി വ്യക്തമാക്കുന്നു.

"അഞ്ചാനില്‍ അധോലോകം ഒരു പശ്ചാത്തലം മാത്രമാണ്. പ്രണയത്തിനും സൌഹൃദത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. രാജു ഭായ് എന്ന കഥാപാത്രം ഒരു അധോലോകനായകന്‍ മാത്രമല്ല. വിജയ്ക്ക് പോക്കിരി പോലെയോ അജിത്തിന് ബില്ല പോലെയോ ആണ് സൂര്യയ്ക്ക് അഞ്ചാന്‍. പൂര്‍ണമായും സൂര്യ ആരാധകര്‍ക്ക് വേണ്ടി ഒരു സിനിമ" - ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ലിംഗുസാമി പറയുന്നു.

"റണ്‍ എന്ന സിനിമയ്ക്ക് ശേഷം പ്രേക്ഷകര്‍ ഒരു പ്രത്യേക തരത്തിലുള്ള ചിത്രങ്ങള്‍ എന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നു. എന്‍റെ സിനിമകളില്‍ മികച്ച ആക്ഷന്‍ രംഗങ്ങള്‍ ഉണ്ടാകുമെന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നു. ഞാനും എങ്ങനെ മികച്ച സ്റ്റണ്ട് രംഗങ്ങള്‍ ചിത്രീകരിക്കാം എന്ന് ആലോചിക്കുന്നു. ആക്ഷന്‍ ഒഴിവാക്കി ഒരു പ്രണയചിത്രമോ മറ്റോ ഞാന്‍ എടുത്താല്‍ പ്രേക്ഷകര്‍ അത് തിരസ്കരിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നുണ്ട്. ഞാന്‍ ആക്ഷന്‍ സിനിമകള്‍ ചെയ്യുന്നത് ആസ്വദിച്ചുതന്നെയാണ്. ഒരുദിവസം ഞാനും ദീവാറോ ഷോലെയോ പോലെ ഒരു ആക്ഷന്‍ ക്ലാസിക്കുമായി വരുമെന്ന് പ്രതീക്ഷിക്കാം. ആക്ഷന്‍ രംഗങ്ങള്‍ സ്റ്റണ്ട് മാസ്റ്റര്‍ക്ക് വിട്ടുകൊടുക്കുന്ന സംവിധായകനല്ല ഞാന്‍" - ലിംഗുസാമി പറയുന്നു.

ലിംഗുസാമി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ കാര്‍ത്തിയാണ് നായകന്‍. 'ഇനി ഏഴുനാള്‍' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :