Last Modified ചൊവ്വ, 9 ഫെബ്രുവരി 2016 (18:22 IST)
മമ്മൂട്ടിയെ നായകനാക്കി നിര്‍മ്മിച്ച സിനിമയുടെ കടം വീട്ടാന്‍ തനിക്ക് മൂന്നുവര്‍ഷം വേണ്ടിവന്നതായി മണിയന്‍പിള്ള രാജു. മൂന്നുവര്‍ഷം സിനിമയില്‍ അഭിനയിച്ചാണ് താന്‍ ആ കടം വീട്ടിയതെന്നും രാജു പറയുന്നു. ‘അനശ്വരം’ എന്ന ആക്ഷന്‍ സിനിമയുടെ പരാജയത്തില്‍ നിന്ന് കരകയറിയതിനെക്കുറിച്ചാണ് രാജു പറയുന്നത്.
മണിയന്‍പിള്ള രാജു നിര്‍മ്മിച്ച നാലാമത്തെ സിനിമയായിരുന്നു അനശ്വരം. “അനശ്വരത്തോടെ ഞാന്‍ കടക്കാരനായി. ആ ചിത്രം പൊട്ടിപ്പോയപ്പോള്‍ ഭാര്യയുടെ സ്വര്‍ണ്ണം പോലും വില്‍ക്കേണ്ടിവന്നു. ആ പാഠം കൊണ്ട് വര്‍ഷങ്ങളോളം സിനിമയെടുത്തില്ല. മൂന്നുവര്‍ഷം അഭിനയിച്ചാണ് ആ കടം വീട്ടിയത്. എന്റെ സിനിമയില്‍ അഭിനയിച്ച ഒരാള്‍ക്കുപോലും പണം കൊടുക്കാനില്ല” - മംഗളത്തിന് അനുവദിച്ച അഭിമുഖത്തില്‍ മണിയന്‍പിള്ള രാജു പറയുന്നു.
1991ലെ സ്വാതന്ത്ര്യദിനത്തിലാണ് മമ്മൂട്ടിയുടെ അനശ്വരം റിലീസായത്. ടി എ റസാക്കിന്‍റെ തിരക്കഥയില്‍ ജോമോനായിരുന്നു ആ ചിത്രം സംവിധാനം ചെയ്തത്. ശ്വേതാ മേനോനായിരുന്നു നായിക.
ഹലോ മൈഡിയര്‍ റോംഗ് നമ്പര്‍, വെള്ളാനകളുടെ നാട്, ഏയ് ഓട്ടോ, കണ്ണെഴുതി പൊട്ടുംതൊട്ട്, അനന്തഭദ്രം, ഛോട്ടാമുംബൈ, ഒരുനാള്‍ വരും, ബ്ലാക്ക് ബട്ടര്‍ഫ്ലൈ,
പാവാട എന്നിവയാണ് മണിയന്‍പിള്ള രാജു നിര്‍മ്മിച്ച മറ്റ് സിനിമകള്‍. ഇതില്‍ പാവാടയാണ് ഏറ്റവും വലിയ ഹിറ്റ്. കോടികളാണ് ഈ ചിത്രം രാജുവിന് ലാഭം നേടിക്കൊടുത്തിരിക്കുന്നത്.