ഫേസ്ബുക്ക് നോക്കി സിനിമ കാണുന്നവര്‍ വളരെ കുറവാണ്: രഞ്ജിത്
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
ഫേസ്ബുക്കിലെ അഭിപ്രായപ്രകടനങ്ങള്‍ നോക്കിയ ശേഷം സിനിമ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നവര്‍ വളരെ കുറവാണെന്ന് സംവിധായകന്‍ രഞ്ജിത്. യഥാര്‍ത്ഥ പ്രേക്ഷകര്‍ ഇന്‍റര്‍നെറ്റിനൊക്കെ പുറത്തുനിന്നുള്ളവരാണെന്നും രഞ്ജിത് പറയുന്നു.
“ഫേസ്ബുക്ക് നോക്കി സിനിമ കാണുന്നത് വളരെ വളരെ ന്യൂനപക്ഷമാണ്. പ്രേക്ഷകര്‍ വലയ്ക്ക് പുറത്തുതന്നെയാണ്. അവനാണ് സിനിമ നല്ലതോ പൊട്ടയോ എന്ന് തീരുമാനിക്കേണ്ടത്. അതാണിപ്പോള്‍ കാണുന്നതും” - മനോരമ ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ രഞ്ജിത് പറയുന്നു.
ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍ നെറ്റുവര്‍ക്കില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും എതിരെ ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്ന് രഞ്ജിത് നിരീക്ഷിച്ചു. “രണ്ടു വലിയ നടന്‍മാരും അവരുടെ പ്രതിഭ കൊണ്ട് വീണ്ടും പ്രേക്ഷകനെ അമ്പരപ്പിച്ചപ്പോള്‍ ചിലര്‍ക്കുണ്ടായ അസഹിഷ്ണുതയാണ് നെറ്റുവര്‍ക്കില്‍ കാണുന്നത്. മോഹന്‍ലാലിനെതിരെ ശക്തമായി ചില വെബ്സൈറ്റുകള്‍ സ്ഥിരമായി പലതും പടച്ചുവിടുന്നു എന്നും എനിക്ക് തോന്നിയിട്ടുണ്ട്. പ്രണയത്തിലെ മോഹന്‍ലാലിനെയോ പ്രാഞ്ചിയേട്ടനിലെ മമ്മൂട്ടിയെയോ അവതരിപ്പിക്കാവുന്നൊരു പുതുമുഖമുണ്ടെങ്കില്‍ അയാള്‍ വരട്ടെ. പ്രതിഭകൊണ്ടാണ് വരേണ്ടത്. പിന്തുണ കൊണ്ടല്ല” - രഞ്ജിത് പറയുന്നു.
“സോഷ്യല്‍ നെറ്റുവര്‍ക്കില്‍ സിനിമയുമായി ബന്ധമില്ലാത്തവരാണ് ഭൂരിഭാഗവും. രണ്ടു നടന്‍മാരെ മാറ്റിയേ അടങ്ങൂ എന്ന അജന്‍ഡയുമായി അവര്‍ നില്‍ക്കുകയാണ്. സിനിമയെ ഗൌരവത്തോടെ കാണുന്നവരുടെ ഒരു കൂട്ടമുണ്ട് ഫേസ്ബുക്കില്‍. അവരുടെ വിലയിരുത്തലുകള്‍ പലപ്പോഴും എന്നേപ്പോലെയുള്ളവരെ തിരുത്താനും സഹായിച്ചിട്ടുണ്ട്” - രഞ്ജിത് വ്യക്തമാക്കി.