പൃഥ്വിയെപ്പോലെ എന്നെ മറ്റാരും അപമാനിച്ചിട്ടില്ല, എന്‍റെ പാട്ടുകള്‍ മാറ്റാന്‍ ഒത്തുകളിച്ചു, എനിക്കാരെയും ഭയമില്ല; പ്രശസ്ത സംഗീത സംവിധായകന്‍ തുറന്നടിക്കുന്നു!

പൃഥ്വി ഒഴിവാക്കിയിട്ടും ഉള്‍പ്പെട്ട പാട്ടിന് പുരസ്കാരം!

Last Modified ബുധന്‍, 2 മാര്‍ച്ച് 2016 (16:45 IST)
പൃഥ്വിരാജും സംവിധായകന്‍ ആര്‍ എസ് വിമലും തന്നെ അപമാനിച്ചതായി സംഗീത സംവിധായകന്‍ രമേശ് നാരായണന്‍. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചതിന് ശേഷം തന്‍റെ ഗാനങ്ങള്‍ ഉള്‍പ്പെട്ട ചിത്രത്തിലെ നായകനും സംവിധായകനുമെതിരെ സംഗീത സംവിധായകന്‍ രംഗത്തെത്തിയത് കൌതുകമായി. എന്ന് നിന്‍റെ മൊയ്തീന്‍ എന്ന സിനിമയില്‍ നിന്ന് തന്‍റെ ഗാനങ്ങള്‍ മാറ്റാനായി പൃഥ്വിരാജും വിമലും ഒത്തുകളിച്ചെന്നാണ് രമേശ് നാരായണന്‍ ആരോപിക്കുന്നത്. ചിത്രത്തിന്‍റെ ഒരു നിര്‍മ്മാതാവ് കൂടിയാണ് രമേശ് നാരായണന്‍.

“എന്നെക്കൊണ്ട് എന്നു നിന്റെ മൊയ്തീനില്‍ സംഗീത സംവിധാനം ചെയ്യിച്ചതും പാട്ടുകള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയതും പൃഥ്വിക്ക് ഇഷ്ടമായിരുന്നില്ല. എന്റെ പാട്ടുകള്‍ക്ക് അക്കാദമിക് നിലവാരം മാത്രമേയുള്ളുവെന്നായിരുന്നു പൃഥ്വിയുടെ വിലയിരുത്തല്‍. പാട്ടുകളെ സിനിമയില്‍ ഉള്‍പ്പെടുത്തേണ്ടെന്നായിരുന്നു പൃഥ്വിയുടെ തീരുമാനം” - മനോരമ ഓണ്‍‌ലൈനിന് അനുവദിച്ച അഭിമുഖത്തില്‍ രമേശ് നാരായണന്‍ പറയുന്നു.

“നിര്‍മ്മാതാവ് സുരേഷ് രാജ് കാരണമാണ് എന്റെ പാട്ടുകള്‍ സിനിമയില്‍ വന്നത്. ഞാന്‍ സംഗീതം ചെയ്യണമെന്ന് അദ്ദേഹം വാശിപിടിച്ചു. അദ്ദേഹം പൃഥ്വിരാജുമായി ഇതേപറ്റി സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു, ഈ പാട്ട് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയാല്‍ താന്‍ അഭിനയിക്കില്ല. പൃഥ്വിരാജ് എം ജയചന്ദ്രനെ വിളിച്ച് പാട്ടുകള്‍ ചെയ്യാന്‍ പറയുകയും ചെയ്തിരുന്നു. പക്ഷേ എന്നിട്ടും എന്റെ പാട്ടുകള്‍ ചിത്രത്തില്‍ വന്നു. അതിനു കാരണം, പ്രൊഡ്യൂസര്‍ മാത്രമാണ്” - രമേശ് നാരായണന്‍ പറയുന്നു.

“ഞാന്‍ ചെയ്ത പാട്ടുകള്‍ മനപൂര്‍വ്വം ഒഴിവാക്കുകയാണുണ്ടായത്. ആര്‍ എസ് വിമലും പൃഥ്വിരാജും കൂടി ഒത്തുകളിച്ചാണ് ആ പാട്ടുകള്‍ ഒഴിവാക്കിയത്. എന്നിട്ടും ഞാന്‍ വിമലിനെ പിന്തുണച്ചിട്ടേയുള്ളൂ. കാരണം ഒരുപാട് വര്‍ഷത്തെ അധ്വാനമാണ് ഈ ചിത്രം എന്നെനിക്ക് ബോധ്യമുണ്ട്. എനിക്ക് പാട്ടുകള്‍ ചെയ്യാനായില്ലെങ്കിലും കുഴപ്പമില്ല എന്നെനിക്കുണ്ടായിരുന്നു.

"പൃഥ്വി സിനിമയുടെ എല്ലാ കാര്യത്തിലും കൈകടത്തുന്ന ഒരാളാണ്. അദ്ദേഹം അങ്ങനെ ചെയ്തോട്ടെ. പൃഥ്വിക്ക് പാട്ടുകളുടെ കാര്യത്തില്‍ ഇടപെടാം. ഞാന്‍ അഭിനയിക്കണമെങ്കില്‍ ഇന്നയാള്‍ സംഗീതം ചെയ്യണം എന്ന് അദ്ദേഹത്തിനു പറയാം. പാട്ടുകള്‍ എങ്ങനെ വേണമെന്നു പറയാം. പക്ഷേ ഇവിടെ അങ്ങനെയൊന്നുമല്ല സംഭവിച്ചത്, എന്റെ പാട്ടുകള്‍ കേട്ടിട്ട് പൂര്‍ണമായും അത് നിരാകരിച്ചു. ഒരു നിര്‍ദ്ദേശം പോലും ഉണ്ടായില്ല. എന്തിനാണ് അദ്ദേഹം ഇങ്ങനെ ചെയ്തതെന്ന് എനിക്കറിയില്ല” - മനോരമയ്ക്ക് വേണ്ടി ലക്ഷ്മി വിജയന് അനുവദിച്ച അഭിമുഖത്തില്‍ രമേശ് നാരായണന്‍ പറയുന്നു. ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞതുകൊണ്ട് തന്റെ സംഗീത ജീവിതത്തില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമെന്ന ഭയം തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഉള്ളടക്കത്തിന് കടപ്പാട്: മനോരമ ഓണ്‍‌ലൈന്‍



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :