റെയ്ന്‍ ജോണ്‍സ്|
Last Updated:
ശനി, 22 നവംബര്‍ 2014 (19:37 IST)
ഇപ്പോള്‍ പ്രണയിച്ചുപോകുന്ന രീതിയില്‍ ഫീല്‍ നിറച്ചൊരു ഗാനം - "ഓ...മൃദുലേ... ഹൃദയമുരളിയിലൊഴുകി വാ...". കേട്ടിട്ടും കേട്ടിട്ടും മതിവരാത്ത ആ ഗാനം തന്നെയാണ് 'ദി ഡോള്‍ഫിന്‍സ്' എന്ന പുതിയ സിനിമയുടെ ഹൈലൈറ്റ്. ആ ഒറ്റ ഗാനത്തിനായി ആര്‍ക്കും ധൈര്യമായി തെരഞ്ഞെടുക്കാം ഡോള്‍ഫിന്‍സ്.
എന്നാല്‍ അതുമാത്രമാണോ? രസകരമായ മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമായ ഒരു സിനിമയാണ് ഇത്. അനൂപ് മേനോന്‍റെ രചനയില്‍ ദീപന്‍ ഒരുക്കിയ ഡോള്‍ഫിന്‍സില്‍ സുരേഷ്ഗോപിയാണ് നായകന്‍. മസിലുപിടിത്തമൊന്നുമില്ലാത്ത, വളരെ രസികനായ ഒരു കഥാപാത്രത്തെ ഗംഭീരമായി അവതരിപ്പിച്ച് വന്‍ തിരിച്ചുവരവാണ് സുരേഷ്ഗോപി ഈ ചിത്രത്തിലൂടെ നടത്തിയിരിക്കുന്നത്.
പനയമുട്ടം സുര എന്ന ബാറുടമയെയാണ് സുരേഷ്ഗോപി അവതരിപ്പിക്കുന്നത്. തിരുവനന്തപുരം ഏരിയയില്‍ രണ്ടുഡസനോളം ബാറുകളുള്ള പൂത്ത കാശുകാരന്‍. എന്നാല്‍, പ്രാഞ്ചിയേട്ടനെപ്പോലെ, അല്‍പ്പം പേരും ബഹുമാനവുമൊക്കെ നേടിയെടുക്കണമെന്ന ചിന്ത സുരയെ അലട്ടിത്തുടങ്ങിയിരിക്കുന്നു. അതിനായി അയാള്‍ കാട്ടിക്കൂട്ടുന്ന കാര്യങ്ങള്‍ പ്രേക്ഷകരെ ചിരിപ്പിക്കും.
അതിന് സമാനമായി മറ്റ് ചില കാര്യങ്ങളും അയാളെ ചുറ്റിപ്പറ്റി നടക്കുന്നുണ്ട്. മൃദുല(മേഘ്‌ന രാജ്) എന്ന പെണ്‍കുട്ടിയെ കേന്ദ്രമാക്കിയുള്ള പ്രശ്നങ്ങള്‍. 'ഓ... മൃദുലേ...' എന്ന ഗാനത്തിലെ നായിക അവളാണ്. സുരയ്ക്ക് ഭാര്യയുണ്ട് - കല്‍പ്പന അവതരിപ്പിക്കുന്ന കൊച്ചുവാവ.
'ബ്യൂട്ടിഫുളി'ലെ ജോണിന്‍റെ ചേട്ടനെന്ന് തോന്നുന്ന ഒരു കഥാപാത്രം, വടക്കേമുറി നന്ദന്‍ ആയാണ് അനൂപ് മേനോന്‍ ഈ സിനിമയില്‍ അഭിനയിക്കുന്നത്. ജോജോ, നന്ദു തുടങ്ങിയവരുമുണ്ട് കൂട്ടിന്. സുരയുടെ ഈ കൂട്ടുകാരും അവരുടെ ലോകവും മനോഹരമാക്കി ദീപന്‍ 'ഡോള്‍ഫിന്‍സ്'ഒരനുഭവമാക്കി മാറ്റുന്നു.
കൂടുതല്‍ നിരൂപണങ്ങള്‍ക്ക് ബുക്ക് മൈ ഷോയിലേക്ക്
'ഓ... മൃദുലേ...' മാത്രമല്ല, 'എന്നോമലേ...' എന്നൊരു ഗംഭീര ഗാനം കൂടിയുണ്ട് ഈ ചിത്രത്തില്‍. ഒരിടവേളയ്ക്ക് ശേഷം എം ജയചന്ദ്രന്‍ കലക്കി.
ജീത്തു ദാമോദറിന്‍റെ വിഷ്വല്‍സും സിയാന്‍ ശ്രീകാന്തിന്‍റെ എഡിറ്റിംഗും സാലൂ കെ ജോര്‍ജ്ജിന്‍റെ കലാസംവിധാനവും മികച്ചത്. തിര്വന്തോരം സ്ലാംഗ് ചിലയിടത്തൊക്കെ അല്‍പ്പം ഓവറാണെങ്കിലും സുര എന്ന കഥാപാത്രമായി സുരേഷ്ഗോപി നിറഞ്ഞുനില്‍ക്കുന്ന ദി ഡോള്‍ഫിന്‍സ് ഒരു നല്ല എന്‍റര്‍ടെയ്നര്‍ എന്ന നിലയില്‍ നൂറുശതമാനം മാര്‍ക്കുനേടുന്നു.
റേറ്റിംഗ്: 4/5