ഡബിള്‍ ബാരല്‍ ഒരു മണ്ടന്‍ സിനിമയല്ല, പക്ഷേ ഈ പിഴവുകള്‍ ഇനി ആവര്‍ത്തിക്കില്ല!

ഡബിള്‍ ബാരല്‍, ലിജോ ജോസ് പെല്ലിശ്ശേരി, ഷാജി നടേശന്‍, പൃഥ്വിരാജ്, ആര്യ
Last Modified വെള്ളി, 25 സെപ്‌റ്റംബര്‍ 2015 (17:21 IST)
സിനിമയെക്കുറിച്ച് അറിയാവുന്ന, സിനിമാസെന്‍സുള്ളവരൊക്കെ ഡബിള്‍ ബാരല്‍ എന്ന ചിത്രത്തേക്കുറിച്ച് നല്ല അഭിപ്രായമാണ് പറഞ്ഞതെന്നും ഡബിള്‍ ബാരല്‍ ഒരു മണ്ടന്‍ സിനിമയാണെന്ന് ആരുപറഞ്ഞാലും തങ്ങള്‍ സമ്മതിച്ചുതരില്ലെന്നും ചിത്രത്തിന്‍റെ ഒരു നിര്‍മ്മാതാവ് ഷാജി നടേശന്‍. ചില പിഴവുകള്‍ സിനിമയില്‍ സംഭവിച്ചിട്ടുണ്ടെന്നും ഇനി എടുക്കുന്ന സിനിമകളില്‍ അത്തരം പിഴവുകള്‍ ആവര്‍ത്തിക്കില്ലെന്നും ആഗസ്റ്റ് സിനിമയുടെ ഡയറക്ടര്‍മാരിലൊരാളായ ഷാജി നടേശന്‍ പറയുന്നു.

“ഡബിള്‍ ബാരല്‍ എന്ന സിനിമയ്ക്ക് ചില കുഴപ്പങ്ങള്‍ ഉണ്ടായിരുന്നു. ദൈര്‍ഘ്യം പലയിടത്തും കൂടിയെന്നുതോന്നി. അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ രംഗങ്ങള്‍ കഥാഗതിയില്‍ മുഴച്ചുനില്‍ക്കുന്നു എന്ന് തോന്നി. ആക്ഷന്‍ രംഗങ്ങള്‍ കുറച്ച് കൂടിപ്പോയി. പാട്ടുകളില്‍ ചിലത് അസ്ഥാനത്തായിപ്പോയി. ഇത്രയും കഷ്ടപ്പെട്ട് നന്നായെടുത്ത പാട്ടുകള്‍ ഫിക്സ് ചെയ്തതില്‍ പിഴവുണ്ടായി. എഡിറ്റുചെയ്തുമാറ്റേണ്ട കുറേ രംഗങ്ങള്‍ ഉണ്ടായിരുന്നു. അത് ചിത്രത്തിന്‍റെ ഒഴുക്കിനെ ബാധിച്ചിട്ടുണ്ട്. ലാഗ് ചെയ്തതുകൊണ്ടാണ് പടം ഇത്രയും മോശം അഭിപ്രായം ഉണ്ടാക്കിയത്” - വെള്ളിനക്ഷത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഷാജി നടേശന്‍ വ്യക്തമാക്കി.

“എവിടെയോ ജഡ്ജുമെന്‍റില്‍ പിഴവുപറ്റി. ലാഗ് വന്ന പോര്‍ഷന്‍ ആദ്യം വെട്ടിക്കുറച്ചിരുന്നെങ്കില്‍ റിസള്‍ട്ട് മറ്റൊന്നാകുമായിരുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ കഴിഞ്ഞിട്ട് എല്ലാവര്‍ക്കും കൂടിയിരുന്ന് സിനിമ ഒരു പ്രാവശ്യം പോലും കാണാന്‍ കഴിഞ്ഞില്ല എന്നതാണ് പറ്റിയ പിഴവ്. അതിനൊരവസരം ഉണ്ടായില്ല. റിലീസിന്‍റെ തലേന്നുവരെ പോസ്റ്റ് പ്രൊഡക്ഷന്‍ നീണ്ടുപോയ സിനിമയാണിത്. രണ്ടാഴ്ച കൂടി വൈകിയിരുന്നെങ്കില്‍ ഈ സിനിമ മറ്റൊരു രൂപത്തില്‍ എത്തുമായിരുന്നു. ചിത്രത്തിന്‍റെ നീളം കുറച്ച് കൂടുതലായിരുന്നു എന്നും ചില രംഗങ്ങളില്‍ ഇഴച്ചിലുണ്ടെന്നും സാധാരണക്കാര്‍ക്ക് കഥ ശരിക്കും മനസിലായിട്ടില്ലെന്നുമുള്ള ആക്ഷേപങ്ങള്‍ നല്ല മനസോടെ സ്വീകരിക്കുന്നു” - ഷാജി നടേശന്‍ പറയുന്നു.

“ഷൂട്ട് ഔട്ട് രംഗങ്ങളൊക്കെ സഹിക്കാവുന്നതിനും അപ്പുറമാണെന്ന് പറഞ്ഞുകേട്ടു. ഞങ്ങള്‍ക്ക് ഒഴിവാക്കാന്‍ ആകുമായിരുന്ന ഒരുപാട് കാര്യങ്ങള്‍ ആ സിനിമയില്‍ ഉണ്ടായിരുന്നു എന്ന് ഞങ്ങള്‍ക്കും തോന്നി. ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടായിരിക്കും പുതിയ പരീക്ഷണ ചിത്രങ്ങള്‍ എടുക്കുന്നത്. സാധാരണ മനുഷ്യര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ സിനിമ ചെയ്യണമെന്ന തോന്നല്‍ ഉണ്ട്. ബജറ്റിന്‍റെ കാര്യത്തിലും പ്രേക്ഷകരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കും തീര്‍ച്ചയായും പ്രാധാന്യം നല്‍കും” - ഷാജി നടേശന്‍ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :