Last Modified ബുധന്‍, 23 നവംബര്‍ 2016 (10:39 IST)
മലയാളത്തിലെ ഒന്നാം നിര നിർമ്മാതാവാണ് സുരേഷ് കുമാർ. രേവതി കലാമന്ദിർ എന്ന ബാനറിന് കീഴിലിറങ്ങുന്ന സിനിമകളിൽ
അഭിനയിക്കുക എന്നത് ഏതൊരു താരത്തിനും അഭിമാനകരമായ കാര്യം. മലയാളത്തിൻറെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മൂന്ന് ചിത്രങ്ങളേ സുരേഷ് കുമാർ നിർമ്മിച്ചിട്ടുള്ളൂ. അത് മൂന്നും അത്ര വലിയ വിജയങ്ങൾ ആയിരുന്നില്ല. താൻ ഇനി മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യില്ലെന്നാണ് സുരേഷിൻറെ പക്ഷം.
കൂലി, രാക്കുയിലിൻ രാഗസദസ്സിൽ, ചരിത്രം എന്നിവയാണ് സുരേഷ് കുമാർ നിർമ്മിച്ച് മമ്മൂട്ടി അഭിനയിച്ച സിനിമകൾ. അതിൽ അവസാന സിനിമയായ ചരിത്രത്തിൻറെ ഷൂട്ടിംഗിനിടെ മമ്മൂട്ടിയും സുരേഷ് കുമാറും തമ്മിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായി.
"ചരിത്രത്തിൻറെ ഷൂട്ടിംഗ് തുടങ്ങിയതോടെ ഞങ്ങൾ തമ്മിലുള്ള സൗഹൃദവും മാറിത്തുടങ്ങി. മമ്മൂട്ടി നടനും ഞാൻ പ്രൊഡ്യൂസറും. ദിവസവും ഓരോരോ കുഴപ്പങ്ങൾ. ഓരോന്നും സോൾവ് ചെയ്തുകൊണ്ടിരുന്നു. ഒടുവിൽ ഞാൻ തീരുമാനിച്ചു, ഇനി മമ്മൂട്ടിയെ വച്ച് സിനിമ ചെയ്യുന്നില്ല. സിനിമ ചെയ്യുമ്പോഴല്ലേ പ്രശ്നങ്ങളുള്ളൂ. സിനിമ ചെയ്യാത്ത സമയത്ത് ഞങ്ങളുടെ സൗഹൃദവും അടുപ്പവും നിലനിൽക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഞാൻ വിചാരിച്ചു, സൗഹൃദവും ഞങ്ങളുടെ സ്നേഹബന്ധവും നിലനിൽക്കട്ടെ എന്ന്" - നാനയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ സുരേഷ് കുമാർ വ്യക്തമാക്കിയിരുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും നാളെ ചോദിച്ചാലും മമ്മൂട്ടി തനിക്ക് ഡേറ്റ് തരുമെന്നും മമ്മൂട്ടിക്ക് തന്നോടുള്ള സ്നേഹത്തിന് കുറവൊന്നുമില്ലെന്നും എങ്കിലും ഇനിയൊരു മമ്മൂട്ടിച്ചിത്രം ചെയ്യില്ലെന്നും സുരേഷ് കുമാർ ആ അഭിമുഖത്തിൽ പറഞ്ഞിരുന്നു.