ചാര്‍ലി കണ്ട് മണിരത്നത്തിന് ആവേശം, ആദ്യദിവസം ഏറ്റവും കളക്ഷന്‍ നേടിയ ചിത്രമാണോ ചാര്‍ലി എന്നറിയില്ല, യഥാര്‍ത്ഥത്തില്‍ ചാര്‍ലി ദുല്‍ക്കര്‍ വേണ്ടെന്നുവച്ച സിനിമ !

Last Modified തിങ്കള്‍, 18 ജനുവരി 2016 (16:51 IST)
റിലീസായി ആദ്യദിവസം ഏറ്റവുമധികം കളക്ഷന്‍ നേടിയ മലയാള ചിത്രം ഏതാണ്? അക്കാര്യത്തില്‍ ഒരു തര്‍ക്കം ഇപ്പോഴും നിലനില്‍ക്കുകയാണ്. ‘ചാര്‍ലി’യാണ് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം എന്നൊരു വിഭാഗം പേര്‍ പറയുന്നു. അതല്ല, മോഹന്‍ലാല്‍ ചിത്രമായ ലോഹമാണ് ആ റെക്കോര്‍ഡ് സ്വന്തമാക്കിയതെന്ന മറ്റൊരു അഭിപ്രായവുമുണ്ട്.

എന്തായാലും തര്‍ക്കത്തിനൊന്നും ചാര്‍ലിയുടെ അണിയറപ്രവര്‍ത്തകര്‍ തയ്യാറല്ല. “ആദ്യദിവസം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം ചാര്‍ലിയാണോ എന്നറിയില്ല. പക്ഷേ, ആദ്യദിവസം 2.37 കോടിയോളം ചാര്‍ലിക്ക് ഗ്രോസ് കളക്ഷന്‍ കിട്ടിയിട്ടുണ്ട്. അടുത്ത ചിത്രം നിര്‍മ്മിക്കാന്‍ നമുക്ക് കിട്ടിയ പ്രചോദനമെന്ന നിലയിലേ ഇത് കാണുന്നുള്ളൂ” - ചിത്രത്തിന്‍റെ സംവിധായകനും നിര്‍മ്മാതാവുമായ മാര്‍ട്ടിന്‍ പ്രക്കാട്ട് പറയുന്നു.

“ഒരു പരീക്ഷണ ചിത്രമാണെന്ന ധാരണയോടെയാണ് ചാര്‍ലി നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. പണമുണ്ടാക്കുക എന്ന ലക്‍ഷ്യത്തോടെയല്ല നിര്‍മ്മാതാവിന്‍റെ വേഷത്തിലെത്തിയത്. മറ്റ് ചിത്രങ്ങളുടെ കളക്ഷനുമായി ചാര്‍ലിക്ക് താരതമ്യത്തിന്‍റെ ആവശ്യമില്ല. ഇതൊന്നും വലിയ സംഭവമായി ഇതുവരെ കണക്കുകൂട്ടിയിട്ടില്ല. ഇത്തരമൊരു വിജയം അപ്രതീക്ഷിതമായിരുന്നു. മണിരത്നം ഉള്‍പ്പടെ ഞാന്‍ ബഹുമാനിക്കുന്ന പല സംവിധായകരും ഈ സിനിമ കണ്ടിട്ട് നന്നായിട്ടുണ്ടെന്ന് വിളിച്ചുപറഞ്ഞു. അതിന്‍റെയൊരു സന്തോഷവും അഭിമാനവുമാണ് മനസില്‍. കളക്ഷന്‍ സംബന്ധിച്ച ചര്‍ച്ചകളെല്ലാം പിന്നീട് നടക്കേണ്ടതാണ്” - വെള്ളിനക്ഷത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് പറയുന്നു.

വിജയഘടകങ്ങളായ കൊമേഴ്സ്യല്‍ ചേരുവകളെല്ലാം ചേര്‍ന്ന ഒരു സിനിമയായിരുന്നു മാര്‍ട്ടിന്‍ പ്രക്കാട്ട് ആ‍ദ്യം ആലോചിച്ചത്. സ്വന്തമായി നിര്‍മ്മിക്കുന്ന ചിത്രം എന്ന നിലയില്‍ അതായിരുന്നു ഏറ്റവും സുരക്ഷിതവും. “പുതുമയുള്ള, ക്രിയേറ്റീവായി എന്തെങ്കിലും പറയുന്ന ഒരു സിനിമ ആലോചിച്ചുകൂടേ, വേണമെങ്കില്‍ ഞാന്‍ നിര്‍മ്മിക്കാ”മെന്ന നിര്‍ദ്ദേശം ദുല്‍ക്കറില്‍ നിന്നാണ് ആദ്യം ഉണ്ടായത്. ചാര്‍ലിയുടെ ത്രെഡ് ആര്‍ ഉണ്ണി നേറത്തേ ദുല്‍ക്കറിനോട് പറഞ്ഞിരുന്നതാന്. ചെയ്താല്‍ ശരിയാകുമോ എന്ന സന്ദേഹത്തെ തുടര്‍ന്ന് അതുവേണ്ടെന്ന ധാരണയില്‍ ദുല്‍ക്കര്‍ എത്തിയതുമാണ്. എന്നാല്‍, കഥ വര്‍ക്കൌട്ടാകുമെന്ന മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍റെ തോന്നലില്‍ നിന്നാണ് ദുല്‍ക്കറിനും ധൈര്യം ലഭിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :