Last Modified വ്യാഴം, 21 ജനുവരി 2016 (19:26 IST)
മമ്മൂട്ടിയുടെ കര്‍ണനും പൃഥ്വിരാജിന്‍റെ കര്‍ണനുമാണ് ഇപ്പോള്‍ മലയാള സിനിമാലോകത്തെ ചര്‍ച്ചാവിഷയം. എന്ന് നിന്‍റെ മൊയ്തീന് ശേഷം ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് നായകനാകുന്ന കര്‍ണന്‍റെ തിരക്കഥാരചന പുരോഗമിക്കുകയാണ്. എന്നാല്‍ മമ്മൂട്ടി നായകനാകുന്ന കര്‍ണന്‍റെ ചിത്രീകരണം അധികം വൈകാതെ ആരംഭിക്കാന്‍ കഴിയുമെന്ന് സംവിധായകന്‍ മധുപാല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പി ശ്രീകുമാറാണ് മമ്മൂട്ടിയുടെ കര്‍ണന്‍റെ തിരക്കഥ. 18 വര്‍ഷത്തെ ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷം ശ്രീകുമാര്‍ തയ്യാറാക്കിയ ഈ തിരക്കഥ മധുപാലിന് മുമ്പ് മറ്റ് പല സംവിധായകരും സിനിമയാക്കാന്‍ മോഹിച്ചതാണ്. ഹരിഹരനും ഷാജി കൈലാസും അക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.
എന്നാല്‍ കര്‍ണന്‍ നിര്‍മ്മിക്കാന്‍ ആരും തയ്യാറാകാതിരുന്നതിനാലാണ് തനിക്ക് ആ ചിത്രം ചെയ്യാന്‍ കഴിയാതെ പോയതെന്ന് ഷാജി കൈലാസ് വെളിപ്പെടുത്തുന്നു. “ഈ പ്രോജക്ട് ഞാന്‍ ഉപേക്ഷിക്കാന്‍ കാരണം ഇതിന്റെ ബഡ്ജറ്റ് ആണ്. അന്ന് ഇതിന് പറ്റിയ നിര്‍മാതാക്കളെയും കണ്ടെത്താനായില്ല” - മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഷാജി കൈലാസ് പറയുന്നു.
അഞ്ചുവര്‍ഷം മുമ്പാണ് താന്‍ ഈ തിരക്കഥ വായിക്കുന്നതെന്നും ശ്രീകുമാറേട്ടന്‍ ഈ തിരക്കഥയ്ക്കുവേണ്ടി നടത്തിയ പഠനത്തേക്കുറിച്ച് തനിക്ക് വ്യക്തമായി അറിയാമെന്നും ഷാജി കൈലാസ് പറയുന്നു. ഗംഭീര തിരക്കഥയാണതെന്നും ഷാജി കൈലാസ് സാക്‍ഷ്യപ്പെടുത്തുന്നു.