Last Modified ബുധന്‍, 28 ഡിസംബര്‍ 2016 (20:16 IST)
ഒരാള്‍ ഒരു കഥ വന്നു പറയുക. ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയില്‍ ആ കഥ കേട്ടുകൊണ്ടിരിക്കുന്ന താരം ആവേശം കയറി ആ ദിവസത്തെ ഷൂട്ടിംഗ് തന്നെ ക്യാന്‍സല്‍ ചെയ്യുക. ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് തോന്നാം. എന്നാല്‍ സംഭവിച്ചു. ഷൂട്ടിംഗ് റദ്ദുചെയ്ത ആ താരം പൃഥ്വിരാജ് ആണ് !
സപ്തമശ്രീ തസ്കരഃ എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു ആ സംഭവം. അന്ന് പൃഥ്വിരാജിനോട് കഥപറഞ്ഞത് മാധ്യമപ്രവര്‍ത്തകനായ പ്രദീപ് എം നായരാണ്. ‘വിമാനം’ എന്ന തന്‍റെ സ്വപ്നസിനിമയുടെ കഥയാണ് പ്രദീപ് പറഞ്ഞത്.
“കഥ കേള്‍ക്കാനിരിക്കുമ്പോള്‍ ആദ്യം തന്നെ ഞാന്‍ പ്രദീപിനോടുപറഞ്ഞു - കഥ കേട്ടുതുടങ്ങാം. പക്ഷേ രാത്രി ഷൂട്ടിംഗുണ്ട്. അവര്‍ വിളിക്കും. എനിക്ക് അപ്പോള്‍ പോകേണ്ടിവരും. കേള്‍ക്കാന്‍ പറ്റുന്നിടത്തോളം ഇന്നും ബാക്കി നാളെയും കേള്‍ക്കാം” - വെള്ളിനക്ഷത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ പൃഥ്വിരാജ് പറയുന്നു.
ശാരീരിക വൈകല്യമുണ്ടായിട്ടും ആകാശത്ത് വിമാനമുണ്ടാക്കി പറത്താന്‍ ആഗ്രഹിക്കുകയും നിശ്ചയദാര്‍ഢ്യത്തോടെ ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുകയും ചെയ്ത സജി എന്ന ചെറുപ്പക്കാരന്‍റെ യഥാര്‍ത്ഥ ജീവിതമാണ് സിനിമാക്കഥയാക്കി പ്രദീപ് എം നായര്‍ പൃഥ്വിരാജിനോട് പറഞ്ഞത്. കഥ പറഞ്ഞ് കുറച്ചായപ്പോള്‍ ലൊക്കേഷനില്‍ നിന്ന് ഫോണ്‍ വന്നു. ഷോട്ട് റെഡിയായെന്ന് അറിയിക്കാനായിരുന്നു ആ വിളി.
“സപ്തമശ്രീ ഞാന്‍ തന്നെ നിര്‍മ്മിക്കുന്നതുകൊണ്ടും ആ രാത്രി ഷൂട്ടിംഗില്‍ കോമ്പിനേഷന്‍ ആര്‍ട്ടിസ്റ്റുകള്‍ ഇല്ലാത്തതുകൊണ്ടും രാത്രിയിലെ ഷൂട്ടിംഗ് ക്യാന്‍സല്‍ ചെയ്തു. പ്രദീപ് കഥ മുഴുവന്‍ പറഞ്ഞുകഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു: ഈ പടം നമ്മള്‍ ചെയ്യുന്നു” - പൃഥ്വിരാജ് വെളിപ്പെടുത്തി.
നല്ല സിനിമകളുടെ നിര്‍മ്മാതാവായ ലിസ്റ്റിന്‍ സ്റ്റീഫനാണ് ‘വിമാനം’ നിര്‍മ്മിക്കുന്നത്. മംഗലാപുരം, കൊച്ചി, ഡല്‍ഹി എന്നിവിടങ്ങളില്‍ ഈ സിനിമ ചിത്രീകരിക്കും. ജനുവരിയില്‍ ഷൂട്ടിംഗ് തുടങ്ങുന്ന സിനിമ നാലുമാസം കൊണ്ട് ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയാകും. ഗോപിസുന്ദറാണ് സംഗീതം.
ഉള്ളടക്കത്തിന് കടപ്പാട്: വെള്ളിനക്ഷത്രം