aparna shaji|
Last Modified തിങ്കള്‍, 19 ഡിസംബര്‍ 2016 (14:06 IST)
വളരെ ശ്രദ്ധയോടെ തിരക്കഥകൾ തിരഞ്ഞെടുക്കുന്നയാളാണ് പൃഥ്വിരാജ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി താരം തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾ തന്നെ അതിനുദാഹരണമാണ്. സ്റ്റാർഡം എന്നതിനേക്കാൾ കഥകൾക്കാണ് പൃഥ്വി പരിഗണന നൽകുന്നത്. മികച്ച സംവിധായകർക്കും പുതുമ സംവിധായകർക്കുമൊപ്പം
സിനിമ ചെയ്തയാളാണ് പൃഥ്വി. ഒറ്റക്കേൾവിയിലൂടെ തന്നെ ആകർഷിച്ച സിനിമയെ കുറിച്ച് പൃഥ്വിരാജ് അടുത്തിടെ പറയുകയുണ്ടായി. ചിത്രീകരണത്തിനിടയിൽ കുറച്ച് സമയം മാറ്റിവെച്ച് കഥ കേൾക്കാനിരുന്ന പൃഥ്വി അന്നത്തെ ഷൂട്ടിംഗ് വരെ നിർത്തി ആ കഥ മുഴുവൻ ഇരുന്നു കേട്ടു.
മാധ്യമപ്രവര്‍ത്തകന്‍ പ്രദീപ് എം നായര്‍ സംവിധാനം ചെയ്യുന്ന വിമാനമെന്ന തന്റെ പുതിയ ചിത്രത്തെ കുറിച്ചാണ് പൃഥ്വി പറയുന്നത്. 2012ലാണ് ഈ പ്രോജക്ടിനെക്കുറിച്ച് പ്രദീപ് ആദ്യമായി പൃഥ്വിയോട് പറയുന്നത്. പക്ഷേ അപ്പോൾ തിരക്കഥ തയ്യാറായിരുന്നില്ല. തിരക്കഥ ആയിട്ട് നമുക്ക് ഒന്നിക്കാം എന്ന് പൃഥ്വി അന്ന് പറഞ്ഞു. പിന്നീട് ചിത്രം തിരക്കഥയായി റെഡിയായപ്പോൾ രണ്ട് വർഷം കഴിഞ്ഞു. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തിറക്കല്‍ ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
''22014ന്റെ തുടക്കത്തില്‍ സപ്തമശ്രീ തസ്‌കരാ:യുടെ ചിത്രീകരണസമയത്ത് തൃശൂരില്‍ ഞാന്‍ താമസിക്കുന്ന ഹോട്ടലില്‍ വന്നാണ് പ്രദീപ് വിമാനത്തിന്റെ തിരക്കഥ കേള്‍പ്പിക്കുന്നത്. ഡേ, നൈറ്റ് ഷൂട്ടിംഗുകള്‍ക്കിടയിലുള്ള ഷിഫ്റ്റിന്റെ സമയമായിരുന്നു അത്. കഥ കേള്‍ക്കാനിരിക്കുമ്പോള്‍ പ്രദീപിനോട് ഞാന്‍ പറഞ്ഞത് ലൊക്കേഷനില്‍നിന്ന് വിളി വരുമ്പോള്‍ എനിക്ക് പോകേണ്ടിവരുമെന്നാണ്. പക്ഷേ മറിച്ചാണ് സംഭവിച്ചത്. ലൊക്കേഷനില്‍ നിന്ന് കോള്‍ വന്നിട്ടും ഞാന്‍ അവിടെത്തന്നെയിരുന്ന് കഥ മുഴുവന്‍ കേട്ടു. കേട്ടയുടന്‍ ഈ സിനിമയില്‍ എന്തായാലും ഞാന്‍ അഭിനയിക്കുമെന്നും അദ്ദേഹത്തോട് പറഞ്ഞു. മറ്റൊരു നിര്‍മ്മാതാവിനെ കിട്ടിയില്ലെങ്കില്‍ ഞാന്‍തന്നെ നിര്‍മ്മിക്കാമെന്നും പ്രദീപിനെ അറിയിച്ചു.- പൃഥ്വി പറയുന്നു.