ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അവര്‍ ചരിത്രം കുറിച്ചു, ലോസ് ഏഞ്ചല്‍സിലെ കൊഡാക് തിയേറ്ററില്‍ ഇന്ത്യയുടെ പേര് ഉയര്‍ന്നു കേട്ടു, ഇന്ത്യയുടെ പ്രഥമ ഓസ്കര്‍ ജേതാവായി ബാനു അത്തയ്യ അറിയപ്പെട്ടു, വീണ്ടുമിതാ ഇന്ത്യയുടെ ഓസ്കര്‍ പ്രതീക്ഷകള്‍ക്ക് ചിറക് മുളച്ചിരിക്കുന്നു. സംഗീത സമ്രാട്ട് എ ആര്‍ റഹ്‌മാനിലൂടെയോ റസുല്‍ പൂക്കുട്ടിയിലൂടെയോ ഓസ്കര്‍ വീണ്ടും ഇന്ത്യയില്‍ എത്തുമെന്ന് കരുതാം.
1982ല്‍ റിച്ചാര്‍ഡ് അറ്റന്‍ബറോയുടെ ഗാന്ധി എന്ന സിനിമയിലെ വസ്ത്രാലാങ്കാരത്തിനാണ് ഇന്ത്യയ്ക്ക് പ്രഥമ ഓസ്കര്‍ ലഭിച്ചത്. മുംബൈ സ്വദേശിനിയായിരുന്ന അത്തയ്യ ഏകദേശം നൂറോളം ചിത്രങ്ങള്‍ക്കായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ ചലച്ചിത്രനിര്‍മ്മാതാക്കളായ ഗുരുദത്ത്, യാഷ് ചോപ്ര, അശുതോഷ് ഗവാരികര്‍, കൊണ്‍റാഡ് റൂക്സ് എന്നിവരുടെ കൂടെ പ്രവര്‍ത്തിച്ച വ്യക്തി കൂടിയാണ് അത്തയ്യ.
എന്നാല്‍ അന്ന് ‘ഗാന്ധി’യായിരുന്നെങ്കില്‍ ഇന്ന് സ്ലംഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലാണ് ഇന്ത്യന്‍ പ്രതീക്ഷ. എണ്‍പത്തിയൊന്നാമത് ഓസ്കര്‍ മത്സരത്തിലേക്ക് പത്ത് നാമനിര്‍ദ്ദേശങ്ങളാണ് സ്ലംഡോഗ് നേടിയിരിക്കുന്നത്. വികാസ് സ്വരൂപിന്‍റെ ‘ക്യൂ ആന്‍റ് എ’ എന്ന നോവല്‍ അടിസ്ഥാനമാക്കിയാണ് ഇത്തരമൊരു സിനിമ പുറത്തിറക്കിയത്.
അക്കാദമി അവാര്‍ഡ് വോട്ടിംഗ് അംഗം കൂടിയായ അത്തയ്യ ഇന്ത്യയുടെ ഓസ്കര്‍ സാധ്യതകളെ കുറിച്ചോ സ്ലംഡോഗ് മില്യണയറിനെ കുറിച്ചോ പ്രസ്താവന നടത്താന്‍ തയാറായില്ല. ‘ഞാന്‍ അക്കാദമിയിലെ ഒരു വോട്ടിംഗ് അംഗമാണ്, അതിനാല്‍ തന്നെ എനിക്കൊന്നും പറയാനാകില്ല, എന്നാല്‍ എ ആര്‍ റഹ്‌മാനെ പല ടെലിവിഷന്‍ ഷോകളിലും ഞാന്‍ അഭിനന്ദിച്ച് സംസാരിച്ചിട്ടുണ്ട്’ - അത്തയ്യ പറഞ്ഞു.
‘എ ആര്‍ റഹ്‌മാനൊപ്പം ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ലഗാന്‍, സ്വദേശ് എന്നീ ചിത്രങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍കായി ആയിരുന്നു അത്. ദക്ഷിണേന്ത്യയാണ് കൂടുതലായും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനമേഖല. പല വേദികളിലും സിനിമാ ലോക്കേഷനില്‍ വച്ചും അദ്ദേഹത്തെ ഞാന്‍ കണ്ടുമുട്ടിയിട്ടുണ്ട്. അദ്ദേഹം ഒരു ബഹുമുഖ പ്രതിഭയാണ്’ - അത്തയ്യ കൂട്ടിച്ചേര്‍ത്തു.
‘ഗാന്ധി’ എന്ന സിനിമയില്‍ അവസരം ലഭിച്ച വഴികള്‍ ഓരോന്നും അത്തയ്യ ഇന്നും ഓര്‍ക്കുന്നു. ശരിക്കും അതൊരു തിരിച്ചുവരവായിരുന്നു, വെല്ലുവിളിയായിരുന്നു. 1982 ജൂലൈയിലാണ് സംവിധായകന്‍ റിച്ചാഡ് അറ്റന്‍ബറോ ഓഡിഷന്‍ ടെസ്റ്റിനായി വിളിക്കുന്നത്. ഏകദേശം പത്ത് മിനുട്ട് നീണ്ട ഓഡിഷന്‍ ടെസ്റ്റിന് ശേഷം അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ് - ‘അവസാനം ഞാന്‍ എന്‍റെ ചിത്രത്തിന് വേണ്ട യഥാര്‍ത്ഥ ഡിസൈനറെ കണ്ടെത്തിയിരിക്കുന്നു.”