എവിടെയായിരുന്നു ഇത്രയും കാലം? തിലകന്‍ വീണ്ടും തകര്‍ക്കുന്നു!

WEBDUNIA|
PRO
ഇന്ത്യന്‍ റുപ്പി കഴിഞ്ഞതോടെ തിലകന്‍ കൂടുതല്‍ ഉഷാറാണ്. തന്‍റെ കരിയറില്‍ ഇതുവരെ ലഭിച്ചിട്ടില്ലാത്ത ഫ്ലേവറുകളിലുള്ള കഥാപാത്രങ്ങളാണ് തേടിയെത്തിക്കൊണ്ടിരിക്കുന്നത്. പുതിയ ചിത്രമായ ‘ഉസ്താദ് ഹോട്ടല്‍’ തിലകന് സമ്മാനിച്ചതും തികച്ചും വ്യത്യസ്തമായ വേഷമാണ്.

കോഴിക്കോട്‌ ബീച്ചില്‍ ‘ഉസ്താദ് ഹോട്ടല്‍’ നടത്തുന്ന കരീമിക്കയാണ് ഈ ചിത്രത്തില്‍ തിലകന്‍. കോഴിക്കോട്ടെ ഏറ്റവും മികച്ച ബിരിയാണി ഉണ്ടാക്കുന്നത് കരീമിക്കയാണ്. ആ കൈപുണ്യം പ്രശസ്തം. കരീമിക്കയുടെ ഉസ്താദ് ഹോട്ടലില്‍ രുചികരമായ ഭക്ഷണം കഴിക്കാനായി എന്നും തിരക്കാണ്. കരീമിക്കയ്ക്ക് ഒരു ചെറുമകനുണ്ട് - ഫൈസി. കരീമിക്കയുടെയും ഫൈസിയുടെയും ഹൃദയബന്ധത്തിലൂടെയാണ് കഥ മുന്നോട്ടു നീങ്ങുന്നത്.

ഫൈസിയായി അഭിനയിക്കുന്നത് മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കര്‍ സല്‍മാനാണ്. തിലകനും ദുല്‍ക്കറും തമ്മില്‍ ഗംഭീര കെമിസ്ട്രിയാണെന്നാണ് ലൊക്കേഷന്‍ റിപ്പോര്‍ട്ട്. ഇന്ത്യന്‍ റുപ്പിയിലെ അച്യുതമേനോനെപ്പോലെ കരീമിക്കയും മികച്ചതാകുമെന്ന വിശ്വാസത്തിലാണ് തിലകന്‍.

“ഇതൊരു ഗംഭീര കഥാപാത്രമാണ്. ഞാന്‍ ആസ്വദിച്ചാ‍ണ് കരീമിക്കയെ അവതരിപ്പിക്കുന്നത്. ഒരു നടനെന്ന നിലയില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നതാണ് എനിക്ക് താല്‍പ്പര്യം. ഞാനും എന്‍റെ ചെറുമകന്‍ ഫൈസിയും തമ്മിലുള്ള ബന്ധത്തെ ചുറ്റിപ്പറ്റിയാണ് ഉസ്താദ് ഹോട്ടല്‍ വികസിക്കുന്നത്” - തിലകന്‍ വ്യക്തമാക്കുന്നു.

അന്‍‌വര്‍ റഷീദാണ് ഉസ്താദ് ഹോട്ടല്‍ സംവിധാനം ചെയ്യുന്നത്. രാജമാണിക്യം, ഛോട്ടാമുംബൈ, അണ്ണന്‍ തമ്പി എന്നിങ്ങനെ ചെയ്ത മൂന്നുപടങ്ങളും മെഗാഹിറ്റാക്കിയ സംവിധായകന്‍. എന്നാല്‍ നാലാമത്തെ ചിത്രത്തില്‍ സൂപ്പര്‍താരങ്ങളെ ഒഴിവാക്കുകയും ഒരു മികച്ച കഥ അവതരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അന്‍‌വറിന്‍റെ ഈ മാറ്റം വിജയം കാണുമെന്ന് പ്രതീക്ഷിക്കാം.

അഞ്ജലി മേനോന്‍ ആണ് ഉസ്താദ് ഹോട്ടലിന്‍റെ തിരക്കഥ. നിത്യാ മേനോനാണ് നായിക.

വാല്‍ക്കഷണം: മൂന്നാം പക്കം എന്ന പത്മരാജന്‍ ചിത്രത്തിന്‍റെ കഥ ഓര്‍മ്മയുണ്ടോ? മുത്തശ്ശനും ചെറുമകനും തമ്മിലുള്ള സ്നേഹബന്ധത്തിന്‍റെ തീവ്രതയായിരുന്നു ആ സിനിമ പറഞ്ഞത്. തിലകന്‍ തന്നെയായിരുന്നു ആ സിനിമയിലെയും മുത്തശ്ശന്‍. അതില്‍ നിന്ന് വ്യത്യസ്തമായ ചിത്രമായിരിക്കട്ടെ ഉസ്താദ് ഹോട്ടല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :