അസുരവിത്ത് എന്‍റെ കൈയില്‍ നിന്നില്ല: ആസിഫ് അലി

WEBDUNIA|
PRO
എ കെ സാജന്‍ സംവിധാനം ചെയ്ത ‘അസുരവിത്ത്’ എന്ന സിനിമ ഒരു അധോലോക കഥയായിരുന്നു പറഞ്ഞത്. മലയാളത്തില്‍ അധോലോക സിനിമകള്‍ വിജയിക്കാനുള്ള സാധ്യത വളരെ കുറവാണ് എന്ന സത്യം വീണ്ടും ഓര്‍മ്മിപ്പിച്ചുകൊണ്ട് ആ പടം പരാജയമടഞ്ഞു. ആസിഫ് അലി എന്ന നടനെ സൂപ്പര്‍താര പദവിയിലേക്ക് ആനയിക്കും എന്ന് കരുതിയിരുന്ന ആ സിനിമ വീണപ്പോള്‍ ആസിഫിനേക്കാള്‍ ദോഷം ചെയ്തത് എ കെ സാജനാണ്. ഒരു വലിയ തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്ന ആ പ്രതിഭാധനനായ സംവിധായകന് കനത്ത തിരിച്ചടിയായി അസുരവിത്ത്.

എന്താണ് അസുരവിത്ത് പരാജയപ്പെടാനുണ്ടായ പ്രധാന കാരണം? ‘തുമ്പിയെക്കൊണ്ട് കല്ലെടുപ്പിച്ചു’ എന്ന് ചിലര്‍ പറയുന്നു. അത് അംഗീകരിക്കുന്ന തരത്തിലാണ് ആസിഫ് അലി അതേക്കുറിച്ച് പ്രതികരിക്കുന്നത്.

“ആസിഫ്‌ അലി എന്ന നടന്‍ ചെയ്യുന്ന ലിമിറ്റിന്‌ അപ്പുറത്തേക്ക്‌ ആ സിനിമ പോയി എന്നു തോന്നുന്നു. ഞാന്‍ ചെയ്യുന്നതിന്‌ ഒരു ലിമിറ്റ്‌ വേണമായിരുന്നു. മാത്രമല്ല, രണ്ടാം പകുതിയില്‍ വയലന്‍സ്‌ അല്‌പം കൂടിപ്പോയി. അതും ദോഷം ചെയ്‌തു” - ആസിഫ് അലി വ്യക്തമാക്കുന്നു.

മമ്മൂട്ടി ഉള്‍പ്പടെയുള്ള താരങ്ങളോടൊപ്പം ആസിഫ് അലി അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഒരു മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ഭാഗമായിട്ടില്ല. ‘ഇന്ത്യന്‍ റുപ്പി’യില്‍ ഗസ്റ്റായെങ്കിലും പൃഥ്വിരാജിനൊപ്പം ഒരു നല്ല വേഷത്തില്‍ ആസിഫ് വന്നിട്ടില്ല.

“ഒരു മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കാനുള്ള കാത്തിരിപ്പിലാണ്‌. രാജുചേട്ടനൊപ്പം(പൃഥ്വിരാജ്‌) സിനിമ ചെയ്യണമെന്നും ആഗ്രഹമുണ്ട്‌. ദുല്‍ഖര്‍, ഉണ്ണി മുകുന്ദന്‍ ഇവരോടൊപ്പവും നല്ല സിനിമ ചെയ്യണം. സിംഗിള്‍ ഹീറോ സിനിമയെക്കാള്‍ മള്‍ട്ടിസ്റ്റാര്‍ സിനിമയില്‍ അഭിനയിക്കുമ്പോഴാണ്‌ സ്‌പിരിറ്റും ആവേശവും” - കൌമുദിക്ക് അനുവദിച്ച അഭിമുഖത്തില്‍ ആസിഫ് അലി വ്യക്തമാക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :