ഒടിടി റിലീസിന് മോഹൻലാലിന്‍റെ പിന്തുണയുമുണ്ട് എന്നത് ഖേദകരം: മരക്കാര്‍ വിഷയത്തില്‍ നിലപാട് കടുപ്പിച്ച് സിനിമ പ്രേക്ഷക കൂട്ടായ്‌മ

ജോര്‍ജി സാം| Last Updated: ഞായര്‍, 7 നവം‌ബര്‍ 2021 (19:37 IST)
‘മരക്കാര്‍‍: അറബിക്കടലിന്‍റെ സിംഹം’ എന്ന സിനിമ ഒടി ടി റിലീസിന് നല്‍കിയ വിഷയത്തില്‍ നിലപാട് കടുപ്പിച്ച് സിനിമ പ്രേക്ഷക കൂട്ടായ്‌മ. കോടികൾ മുടക്കി ആധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള തിയേറ്റർ ഉടമകളുടെ അവസ്ഥയും മനസിലാക്കണമെന്നും സിനിമ ഒ ടി ടി റിലീസിന് നല്‍കിയതില്‍ മോഹൻലാലിന്‍റെ പിന്തുണയുമുണ്ട് എന്നത് ഖേദകരമാണെന്ന് സിനിമ പ്രേക്ഷക കൂട്ടായ്‌മ സംസ്ഥാന കൺവീനർ സലിം പി ചാക്കോ പറഞ്ഞു.

കേരളത്തിലെ 250ൽപരം തീയേറ്ററുകൾ കോടികൾ മുടക്കി മോടിപിടിപ്പിച്ചിട്ട് രണ്ട് വർഷമേ ആയിട്ടുള്ളു എന്നത് മറക്കാൻ പാടില്ല. പലിശയ്‌ക്ക് പൈസ കടം വാങ്ങി തീയേറ്ററുകൾ നിർമ്മിച്ചിട്ട് പൂട്ടേണ്ട അവസ്ഥയാണ് നിലവിൽ ഉള്ളത്. ഇതും ബന്ധപ്പെട്ടവർ മനസിലാക്കണം. പ്രമുഖ നടൻമാർ ഈക്കാര്യത്തിൽ കുറച്ചുകൂടി മാന്യത പാലിക്കണം. നിങ്ങളെ നിങ്ങളാക്കിയതിന് പിന്നിൽ
പ്രേക്ഷകരും തീയേറ്റർ ഉടമകളും ആണ് എന്നത് മറക്കാൻ പാടില്ല. സിനിമകളുടെ ശക്തി പ്രേക്ഷകരാണ്. ആ പ്രേക്ഷകരെ അവഹേളിക്കുന്ന രീതിയില്‍ മുന്നോട്ടുപോയാല്‍ അതിന് കാലം മറുപടി നൽകും. നിങ്ങൾ അല്ല, പ്രേക്ഷകരാണ് അവസാന വാക്ക് - സലിം പി ചാക്കോ വ്യക്‍തമാക്കി.

മോഹൻലാൽ സിനിമകൾ 1986 - 1996 കാലയളവിൽ വൻ വിജയമാക്കിയതിന് പിന്നിൽ പ്രേക്ഷകരും തിയേറ്റർ ഉടമകളുമാണ്. അത് മറന്നുപോകുന്നതിന്‍റെ തെളിവാണ് മരക്കാറിന്‍റെ ഒടിടി റിലീസ്. ഈ സിനിമ മാത്രമല്ല, ഷൂട്ടിംഗ് നടക്കാനിരിക്കുന്ന സിനിമകൾ ഉൾപ്പെടെയാണ് ആന്‍റണി പെരുമ്പാവൂർ ഒടിടി റിലീസിന് നല്‍കിയിരിക്കുന്നത്. തിയേറ്ററിൽ തന്നെ സിനിമ കാണണമെന്നാണ് 90 ശതമാനം പ്രേക്ഷകരുടെയും ആഗ്രഹം. സിനിമ ഒരു വ്യവസായമാണ്. ഒരു സിനിമയുടെ പുറകിൽ മൂന്നൂറിൽപരം ആളുകളുടെ ജോലി പ്രത്യക്ഷത്തിൽ ഉണ്ട്. അതല്ലാതെ പിന്നെയും എത്രയോ പേര്‍. പോസ്റ്റർ ഒട്ടിക്കുന്നവര്‍ മുതൽ തിയേറ്റർ മാനേജര്‍മാർ വരെ. സിനിമാമന്ത്രി പറയുന്നത് സിനിമ മേഖലയിൽ ഉള്ളവരെ എല്ലാവരെയും ഒന്നിച്ചുനിര്‍ത്തുമെന്നാണ്. ആ പറഞ്ഞതിന്‍റെ പിറ്റേ ദിവസമാണ് മരക്കാര്‍ ഒടിടി റിലീസിന് നിശ്ചയിച്ചത്. താങ്കൾ അല്ല, ആരു വിചാരിച്ചാലും സിനിമക്കാരെ ഒന്നായി കൊണ്ടുപോകാൻ കഴിയില്ല. കാരണം അവർ സ്വാർത്ഥരാണ്.

150ൽ പരം ചെറുതും വലുതുമായ സിനിമകളാണ് ഷൂട്ടിംഗ് പൂർത്തിയായി റിലീസിനായി കാത്തിരിക്കുന്നത്. തീയേറ്റർ ഉടമകൾ ഈ സിനിമകൾക്ക് വേണ്ട പരിഗണന നൽകണം. ചെറിയ സിനിമകളും പ്രദർശിപ്പിക്കാൻ തയ്യാറാകണം. സ്റ്റാർ വാല്യൂ നോക്കുന്നതിന്‍റെ അനുഭവം നിങ്ങൾക്ക് ഇപ്പോള്‍ കിട്ടിക്കാണുമെന്ന് കരുതുന്നു - സലിം പി ചാക്കോ പറഞ്ഞുനിര്‍ത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :