കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 18 ജൂണ്‍ 2020 (19:34 IST)
മലയാളികളുടെ പ്രിയതാരം മേഘ്‌ന രാജിൻറെ ഭർത്താവ് ചിരഞ്ജീവി സർജയുടെ മരണത്തിൻറെ സങ്കടക്കടലിൽ നിന്നും കുടുംബം ഇനിയും കരകയറിയിട്ടില്ല. മേഘ്‌ന രാജ് ഗർഭിണിയാണെന്നും കുഞ്ഞിനെ കാണാനാവാതെയുളള ചിരഞ്ജീവിയുടെ മടക്കവും ആരെയും വേദനിപ്പിക്കുന്നതായിരുന്നു. ചിരഞ്ജീവി അച്ഛനാകാൻ പോകുന്നതിലുള്ള വലിയ സന്തോഷത്തിലായിരുന്നു എന്ന് അടുത്ത സുഹൃത്ത് കൂടിയായ യോഗിഷ് ദ്വാരകിഷ്
മുമ്പ് പറഞ്ഞിരുന്നു. ഇപ്പോഴിതാ
ചിരഞ്ജീവി സർജ തനിക്ക് എത്ര പ്രിയപ്പെട്ടതായിരുന്നു എന്ന് മേഘ്നരാജ് സോഷ്യൽ മീഡിയയിലൂടെ എഴുതിയിരിക്കുകയാണ്.
ചീരു, ഞാൻ ഒരുപാട്, ഒരുപാട് ശ്രമിച്ചു. നിന്നോട് പറയാനുള്ളതെല്ലാം എഴുതാൻ എനിക്ക് പറ്റുന്നില്ല. ഈ ഭൂമിയിലെ ഒരു വാക്കിനും നീ എനിക്ക് ആരായിരുന്നു എന്ന് പറഞ്ഞു തരാൻ കഴിയില്ല. എൻറെ സുഹൃത്ത്, എന്നെ കാമുകൻ, എൻറെ പങ്കാളി, എൻറെ കുഞ്ഞ്, എൻറെ ആത്മവിശ്വാസം, എൻറെ ഭർത്താവ്. നീ ഇതിനൊക്കെ മുകളിലാണ്. ഓരോ തവണ വാതിലിലൂടെ പുറത്തേക്ക് നോക്കുമ്പോഴും നീ അവിടെ ഇല്ല. വീടെത്തി എന്ന് നീ പറയുന്നില്ല. അത് ആലോചിക്കുമ്പോൾ എൻറെ ഹൃദയം പിടയുന്നു.
ഓരോ ദിവസവും നിന്നെ തൊടാൻ ആകില്ലെന്ന് അറിയുമ്പോൾ, ആയിരം മരണത്തേക്കാൾ വേദനാജനകമാണ് എൻറെ അവസ്ഥ. ഒരു മാന്ത്രികനെ പോലെ എനിക്ക് ചുറ്റിലും നീ ഉണ്ടെന്ന് ചിലപ്പോൾ തോന്നും. നീ എന്നെ വല്ലാതെ സ്നേഹിച്ചിരുന്നു. നിനക്ക് എന്നെ ഒറ്റയ്ക്കാക്കി പോകാനാകില്ല, പോകാനാകുമോ? നമ്മുടെ കുഞ്ഞ്, നീ എനിക്ക് തന്ന വലിയ സമ്മാനം. നമ്മുടെ സ്നേഹത്തിൻറെ അടയാളമാണ്. നമ്മുടെ കുഞ്ഞായി വീണ്ടും നീ ഭൂമിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനായി എനിക്ക് ഇത്രയും കാത്തിരിക്കാനാവുന്നില്ല.
നിൻറെ പുഞ്ചിരി വീണ്ടും കാണുവാനായി ഇത്രയും കാത്തിരിക്കാനാവില്ല. നീ എന്നെയും ഞാൻ നിന്നെയും കാത്തിരിക്കുന്നു. എനിക്ക് ശ്വാസമുള്ളിടത്തോളം കാലം നീ എന്നിൽ ജീവിക്കും. നീ എന്നിലുണ്ട്, ഞാൻ നിന്നെ സ്നേഹിക്കുന്നു - മേഘ്‌ന രാജ് ഇൻസ്റ്റഗ്രാമിൽ എഴുതി.