Last Modified ബുധന്‍, 12 ജൂണ്‍ 2019 (16:27 IST)
ഇന്ത്യൻ
സിനിമ കണ്ട ഏറ്റവും വലിയ മൂവ്മെന്റ് ആയിരുന്നു മീ ടൂ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി നിരവധി ഇൻഡസ്ട്രികളിലുള്ള നിരവധിയാളുകൾ മീ ടൂ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ‘നല്ല പിള്ള‘ ചമഞ്ഞിരുന്ന പലയാളുകളുടെയും മുഖം മൂടി അഴിഞ്ഞ് വീഴുകയായിരുന്നു. മലയാളത്തിൽ സിദ്ദിഖ്, മുകേഷ്, അലൻസിയർ എന്നിവർക്കെതിരെയായിരുന്നു ആരോപണം ഉയർന്നത്.
ഇപ്പോഴിതാ, മീ ടൂവിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ മമ്മൂട്ടി. മാമാങ്കം സിനിമയുമായി ബന്ധപ്പെട്ട് സൂം ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ‘മീ ടൂ’വിന് പിന്തുണയുമായി മമ്മൂട്ടി രംഗത്തു വന്നത്. മീ ടൂ അടക്കമുള്ള കാര്യങ്ങള്‍ സിനിമയില്‍ മാറ്റം കൊണ്ടുവരികയാണെന്നായിരുന്നു മമ്മൂട്ടിയുടെ അഭിപ്രായം.
ഇത്തരം കാര്യങ്ങള്‍ സംഭവിച്ചിരുന്നുവെന്ന് അറിയുന്നത് വളരെ വൈകിയാണ്. വൈകിയാണെങ്കിലും ഇത്തരം മുന്നേറ്റങ്ങൾ നല്ല കാര്യമാണ് ചെയ്യുന്നതെന്നും മമ്മൂട്ടി പറഞ്ഞു. അതേസമയം, മീ ടൂവിനെ കുറിച്ച് ചോദിച്ചപ്പോൾ മോഹൻലാൽ നടത്തിയ പരാമർശവും ചിലർ താരതമ്യം ചെയ്യുന്നുണ്ട് ഇപ്പോൾ.
മീ ടു ക്യാംപെയിൻ ഒരു പ്രസ്ഥാനമല്ലെന്നായിരുന്നു മോഹൻലാൽ പ്രതികരിച്ചത്. ചിലർ അത് ഫാഷനായി കാണുകയാണെന്നും മലയാള സിനിമയ്ക്ക് മീ ടു കൊണ്ടു യാതൊരു കുഴപ്പവുമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.