നരസിംഹത്തില്‍ താന്‍ എത്തിയാല്‍ ഏല്‍ക്കുമോയെന്ന് മമ്മൂട്ടിക്ക് ഭയമുണ്ടായിരുന്നു, ഷാജി പറഞ്ഞു - അതെനിക്ക് വിട്ടേക്കൂ, ഞാന്‍ ഏറ്റു!

മമ്മൂട്ടി, ഷാജി കൈലാസ്, രഞ്ജിത്, നരസിംഹം, മോഹന്‍ലാല്‍, Mammootty, Mohanlal, Narasimham, Shaji Kailas, Renjith
BIJU| Last Modified വ്യാഴം, 29 നവം‌ബര്‍ 2018 (14:50 IST)
മോഹന്‍ലാലിനെ നായകനാക്കി ‘പടയപ്പ’ പോലെ ഒരു അതിമാനുഷ പടം ചെയ്യണമെന്ന് ഷാജി കൈലാസിന് മോഹം തോന്നി. തിരക്കഥാകൃത്ത് രഞ്ജിത്തിനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അതിന് പറ്റിയൊരു കഥയുണ്ടാക്കാമെന്ന് രഞ്ജിത്തും പറഞ്ഞു. അങ്ങനെയാണ് കള്ളക്കേസില്‍ ജയിലില്‍ അകപ്പെട്ട് ആറുവര്‍ഷത്തിന് ശേഷം പുറത്തിറങ്ങുന്ന പൂവള്ളി ഇന്ദുചൂഢന്‍റെ കഥ ഷാജിയോട് രഞ്ജിത് പറയുന്നത്. കഥ കേട്ട് ഇഷ്ടമായ ഷാജിക്ക് ഒരാഗ്രഹം കൂടിയുണ്ടായിരുന്നു. ചിത്രത്തില്‍ സാക്ഷാല്‍ മമ്മൂട്ടി അതിഥിയായി എത്തണം!

ദി കിംഗില്‍ സുരേഷ്ഗോപിയെ അതിഥിയായി അവതരിപ്പിച്ച് വലിയ ഇം‌പാക്‍ട് ഉണ്ടാക്കാന്‍ ഷാജി കൈലാസിന് കഴിഞ്ഞിരുന്നു. നരസിംഹത്തില്‍ മമ്മൂട്ടി അതിഥിയായാല്‍ അതിനേക്കാളൊക്കെ മേലെയായിരിക്കും ഇം‌പാക്ട് എന്ന് ഷാജിക്ക് ഉറപ്പുണ്ടായിരുന്നു. മമ്മൂട്ടിക്ക് തകര്‍ത്തുവാരാന്‍ പറ്റിയ ഒരു കഥാപാത്രത്തെ കഥയില്‍ രഞ്ജിത് സൃഷ്ടിച്ചു. സുപ്രീം കോര്‍ട്ട് അഡ്വക്കേറ്റ് നന്ദഗോപാല്‍ മാരാര്‍. ഒരു സിറ്റിംഗിന് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന ക്രിമിനല്‍ അഭിഭാഷകന്‍!

മമ്മൂട്ടിക്ക് പക്ഷേ ആശങ്കയുണ്ടായിരുന്നു. മോഹന്‍ലാല്‍ ഹീറോയിസത്തിന്‍റെ പരകോടി കാഴ്ചവയ്ക്കുന്ന ഒരു സിനിമയുടെ ഇടയ്ക്ക് താന്‍ രംഗപ്രവേശം ചെയ്താല്‍ ഏല്‍ക്കുമോയെന്നായിരുന്നു മമ്മൂട്ടിയുടെ ഭയം. എന്നാല്‍ അതെല്ലാം തനിക്ക് വിട്ടേക്കാന്‍ ഷാജി കൈലാസ് പറഞ്ഞു. പെട്ടെന്ന് മമ്മൂട്ടിയെ അവതരിപ്പിച്ചാല്‍ ആളുകളില്‍ ഉണ്ടാകുന്ന സമ്മിശ്രവികാരത്തെ മറികടക്കാന്‍ ഒരു ഷോക്ക് കൊടുക്കണമെന്ന് ഷാജിക്ക് അറിയാമായിരുന്നു. എതിരാളികളുടെ മുഖമടച്ച് ആട്ടുന്ന ഒരു രംഗത്തിലൂടെ മമ്മൂട്ടിയെ അവതരിപ്പിക്കാമെന്ന ഐഡിയ കൊടുത്തത് രഞ്ജിത്താണ്. ‘പ്ഫ’ എന്ന ആട്ട് കേട്ട് ഞെട്ടിയിരിക്കുന്ന പ്രേക്ഷകന് മേലേക്ക് നന്ദഗോപാല്‍ മാരാരുടെ തകര്‍പ്പന്‍ ഡയലോഗ്!

“പ്ഭ! നിർത്തെടാ, എരപ്പാളികളേ! നിന്റെയൊക്കെ ശബ്ദം പൊങ്ങിയാൽ രോമം... രോമത്തിനു കൊള്ളുകേല എന്റെ. നന്ദഗോപാൽ മാരാർക്ക് വിലയിടാൻ അങ്ങു തലസ്ഥാനത്ത്, ദില്ലിയിലും ഒരുപാടു ക്ണാപ്പൻമാർ ശ്രമിച്ചുനോക്കിയതാ. നാസിക്കിലെ റിസർവ് ബാങ്കിന്റെ നോട്ടടിക്കുന്ന പ്രസ്സുണ്ടല്ലോ, കമ്മട്ടം. അതെടുത്തോണ്ടു വന്ന് തുലാഭാരം തൂക്കിയാലും മാരാര് ഇരിക്കുന്ന തട്ട് താണു തന്നെ ഇരിക്കും. മക്കളേ, രാജസ്ഥാൻ മരുഭൂമിയിലേക്കു മണല് കേറ്റി വിടല്ലേ” - ഡയലോഗ് പൊരിച്ചു. ആ സീന് ശേഷമുള്ള കോടതി സീനിലും നന്ദഗോപാല്‍ മാരാരായി മമ്മൂട്ടി തകര്‍ത്തുവാരി.

നരസിംഹം 2000 ജനുവരി 26നാണ് റിലീസ് ചെയ്തത്. മോഹന്‍ലാലിന്റെ ഇന്ദുചൂഡന്‍ കഥാപാത്രത്തിന്റെ ആക്ഷനും ഡയലോഗും സിനിമയുടെ പഞ്ച് ആയപ്പോള്‍ അനശ്വര നടന്‍ തിലകന്‍ അവതരിപ്പിച്ച മാറാഞ്ചേരി കരുണാകര മേനോന്‍ എന്ന വേഷം തിലകനും മോഹന്‍ലാലും തമ്മിലുള്ള കെമിസ്ട്രിയുടെ തനിയാവര്‍ത്തനവുമായിരുന്നു. മോഹന്‍ലാലിന്റെയും കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ഡയലോഗായ 'നീ പോമോനേ ദിനേശാ...എന്ന പ്രയോഗം ഇപ്പോഴും ഹിറ്റായി നില്‍ക്കുമ്പോള്‍ നന്ദഗോപാല്‍ മാരാര്‍ എന്ന മമ്മൂട്ടിയുടെ സുപ്രീംകോടതി അഭിഭാഷകനായുള്ള പകര്‍ന്നാട്ടം വന്‍ വിജയമായി.

അന്ന് 32 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത നരസിംഹം പ്രദര്‍ശനം തുടങ്ങി 35 ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ 2 കോടി ഷെയര്‍ നേടിയെടുത്തു. പിന്നീട് 200 ദിവസം നിറഞ്ഞോടിയ നരസിംഹം ഇരുപത് കോടിയോളം രൂപയാണ് നിര്‍മ്മാതാവിന് നേടിക്കൊടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :