BIJU|
Last Modified തിങ്കള്‍, 25 ജൂണ്‍ 2018 (17:20 IST)
മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത് ഒരുക്കിയിട്ടുള്ള സിനിമകളൊക്കെ പ്രേക്ഷകരെ ആവേശം കൊള്ളിച്ചവയാണ്. ആറാം തമ്പുരാനും നരസിംഹവും ദേവാസുരവും രാവണപ്രഭുവുമൊക്കെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവില്ല. എന്നാല്‍ അത്തരം മാസ് സിനിമകളില്‍ നിന്ന് രഞ്ജിത് മാറിനടന്നപ്പോള്‍ ഒരുപിടി നല്ല സിനിമകള്‍, മലയാളിത്തമുള്ള ചിത്രങ്ങള്‍ നമുക്ക് ലഭിക്കുകയും ചെയ്തു.
‘ഡ്രാമാ’ എന്ന ചിത്രവുമായാണ് രഞ്ജിത്തും മോഹന്‍ലാലും വീണ്ടും വരുന്നത്. ഇതും അമാനുഷിക കഥ പറയുന്ന ചിത്രമല്ല. ഒരു ഫീല്‍ഗുഡ് മൂവിയാണ്. നല്ല ഹ്യൂമറും സെന്‍റിമെന്‍റ്സും കുടുംബബന്ധങ്ങളുടെ ഇഴയടുപ്പവും ഈ സിനിമയില്‍ ഉണ്ടാവും.
മലയാളത്തില്‍ ഇതുവരെ പറഞ്ഞിട്ടില്ലാത്ത ഒരു വിഷയമാണ് ‘ഡ്രാമാ’ പറയുന്നതെന്ന് മോഹന്‍ലാല്‍ അറിയിച്ചിട്ടുണ്ട്. ഒരു യുണീക് സബ്‌ജക്ട് ഈ സിനിമയില്‍ ഉണ്ടെന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു.
യഥാര്‍ത്ഥത്തില്‍ ‘ബിലാത്തിക്കഥ’ എന്നൊരു പ്രണയചിത്രമാണ് രഞ്ജിത് ആദ്യം സംവിധാനം ചെയ്യാനിരുന്നത്. സേതുവിന്‍റെ തിരക്കഥയിലായിരുന്നു ആ ചിത്രം. എന്നാല്‍ ചില കാരണങ്ങളാല്‍ ആ സിനിമ ഉപേക്ഷിക്കപ്പെട്ടു. അതിന് ശേഷം രഞ്ജിത് പെട്ടെന്ന് തയ്യാറാക്കിയ തിരക്കഥയാണ് ‘ഡ്രാമാ’യുടേത്. പ്രാഞ്ചിയേട്ടന്‍ പോലെ മലയാളികള്‍ എന്നും സ്നേഹിക്കുന്ന ഒരു സിനിമയായിരിക്കും ഇതും.
ആശാ ശരത്, അരുന്ധതി നാഗ്, സിദ്ദിക്ക്, ശ്യാമപ്രസാദ്, മുരളിമേനോന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലുണ്ട്. അഴകപ്പനാണ് ക്യാമറ.