Last Updated:
ചൊവ്വ, 12 ഓഗസ്റ്റ് 2014 (16:53 IST)
മലയാള സിനിമയില്‍ ഒട്ടേറെ താരങ്ങളെ സംഭാവന ചെയ്യുകയും നിരവധി ഹിറ്റുകള്‍ സമ്മാനിക്കുകയും ചെയ്ത സംവിധായകനാണ് വിനയന്. എന്നാല്‍ ഇപ്പോള്‍ വിനയന് ഒറ്റപ്പെട്ട് നില്ക്കുന്ന സമയമാണ്. മുഖ്യധാരയിലെ പ്രമുഖരെല്ലാം ശത്രുപക്ഷത്താണ്. എന്നാല്‍ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് വിനയന് വീണ്ടും പുതിയ ചിത്രവുമായി വരികയാണ്. ലിറ്റില്‍ സൂപ്പര്മാന് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഈ 3D ചിത്രത്തില്‍ കൂടുതലും പുതുമുഖങ്ങളാണ്. 12കാരനായ ഒരു കുട്ടിയാണ് ചിത്രത്തിലെ നായകന്.
ലിറ്റില്‍ സൂപ്പര്‍മാന്റെ ചിത്രീകരണ വേളയില്‍ തനിക്ക് ഒട്ടേറെ പ്രതിബന്ധങ്ങളെയാണ് മറികടക്കേണ്ടിവന്നതെന്ന് വിനയന് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ബി ഉണ്ണികൃഷ്ണനും ഇന്നസെന്റും ഉള്‍പ്പടെയുള്ള പ്രമുഖര്‍ തന്റെ സിനിമയ്ക്കെതിരെ പ്രവര്‍ത്തിച്ചു എന്നും വിനയന് പറയുന്നു.
വിനയന്റെ ഫേസ്ബുക്ക് നോട്ട് ഇങ്ങനെയാണ്:
Dear Friends
എന്റെ പുതിയ ചിത്രമായ Little Superman പ്രദര്‍ശനത്തിനു തയ്യാറായിക്കഴിഞ്ഞു എന്ന സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കാന്‍ ഈ അവസരം ഉപയോഗിക്കട്ടെ. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച വില്ലി വില്‍സണ്‍ എന്ന 12 വയസ്സുകാരന്റെ കഥയാണ് ഈ 3D ചിത്രം പറയുന്നത്. ആഹ്ലാദത്തിന്റെ നിറദീപങ്ങള്‍ ജ്വലിച്ചു നിന്ന അവന്റെ ജീവിതത്തെ തല്ലിക്കെടുത്തിയ വിധിക്കെതിരെ ഒറ്റക്കുനിന്നു പോരാടുന്ന വില്ലിയെ സഹായിക്കാനായി അവന്റെ നിഴലും അവന് കാണുന്ന നിറമാര്‍ന്ന സ്വപ്നങ്ങളും മാത്രമെ ഉണ്ടായിരുന്നുള്ളു. വില്ലി കണ്ട സ്വപ്നങ്ങള്‍ ആ കുഞ്ഞുമനസ്സിന്റെ ശക്തിയായി മാറുന്നു. റിയാലിറ്റിയും ഫാന്റസിയും ഇടകലര്‍ന്ന ഒരു ചിത്രമായിരിക്കും ലിറ്റില്‍ സൂപ്പര്മാന് - മറ്റവകാശവാദങ്ങളൊന്നുമില്ല - ഒന്നൊഴിച്ച് - അതെന്താണെന്ന് പറയാം. ഇത്തവണയും ഒറ്റപ്പെടുത്തലിന്റെയും, കൂട്ടം കൂടിയുള്ള ആക്രമണത്തിന്റെയും നടുവില്‍ നിന്നു തന്നെയാണ് ഈ ചിത്രവും പൂര്‍ത്തിയാക്കിയത്. അമ്മയുടെ പ്രസിഡന്റ് ശ്രീ ഇന്നസെന്റും ഫെഫ്കയുടെ നേതാവ് ബി ഉണ്ണികൃഷ്ണനും തങ്ങളാല്‍ കഴിവത് ഒരു പഴയ സുഹൃത്തായ എന്നെ സഹായിക്കാന്‍ ശ്രമിച്ചു. തിലകന് ചേട്ടനോടുള്ള സ്മരണ ഒന്നുകൊണ്ടു മാത്രം അദ്ദേഹത്തിന്റെ മകനായ ഷമ്മി തിലകനെ ഈ ചിത്രത്തില്‍ സഹകരിപ്പിക്കാന്‍ തീരുമാനിക്കുകയും അഡ്വാന്‍സ് കൊടുത്ത് ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ ചിത്രം തുടങ്ങുന്നതിന് ഒരാഴ്ച്ച മുന്‍പ് വിനയന്റെ ചിത്രത്തിനു വാങ്ങിയ അഡ്വാന്‍സ് തിരിച്ചുകൊടുക്കാന്‍ ശ്രീ ഇന്നസെന്റ് നേരിട്ടു വിളിച്ചു പറഞ്ഞു എന്ന് ഷമ്മി എന്നോട് പറയുന്നു. എന്നെക്കൊണ്ട് സിനിമ ചെയ്യിക്കില്ല എന്നു വാശി പിടിച്ച അമ്മയുടെ നേതാവ് ഭീഷണി സ്വരത്തില്‍ ഷമ്മിയോട് സംസാരിച്ചപ്പോള്‍ ശക്തനായ അനശ്വരനടന്‍ ശ്രീ തിലകന്റെ മകന് ഒന്നു വിറച്ചെന്നു തോന്നുന്നു. അദ്ദേഹം വാങ്ങിയ അഡ്വാന്‍സ് അമ്പതിനായിരം രൂപ തിരിച്ചുതന്ന് പിന്തിരിയുന്നു.
അതുപോലെ എന്റെ വീട്ടില്‍ വന്ന് സംസാരിച്ച് സംഗീത സംവിധാനത്തിന്റെ ചുമതല ഏറ്റെടുക്കുകയും വീണ്ടും താങ്കളുടെ ചിത്രം ചെയ്യുന്നതില്‍ അഭിമാനമുണ്ടെന്ന് പറഞ്ഞ് പിരിയുകയും ചെയ്ത പ്രശസ്തനായ ശ്രീ എം. ജയചന്ദ്രന് ബി ഉണ്ണികൃഷ്ണന്റെ ഭീഷണിയും മാനസിക പീഡനവും മൂലം ഉറങ്ങാന്‍ കഴിയുന്നില്ല എന്നെന്നോട് പറഞ്ഞു. വിനയന്റെ ചിത്രം ചെയ്താല്‍ പിന്നെ ഇന്‍ഡസ്ട്രിയില്‍ വച്ചേക്കില്ല എന്നു ബി ഉണ്ണികൃഷ്ണന് പറഞ്ഞത്രെ! തികച്ചും ഒരു കലാകാരന്റെ ഹൃദയമുള്ള ശ്രീ ജയചന്ദ്രന്റെ നിറകണ്ണുകളോടെയുള്ള വാക്കുകള്‍ കേട്ടപ്പോള്‍ ഞാന്‍ തന്നെയാണ് പറഞ്ഞത് ജയന് - ഇത്രയും വല്യ മാനസികസംഘര്‍ഷമൊന്നും എടുക്കണ്ട ഞാന്‍ മോഹന്‍ സിതാരയെക്കൊണ്ട് സംഗീതം ചെയ്യിച്ചോളാമെന്ന്. ഇവര്‍ രണ്ടുപേരും എന്റെ ധാരാളം ചിത്രങ്ങല്‍ക്ക് സംഗീതം ചെയ്തിട്ടുള്ളവരാണ്.
ഞാനിതാരെയും കുറ്റപ്പെടുത്താനോ മോശക്കാരനാക്കാനോ വേണ്ടി എഴുതുന്നതല്ല. എന്റെ ഫേസ്ബുക് പേജില്‍ എല്ലാ ഉത്തരവാദിത്തത്തോടും കൂടി കുറിക്കുന്ന ഈ കാര്യങ്ങള്‍ സുഹൃത്തുക്കള്‍ വിലയിരുത്തണം.
ഞാന്‍ മലയാള സിനിമയ്ക്കു പരിചയപ്പെടുത്തിയ അഞ്ചൊ ആറൊ ചെറുപ്പക്കാരായ നടന്മാര് ഇന്ന് പ്രമുഖരായിട്ടുണ്ട്. അവരെ പോലും ഭീഷണിപ്പെടുത്തി എന്നോട് സഹകരിപ്പിക്കാതിരിക്കാന്‍ ഈ മാന്യന്മാര്ക്ക് കഴിഞ്ഞേക്കാം. പക്ഷെ ഈ വിലക്കിനെയെല്ലാം അവഗണിച്ച് വിനയന് സിനിമകള്‍ ചെയ്യുകയും പ്രശസ്ത താരങ്ങള്‍ ഒന്നുമില്ലെങ്കില്‍ പോലും ആ സിനിമകള്‍ അത്യാവശ്യം പ്രേക്ഷകര്‍ കാണുകയും ചെയ്യുന്നു എന്നതാണ് അമ്മയുടെയും ഫെഫ്കയുടെയും ഇന്നത്തെ ദുഖമെന്നു തോന്നുന്നു. അതുകൊണ്ടായിരിക്കും അവരുടെ സ്വാധീനവും ഗ്ളാമറും ഉപയോഗിച്ച് എല്ലാ മാധ്യമ രംഗത്തും ഓണ്‍ലൈന്‍ രംഗത്തും എന്ന തമസ്കരിക്കാനും എന്റെ സിനിമയെ അനൗണ്‍സ്മെന്റ് സ്റ്റേജില്‍ തന്നെ പരാജയപ്പെടുത്താനും അവര്‍ കൂട്ടായി ശ്രമിക്കുന്നത്.
ഈ കള്ളനാണയങ്ങള്‍ക്കു മുന്നില്‍ കൈ നീട്ടിയിട്ട് ഒരു സിനിമ ചെയ്യുന്നതിലും ഭേദം ആത്മഹത്യയാണെന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍. ഇവരുടെ ഒന്നും മുന്നില്‍ തലകുനിക്കാതെ സിനിമ ചെയ്യുന്ന ധാരാളം ചെറുപ്പക്കാര്‍ ഇന്ന് കടന്നുവരുന്നുണ്ട്. ആ പുതിയ തലമുറ കാര്യസാദ്ധ്യത്തിനായി ആരുടെയും കാലുപിടിക്കില്ല എന്നു നമുക്കു പ്രതീക്ഷിക്കാം.
അമ്മയും ഫെഫ്കയും മാഫിയ സംഘടനെയെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ഉറക്കെ പറഞ്ഞതിന്റെ പേരില്‍ മാത്രമാണ് തിലകന് എന്ന മഹാനടനെ ഊരുവിലക്കാനും പീഡിപ്പിക്കാനും അവര്‍ തയ്യാറായത് എന്ന കാര്യം ഒരു മലയാളിയും വിസ്മരിച്ചു കാണില്ല.
അത് ഫാസിസമാണ് എന്ന് പറഞ്ഞ് തിലകന് ചേട്ടനെയും എന്നെയും സപ്പോര്‍ട്ട് ചെയ്യാന്‍ അന്ന് ഒരു സുകുമാര്‍ അഴീക്കോട് മാഷ് മാത്രമാണുണ്ടായിരുന്നത്. അഴീക്കോട് മാഷും തിലകന് ചേട്ടനും ഇന്നില്ല. എങ്കിലും ഞാന്‍ എന്റെ പോരാട്ടവുമായി മുന്നോട്ടു പോകുന്നു.
അമ്മയുടെയും ഫെഫ്കയുടെയും നിലപാടുകളെ നിരാകരിച്ച് എന്നോടൊപ്പം നിന്ന സീനിയര്‍ നടന് മധുസാറുള്പ്പടെ ഒരുപാടുപേരുണ്ട്. അവരോടെല്ലാം ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. "ലിറ്റില്‍ സൂപ്പര്മാന്" തീര്‍ച്ചയായും ഒരു നല്ല ദൃശ്യാനുഭവമായിരിക്കും എന്നു ഞാന്‍ ഉറപ്പു തരുന്നു - മനസ്സില്‍ തട്ടുന്ന ഒരു കുടുംബ കഥ ഇതിലുണ്ട്. 12 വയസ്സുകാരനെ നായകനാക്കിയ ഒരു ബിഗ് ബഡ്ജറ്റ് ചിത്രം എന്നു ഇതിനെ വിശേഷിപ്പിക്കാം. നിങ്ങളുടെ സ്നേഹവും സഹകരണവും ഉണ്ടാകണം.