Last Modified തിങ്കള്‍, 15 ഫെബ്രുവരി 2016 (14:51 IST)
മലയാളത്തിന്‍റെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളിലൊന്നായിരുന്നു മോഹന്‍ലാല്‍ - പത്മരാജന്‍ ടീം. അത് സാമ്പത്തികമായി വിജയിച്ച സിനിമകളുടെ എണ്ണമെടുത്തുള്ള ഒരു പ്രഖ്യാപനമല്ല. മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന കാല്‍പ്പനികമായ ചേര്‍ച്ചയായിരുന്നു അത്.
നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, കരിയിലക്കാറ്റുപോലെ, ദേശാടനക്കിളി കരയാറില്ല, തൂവാനത്തുമ്പികള്‍, സീസണ്‍ എന്നിങ്ങനെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത സിനിമകള്‍. എല്ലാ ചിത്രങ്ങളും ഇപ്പോഴും ടിവിയില്‍ വന്നാല്‍ അത് പൂര്‍ണമായും കണ്ടിരിക്കുന്നവരാണ് മലയാളികള്‍. പത്മരാജനും മോഹന്‍ലാലുമായി ബന്ധപ്പെട്ട എന്തും കേരളം ആര്‍ത്തിയോടെ വായിക്കുകയും ചെയ്യുന്നു.
നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളുടെ ലൊക്കേഷനില്‍ സംഭവിച്ച ഒരുകാര്യം അനൂപ് മേനോന്‍ വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വെളിപ്പെടുത്തി. അനൂപിനോട് ‘പാവാട’യുടെ സെറ്റില്‍ വച്ച് നെടുമുടി വേണു പറഞ്ഞ കഥയാണ്.
“പാവാടയുടെ സെറ്റില്‍ ഞാന്‍ ഏറ്റവും ആസ്വദിച്ചത് വേണുച്ചേട്ടനുമായുള്ള സംഭാഷണങ്ങളായിരുന്നു. ആരവം മുതല്‍ ഇങ്ങോട്ടുള്ള സിനിമകളുടെ കാലത്തെ കഥകള്‍ പറയും വേണുച്ചേട്ടന്‍. 35 വര്‍ഷത്തെ സിനിമാചരിത്രം ഏകദേശം മുഴുവനായിത്തന്നെ ഞങ്ങളുടെ കാതുകളിലെത്തി. ആ കഥകള്‍ കേട്ടപ്പോള്‍ എനിക്കുതോന്നിയത്, ആ കാലത്തുണ്ടായിരുന്ന ഒരു സാഹസികത ഞങ്ങളുടെ തലമുറയ്ക്ക് ഇപ്പോള്‍ ഇല്ലെന്നാണ്. ചില കഥകള്‍ ഒരുപാട് അതിശയപ്പെടുത്തി. ‘നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍’ ഷൂട്ട് ചെയ്ത സമയത്ത് ലാലേട്ടനും പത്മരാജന്‍ സാറും കൂടി രാത്രി മതില്‍ ചാടി മൈസൂര്‍ കൊട്ടാരത്തിനകത്ത് കടന്നതും കൊട്ടാരത്തിലെ സിംഹാസനങ്ങളില്‍ ഇരുന്നതുമൊക്കെ... വേണുച്ചേട്ടനോട് ഞാന്‍ ചോദിച്ചു, എന്താണ് ആത്മകഥ എഴുതാത്തതെന്ന്. വേണുച്ചേട്ടന്‍ പറഞ്ഞു - എല്ലാം തുറന്നെഴുതാന്‍ പറ്റില്ല. എല്ലാം തുറന്നെഴുതിയില്ലെങ്കില്‍ അത് ആത്മകഥയുമല്ല എന്ന്” - അനൂപ് മേനോന്‍ പറയുന്നു.