Last Modified തിങ്കള്‍, 6 ജൂലൈ 2015 (16:54 IST)
‘പ്രേമം’ സിനിമയുടെ വ്യാജ പതിപ്പുകള്‍ പുറത്തുവന്നതുമായി ബന്ധപ്പെട്ട് മലയാള സിനിമയിലെ പ്രമുഖരായ മോഹന്‍ലാലിന്റെയും പ്രിയദര്ശന്റെയുമൊന്നും പേരുകള്‍ താനോ ‘പ്രേമ’വുമായി ബന്ധപ്പെട്ട മറ്റുള്ളവരോ ആരോടും പറഞ്ഞിട്ടില്ലെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് അന്‍വര്‍ റഷീദ്. പ്രേമത്തിന് വ്യാജ പതിപ്പുകള്‍ ഇറങ്ങിയതിന് പിന്നില്‍ സിനിമയ്ക്കുള്ളിലെ ആരെങ്കിലുമാണെന്ന് കരുതുന്നില്ലെന്നും അന്‍വര്‍ വ്യക്തമാക്കി.
ചാനലുകള്‍ക്ക് അനുവദിച്ച അഭിമുഖങ്ങളിലാണ് അന്‍വര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സിനിമയ്ക്കുള്ളില്‍ ഉള്ളവരുടെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോകളിലൂടെയും മറ്റും ഈ ചിത്രം കടന്നുപോയിട്ടുണ്ടാകും. ഒരു കേസ് നല്കുമ്പോള് ആ ചിത്രം ബന്ധപ്പെട്ടിട്ടുള്ള സ്റ്റുഡിയോകളുടെയുമൊക്കെ പേര് പരാമര്‍ശിക്കപ്പെടുന്നത് സ്വാഭാവികമാണ് - അന്‍വര്‍ റഷീദ് അറിയിച്ചു.
പ്രേമത്തിന്റെ വ്യാജപതിപ്പുമായി ബന്ധപ്പെട്ട് ഞാന്‍ പരാതി ഉയര്‍ത്തിയപ്പോള്‍ തന്നെ ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഇടപെട്ടിരുന്നു. അവരെല്ലാം ഇടപെട്ടെങ്കിലും അതിനുമേല്‍ അധികൃതര്‍ ഒരു നടപടിയെടുക്കാന്‍ വൈകി. പെട്ടെന്നുള്ള നടപടികള്‍ ഉണ്ടാകാന്‍ മാത്രം ഫലപ്രദമായി ഇടപെടാന്‍ സംഘടനകള്‍ക്ക് കഴിയണം. സംഘടനകളുടെ ഇടപെടല്‍രീതി മാറണം. അതിനുവേണ്ടിയാണ് സംഘടനകളില്‍ നിന്ന് രാജിവച്ചത് - അന്‍വര്‍ റഷീദ് പറഞ്ഞു.
പ്രേമത്തിന്റെ കേസുമായി ബന്ധപ്പെട്ട് പലവിധത്തിലുള്ള ഡിസ്കഷനുകള്‍ നടക്കുന്നുണ്ട്. ഈ കേസില്‍ ഒരാളുടെയും പേരെടുത്തുപറയാന്‍ കഴിയില്ല. തിരുവനന്തപുരം ലോബി - കൊച്ചി ലോബി എന്നും മുമ്പ് വന്നവരും പുതിയതായി വന്നവരും എന്നുമൊക്കെയുള്ള ഡിസ്കഷന് നടക്കുന്നുണ്ട്. എന്റെ സിനിമയ്ക്കെതിരെ ഒരു ലോബിയില്ല എന്ന് വിശ്വസിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത് - അന്‍വര്‍ പറയുന്നു.
ഒരു ബ്ലോഗിലാണ് പ്രേമത്തിന്റെ ആദ്യ വ്യാജ പതിപ്പെത്തിയത്. ഇത് അപ്ലോഡ് ചെയ്ത ആളുടെ വിവരങ്ങള്‍ പൂര്‍ണമായും ലഭ്യമായിട്ടുണ്ട്. ബാംഗ്ലൂരിലെ ഒരു സ്ട്രീറ്റില്‍ നിന്നാണ് എനിക്ക് പ്രേമത്തിന്റെ സി ഡി കിട്ടിയത്. ‘ബാംഗ്ലൂര്‍ ഡെയ്സ്’ വ്യാജപതിപ്പ് എനിക്കുകിട്ടിയതും ഇതേ സ്ട്രീറ്റില്‍ നിന്നായിരുന്നു. അന്നും ഞാന്‍ പരാതികൊടുത്തിരുന്നു. നടപടിയൊന്നുമുണ്ടായില്ല. ആ അവസ്ഥ വരരുതെന്നുള്ളതുകൊണ്ടാണ് ഇത്തവണ രംഗത്തിറങ്ങിയത് - അന്‍വര്‍ റഷീദ് വ്യക്തമാക്കി.
ചിത്രത്തിന് കടപ്പാട് - മീഡിയ വണ്‍ ടിവി