ഞാനും ഷാജി കൈലാസും രഞ്ജിത്തും ഒന്നിക്കും, ഒരു പക്കാ മാസ് സിനിമ: രണ്‍ജി പണിക്കര്‍

ഷാജി കൈലാസ്, രണ്‍ജി പണിക്കര്‍, രഞ്ജിത്ത്, മുന്നറിയിപ്പ്, മമ്മൂട്ടി
ബിജു ഗോപിനാഥന്‍| Last Updated: വ്യാഴം, 21 ഓഗസ്റ്റ് 2014 (16:18 IST)
താനും രഞ്ജിത്തും ചേര്‍ന്ന് തിരക്കഥയെഴുതുന്ന ഷാജി കൈലാസ് ചിത്രം അടുത്ത വര്‍ഷം ഉണ്ടാകുമെന്ന് സംവിധായകന്‍ രണ്‍ജി പണിക്കര്‍. അത് ഒരു പക്കാ മാസ് സിനിമയായിരിക്കുമെന്ന് രണ്‍ജി പണിക്കര്‍ മലയാളം വെബ്‌ദുനിയയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ അറിയിച്ചു.

"ഞാനും ഷാജിയും രഞ്ജിത്തും ആ പ്രൊജക്ടിനുവേണ്ടിയുള്ള ആദ്യ സിറ്റിംഗ് കഴിഞ്ഞു. വാര്‍ത്തകള്‍ പ്രചരിക്കുന്നതുപോലെ മമ്മൂട്ടിയും മോഹന്‍ലാലും അഭിനയിക്കുമോ എന്നുള്ള കാര്യമൊന്നും ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. ഒരുകാര്യം ഉറപ്പുപറയാം, അതൊരു പക്കാ മാസ് സിനിമയായിരിക്കും." - രണ്‍ജി പണിക്കര്‍ വ്യക്തമാക്കി.

രണ്‍ജി പണിക്കര്‍ അഭിനയിക്കുന്ന 'മുന്നറിയിപ്പ്' എന്ന സിനിമ വെള്ളിയാഴ്ച റിലീസാകുകയാണ്. വേണു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ വലിയ പ്രാധാന്യമില്ലെങ്കിലും മികച്ച വേഷമാണ് താന്‍ അവതരിപ്പിച്ചതെന്ന് രണ്‍ജി പറഞ്ഞു. മുന്നറിയിപ്പ് ഒരു കൊമേഴ്സ്യല്‍ സ്വഭാവമുള്ള സിനിമയാണെന്നും മികച്ച വിജയം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

സംവിധായകന്‍ രഞ്ജിത്താണ് 'മുന്നറിയിപ്പ്' നിര്‍മ്മിക്കുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'ഞാന്‍' എന്ന ചിത്രത്തില്‍ വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് രണ്‍ജി പണിക്കര്‍ അവതരിപ്പിക്കുന്നത്.

"ഒരേ കാലത്ത് സിനിമയില്‍ എത്തുകയും രണ്ടു ധ്രുവങ്ങളില്‍ സഞ്ചരിക്കുകയും ചെയ്തെങ്കിലും എന്നും ഞാനും രഞ്ജിത്തും തമ്മില്‍ വലിയ സൌഹൃദമുണ്ടായിരുന്നു. മുന്നറിയിപ്പിന്‍റെ ഇടവേളയില്‍ ഒരു ദിവസം ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിനിടയിലാണ് താന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നതിന് രഞ്ജിത്ത് എന്നെ ക്ഷണിക്കുന്നത്. 'ഞാന്‍' എന്ന സിനിമ ഒരു ചരിത്രം പറയുന്ന ചിത്രമാണ്. ആ ചിത്രത്തില്‍ എന്‍റെ വേറൊരു ഗെറ്റപ്പ് കാണാനാകും. താടിയില്ലാതെ, മുടി പറ്റെ വെട്ടിയ ഗെറ്റപ്പിലാണ് ഞാന്‍ അഭിനയിക്കുന്നത്. അഭിനയരംഗത്ത് ഒരു തുടക്കക്കാരനെന്ന നിലയില്‍ എനിക്ക് വെല്ലുവിളി ഉയര്‍ത്തിയ കഥാപാത്രമാണ് ഞാന്‍ എന്ന സിനിമയിലേത്" - രണ്‍ജി പണിക്കര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :