Last Updated:
തിങ്കള്‍, 14 ജൂലൈ 2014 (15:28 IST)
തുടര്‍ച്ചയായ പരാജയങ്ങള്‍. നല്ല സിനിമകളായിട്ടും പല മമ്മൂട്ടിച്ചിത്രങ്ങളും ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞു. അതിന്‍റെ ക്ഷീണത്തില്‍ നിന്ന് കരകയറാന്‍ മമ്മൂട്ടി ഊര്‍ജ്ജിത ശ്രമം തുടങ്ങി. മമ്മൂട്ടിയുടെ അടുത്ത റിലീസായി നേരത്തേ നിശ്ചയിച്ചിരുന്നത് വേണു സംവിധാനം ചെയ്ത 'മുന്നറിയിപ്പ്' ആണ്. ജൂണ്‍ 13ന് റിലീസാകേണ്ടിയിരുന്ന സിനിമയാണിത്. എന്നാല്‍ മുന്നറിയിപ്പിന് മുമ്പ് 'മംഗ്ലീഷ്' എന്ന അടിപൊളി സിനിമ തിയേറ്ററിലെത്തിക്കാനാണ് മമ്മൂട്ടി ഇപ്പോള്‍ ശ്രമിക്കുന്നത്.
സലാം ബാപ്പു സംവിധാനം ചെയ്ത മംഗ്ലീഷ് ജൂലൈ 28ന് റംസാന്‍ റിലീസായി പ്രദര്‍ശനത്തിനെത്തിക്കാനാണ് ശ്രമം. എല്ലാ മസാല ചേരുവകളും അടങ്ങിയ മംഗ്ലീഷ് ഷുവര്‍ ഹിറ്റാണെന്നാണ് അണിയറയിലെ സംസാരം. ആ സിനിമ ആദ്യം പ്രദര്‍ശനത്തിനെത്തിച്ച് തന്‍റെ പരാജയപാതയ്ക്ക് അന്ത്യം കുറിക്കാനാണ് മമ്മൂട്ടി ശ്രമിക്കുന്നത്. മംഗ്ലീഷ് വലിയ വിജയമായാല്‍ അത് മമ്മൂട്ടിക്ക് നല്‍കുന്ന ആശ്വാസം ചെറുതായിരിക്കില്ല.
പുതിയ വിവരം അനുസരിച്ച് ഓഗസ്റ്റ് 15ന് മുന്നറിയിപ്പ് പ്രദര്‍ശനത്തിനെത്തും. ദയ എന്ന സിനിമ കഴിഞ്ഞ് 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വേണു ഒരു സിനിമ സംവിധാനം ചെയ്യുന്നത്. എന്നാല്‍ മമ്മൂട്ടി നായകനായ ഒരു സാധാരണ കൊമേഴ്സ്യല്‍ ചിത്രത്തില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതൊന്നും മുന്നറിയിപ്പില്‍ ഉണ്ടാകില്ലെന്നാണ് സംവിധായകന്‍ നല്‍കുന്ന സൂചന. മുന്നറിയിപ്പില്‍ പാട്ടില്ല. ആക്ഷന്‍ രംഗങ്ങളില്ല. കരച്ചിലില്ല. അങ്ങനെയുള്ള കൊമേഴ്സ്യല്‍ ഘടകങ്ങള്‍ ഒന്നുമില്ലാതെ ഒരു കൊമേഴ്സ്യല്‍ ചിത്രമായിരിക്കും മുന്നറിയിപ്പ് എന്നാണ് വേണു പറയുന്നത്.
ഇതൊരു ഡയലോഗ് ഓറിയന്‍റഡ് ചിത്രമാണെന്നും സംവിധായകന്‍ അറിയിക്കുന്നു. അപര്‍ണ ഗോപിനാഥ്, രണ്‍ജി പണിക്കര്‍ എന്നിവരും ഈ സിനിമയിലെ പ്രധാന താരങ്ങളാണ്. ആര്‍ ഉണ്ണി തിരക്കഥയെഴുതിയ സിനിമ നിര്‍മ്മിച്ചത് രഞ്ജിത് ആണ്.